വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാൾ: പന്തൽ കാൽനാട്ട് കർമം ഇന്ന്
1599132
Sunday, October 12, 2025 6:39 AM IST
തിരുവനന്തപുരം: കേരളത്തിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വർഷത്തെ ക്രിസ്തുരാജത്വ തിരുനാൾ ഒരുക്കങ്ങളുടെ ഭാഗമായി പന്തൽ കാൽനാട്ടു കർമ്മം ഇന്നു രാവിലെ ആറിമണിക്കുള്ള ദിവ്യബലിക്കു ശേഷം ക്രിസ്തുരാജ പാദത്തിന് സമീപം ഇടവക വികാരി റവ.ഫാ. വൈ.എം. എഡിസണ് നിർവഹിക്കും.
തിരുനാളിനോടനുബന്ധിച്ച് തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നതിനായി സർക്കാരിന്റെ എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തിയുള്ള പ്രാഥമികതല ചർച്ചായോഗം നടന്നു. സുരക്ഷ, ഗതാഗതം, ശുചിത്വം ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ യോഗം വിലയിരുത്തി. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മന്ത്രി ജി.ആർ.അനിൽ, എംഎൽഎ ആന്റണി രാജു, ജില്ലാ കളക്ടർ എന്നിവരും പങ്കെടുത്തു.
പോലീസ്, അഗ്നിരക്ഷാ, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ എല്ലാ വകുപ്പിലെയും ഉദ്യോഗസ്ഥരും സംബന്ധിച്ചു. യോഗത്തിൽ വെട്ടുകാട് ഇടവക വികാരി ഫാ. വൈ.എം. എഡിസണ്, സെക്രട്ടറി പി.എം. സക്കറിയ എന്നിവർ പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് ക്രിസ്തുദാസ്, കോ-ഓർഡിനേറ്റർ എച്ച്. അനിൽ, ധനകാര്യ കണ്‍വീനർ ബോബൻ ഫെർണാണ്ടസ് എന്നീ കൗണ്‍സിൽ പ്രതിനിധികും യോഗത്തിൽ പങ്കെടുത്തു. കൊടിയേറ്റ് കർമം നവംബർ 14ന് വൈകുന്നേരം നടക്കും.