സ്വത്തുതര്‍ക്കം : ക്രിമിനല്‍ക്കേസ് പ്രതി അമ്മാവനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
1599135
Sunday, October 12, 2025 6:39 AM IST
പേരൂര്‍ക്കട: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ക്രിമിനല്‍ക്കേസ് പ്രതി അമ്മാവനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കുടപ്പനക്കുന്ന് അമ്പഴംകോട് പുതുച്ചിവീട്ടില് പറട്ട രാജേഷ് എന്നുവിളിക്കുന്ന രാജേഷ് (47) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. രാജേഷിന്റെ വീട്ടില്‍ താമസിച്ചുവന്ന സുധാകരന് (81) ആണ് കൊല്ലപ്പെട്ടത്. സ്വത്തുസംബന്ധിച്ച് അമ്മാവനുമായി ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കം മൂത്തതോടെ രാജേഷ് ക്രിക്കറ്റ് ബാറ്റ് എടുത്ത് അമ്മാവന്റെ തലയ്ക്കടിക്കുകയായിരുന്നു.
സുധാകരന് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സുധാകരന്റെ സഹോദരി വിനോദിനി അഞ്ചു ദിവസത്തിനു മുമ്പ് മരണപ്പെട്ടിരുന്നു. ഇതിന്റെ ചടങ്ങുകള്‍ കഴിഞ്ഞദിവസം വീട്ടില്‍ നടത്തിയിരുന്നു. ചടങ്ങിനുശേഷം രാജേഷ് മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനിടെയാണ് സുധാകരനുമായി സ്വത്ത് സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടാകുന്നതും ആക്രമിക്കുന്നതും. മൃതദേഹത്തില്‍നിന്നു വീണ രക്തക്കറ രാജേഷു തന്നെ കഴുകി വൃത്തിയാക്കി.
അതിനുശേഷം ആരും കാണാതെ മൃതദേഹം തന്റെ മുറിയില്‍ ഒളിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ അകത്തെ മുറിക്കുള്ളില്‍ പ്രായമുള്ള വല്യമ്മയും രണ്ടുകുട്ടികളുമാണ് ഉണ്ടായിരുന്നത്. വല്യമ്മ മുറിക്കുള്ളില്‍ ഉറങ്ങുകയായിരുന്നു. സംഭവം പിന്നീട് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറംലോകമറിയുന്നത്.
കൃത്യം നടത്തിയശേഷം വീട്ടില്‍നിന്നു രക്ഷപ്പെട്ട രാജേഷിനെ കന്റോൺമെന്റ് എസി സ്റ്റ്യുവര്‍ട്ട് കീലറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മണ്ണന്തല സിഐ കണ്ണന്, എസ്ഐ ആര്.എസ്. വിപിന്‍, സിപിഒമാരായ പ്രദീപ്, അനീഷ്, അഭിലാഷ്, ഷജീര്‍, മുജീബ്, വിനോദ്, പാര്ഥന്, രാജേഷ് എന്നിവര്‍ ചേര്ന്്്നു കുടപ്പനക്കുന്ന് ഇരപ്പുകുഴി ഭാഗത്തുവച്ച് പിടികൂടുകയായിരുന്നു.
ആഴ്ചകള്‍ക്കു മുമ്പാണ് ക്രിമിനല്‍ക്കേസ് പ്രതികള്‍ ചേര്‍ന്ന് രാജേഷിന്റെ വീട്ടിലേക്ക് ബോംബ് എറിയുകയും വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ഇയാളെ ആക്രമിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ രാജേഷിനെ ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.