യുവാവിന്റെ മൃതദേഹം വീട്ടിൽ കണ്ടെത്തിയ സംഭവം : സുരേഷ്കുമാർ മരിച്ചത് വാഹന അപകടത്തെ തുടർന്നെന്ന് പോലീസ്
1452760
Thursday, September 12, 2024 6:34 AM IST
വെള്ളറട: വെള്ളറട ചൂണ്ടിക്കലില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരിച്ച നിലയിൽ കണ്ടെത്തിയ സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് പോലീസ് കണ്ടെത്തിയിരുന്നു. സാധാരണ മരണമെന്നാണ് നാട്ടുകാരും പോലീസും ആദ്യം വിലയിരുത്തിയതെങ്കിലും രാത്രിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദിന്റെയും സബ് ഇന്‍സ്പെക്ടര്‍ റസല്‍ രാജിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്തെ സിസിടിവി മുഴുവനും പരിശോധിച്ചതാണ് വഴിത്തിരിവായത്.
ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രി ബൈക്കിലെത്തിയ രണ്ടംഗസംഘം സുരേഷ് കുമാറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്നു പരിക്കേറ്റ സുരേഷ് കുമാറിനെ വീടിനുള്ളില്‍ ഉപേക്ഷിച്ച സംഘം കതകു പൂട്ടിയശേഷം കടന്നുകളഞ്ഞു.
ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല. പരിക്കേറ്റ സുരേഷ് കുമാര്‍ വീടിനുള്ളില്‍ ദിവസങ്ങള്‍ കിടന്നു നരകിച്ചാണ് മരണപ്പെട്ടത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്തായാലും മരണകാരണം വാഹനാപകടമാണെന്നു വ്യക്തമായി. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പോലീസിന് ഇക്കാര്യത്തിൽ വ്യക്തതവരുത്താന്‍ കഴിയൂ. കൂടുതൽ വിവരങ്ങൾക്കായി പോലീസ് സംഘം ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.
അക്രമികള്‍ക്കെതിരെ കൊലകുറ്റത്തിനു കേസെടുക്കും. ഇന്നലെ രാവിലെ 9:45 തന്നെ ഫോറന്‍സിക് സംഘം സുരേഷ് കുമാറിന്റെ മൃതദേഹ പരിശോധന ആരംഭിച്ചു. സബ് ഇന്‍സ്പെക്ടര്‍ റസല്‍ രാജിന്റെയും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദിന്റെയും നേതൃത്വത്തിലുള്ള സംഘം വിശദമായ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.