വീട് കുത്തിത്തുറന്ന് പതിനഞ്ചുപവന്‍ കവര്‍ന്നു
1599137
Sunday, October 12, 2025 6:39 AM IST
പേരൂര്‍ക്കട: മണ്ണന്തല സ്റ്റേഷന് പരിധിയില്‍ ഒരുവാതില്ക്കോണത്ത് വീട് കുത്തിത്തുറന്ന് 15 പവന് ആഭരണങ്ങള്‍ കവര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടടുത്തായിരുന്നു സംഭവം. ഒരുവാതില്ക്കോണം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം ശ്രീകുമാറിന്റെ വീട്ടിലായിരുന്നു മോഷണം. ഇരുനില വീടിന്റെ താഴത്തെ നില കുത്തിപ്പൊളിച്ചശേഷം ഇവിടെ വിവിധ സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാല, നെക്ലെസ്, വള, കമ്മല്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കമ്പിപ്പാര ഉപയോഗിച്ചാണു വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ചത്.
ഡല്‍ഹിയില്‍ ആര്‍ക്കിടെക്ടായ ശ്രീകുമാര്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഡല്‍ഹിക്ക് പോയത്. വീട്ടുജോലിക്കാരി മാത്രമാണ് പിന്നീട് ഇവിടെയുണ്ടായിരുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെ വരെയും ഇവര്‍ ഇവിടെ വന്നിരുന്നില്ല. അതിനിടെ ശ്രീകുമാറിന്റെ ഒരു ബന്ധു ശനിയാഴ്ച വീട്ടില്‍ വന്നിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു വീട് കുത്തിപ്പൊളിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
പിന്നീടാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളും ഹാര്‍ഡ് ഡിസ്കും മോഷ്ടാവ് കൊണ്ടുപോയി. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 23 വിരലടയാളങ്ങള്‍ വീട്ടില്‍ നിന്നു വിദഗ്ധ സംഘത്തിനുലഭിച്ചിട്ടുണ്ട്. മണ്ണന്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.