സര്‍ക്കാര്‍ വാഹനങ്ങളില്‍നിന്നു ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ
1600189
Thursday, October 16, 2025 6:24 AM IST
പേരൂര്‍ക്കട: വിവിധ സര്ക്കാര്വാഹനങ്ങളില്നിന്നു ബാറ്ററികള്‍ മോഷ്ടിച്ചയാളെ കന്റോൺമെന്റ് എസി സ്റ്റ്യുവര്‍ട്ട് കീലറിനൊപ്പം മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ബാലസുബ്രഹ്മണ്യന്, സൂരജ്, സിപിഒമാരായ ഷൈന്‍, രാജേഷ്, സുനീര്‍, ബിനില്‍, അനൂപ്, പ്രവീണ്‍ എന്നിവർ ചേർന്നു പിഎംജിയില്നിന്നു പിടികൂടി. കുന്നുകുഴി വഞ്ചിയൂര്‍ സ്വദേശി അനില്‍കുമാര്‍ (50) ആണ് തിരുവനന്തപുരം വികാസ് ഭവന് കെട്ടിടത്തിനു പിറകിലായി ഓടി കാലപ്പഴക്കം എത്തിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന യാര്‍ഡില്‍നിന്നു ബാറ്ററികള്‍ മോഷ്ടിച്ചെടുത്തത്.
ഓഡിറ്റ്, ജലസേചനം, ഫിഷറീസ്, വാണിജ്യ വകുപ്പുകളിലെ സര്‍ക്കാര്‍ വാഹനങ്ങള്‍ ഈ ഭാഗത്താണു പാർക്കു ചെയ്തിരുന്നത്. പാര്‍ക്ക് ചെയ്തിരുന്നതിന്റെ ബാറ്ററികള്‍ മോഷ്ടിച്ചിരിക്കുന്നതായി സാഹചര്യത്തെളിവുകള്‍ ലഭിച്ചതാണ് പരിശോധന നടത്താന്‍ കാരണമായത്. ജീവനക്കാര്‍ നല്കിയ പരാതിയില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
ഒരു വാഗണ്‍-ആര് കാറും ഒരു ആക്ടീവ സ്കൂട്ടറും സര്‍ക്കാര്‍ വാഹനങ്ങള്‍ കിടക്കുന്ന ഭാഗത്ത് എത്തിയിരുന്നതായി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായതോടെ ആ വഴിക്കായി അന്വേഷണം. എന്നാല്‍ കാമറയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പരുകള്‍ വ്യക്തമായിരുന്നില്ല. വാഹനത്തില്‍ മോഷ്ടാവ് എത്തിയ വിവിധ സമയങ്ങള്‍ ശേഖരിച്ച് മ്യൂസിയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ച നടത്തിയ ആളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടരന്വേഷണത്തില്‍ മോഷ്ടാവ് എത്തിയ വാഹനം കണ്ടെത്താന്‍ പോലീസിന് സാധിച്ചു.
മോഷണത്തിനുശേഷം പിഎംജിയിലെ ഒരു തട്ടുകടയില്‍ മോഷ്ടാവ് വാഹനം നിര്‍ത്തുകയും പിന്നീട് അവിടെനിന്ന് ഒരാളെ കയറ്റിപ്പോകുകയും ചെയ്യുന്ന കാമറാ ദൃശ്യങ്ങള്‍ ലഭിച്ചതാണു വഴിത്തിരിവായത്.