പി.ജെ. ആന്റണി കാലംതെറ്റിയ സാന്നിധ്യം: കെ.പി. കുമാരൻ
1599134
Sunday, October 12, 2025 6:39 AM IST
തിരുവനന്തപുരം: കാലം തെറ്റിയ സാന്നിധ്യമായിരുന്നു അസാമാന്യ കലാകാരനായിരുന്ന പി.ജെ. ആന്റണിയുടേതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.പി. കുമാരൻ. പി.ജെ. ആന്റണി എന്ന വ്യക്തി നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ ഇരട്ടമുഖത്തിന്റെ ഇരയായിരുന്നുവെന്നും കെ.പി. കുമാരൻ ചൂണ്ടിക്കാട്ടി.
കേരള സാഹിത്യ അക്കാദമി തിരുവനന്തപുരം നാട്യഗൃഹം, ഭാരത് ഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പി.ജെ. ആന്റണി ജന്മ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൈക്കാട് ഭാരത് ഭവനിലായിരുന്നു രണ്ടുദിവസം നീണ്ടുനിൽക്കുന്ന ആഘോഷ ചടങ്ങ്.
51 വർഷങ്ങൾക്ക് മുൻപ് തന്റെ ആദ്യ കഥാസിനിമയായ അതിഥിയുടെ ചിത്രീകരണ സമയത്ത് ഇരുപത്തി അഞ്ച് ദിവസമാണ് പി.ജെ. ആന്റണിയുമായി ഒന്നിച്ച് പ്രവർത്തിച്ചത്. അതിഥിയിൽ അഭിനയിക്കാനായി പി.ജെ. ആന്റണിയെ ക്ഷണിക്കാൻ വയലാറും സിനിമയുടെ നിർമാതാവായ പൊന്നപ്പനും താനും ചേർന്നു എറണാകുളത്തെത്തിയ അനുഭവവും കെ.പി. കുമാരൻ പങ്കുവച്ചു.
ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി കൺവീനറുമായ കെ.പി രാമനുണ്ണി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ മുഖ്യപ്രഭാഷണം നടത്തി. ഭാരത് ഭവൻ മെന്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, നാട്യഗൃഹം പ്രസിഡന്റ് പി.വി. ശിവൻ എന്നിവർ ആശംസാ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം സാബു കോട്ടുക്കൽ സ്വാഗതം ആശംസിച്ചു. നാട്യഗൃഹം ചെയർമാൻ എം.വി. ഗോപകുമാർ നന്ദിയും പറഞ്ഞു.
പി.ജെ. ആന്റണിയുടെ എഴുത്ത്, നാടകലോകം എന്നിവയെക്കുറിച്ചുള്ള സെമിനാറിൽ, ടി.എം. ഏബ്രഹാം, ഷംഷാദ് ഹുസൈൻ, പോൾ മണലിൽ, ഡോ. രാജാ വാര്യാർ, അജു കെ. നാരായണൻ എന്നിവർ പങ്കെടുത്തു.