മികവിന്റെ ആദ്യ കേന്ദ്രമായി പാറശാല ആടുവളര്‍ത്തല്‍ കേന്ദ്രം
1600188
Thursday, October 16, 2025 6:24 AM IST
പ്രഖ്യാപനം നടത്തി മന്ത്രി ജെ. ചിഞ്ചുറാണി
പാറശ്ശാല: മലബാറി വിഭാഗത്തിലുള്ള ആടുകളുടെ പ്രജനന കേന്ദ്രമായ പാറശാല ആടുവളര്‍ത്താല്‍ കേന്ദ്രത്തെ ആട് ഫാം വിഭാഗത്തിലെ ആദ്യ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു. മന്ത്രി ജെ. ചിഞ്ചുറാണിയാണ് പ്രഖ്യാപനം നടത്തിയത്.
മലബാറി വിഭാഗത്തില്‍പ്പെട്ട ആടുകള്‍ക്കായി കൂടുതല്‍ കേന്ദ്രങ്ങള്‍ കേരളത്തില്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. പാറശാല പരശുവയ്ക്കലില്‍ സ്ഥിതിചെയ്യുന്ന ആടുവളര്‍ത്താല്‍ കേന്ദ്രം മലബാറി വിഭാഗത്തിലെ ആട്ടിന്‍കുട്ടികളെ ബുക്കിംഗ് അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് വില്‍ക്കുന്നുണ്ട്.
നിലവില്‍ അഞ്ച് ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ഫാമില്‍ 300 ആടുകളാണ് ഉള്ളത്. പ്രത്യേകം സജീകരിച്ച കെട്ടിടങ്ങളിലാണ് ആടുകളെ പാര്‍പ്പിക്കുന്നത്. മികവിന്റെ കേന്ദ്രമാവുന്നതോടെ ഇരുനിലകളിലായി പണിത പുതിയ കെട്ടിടങ്ങള്‍ കൂടി പ്രയോജനപ്പെടുത്തി 1000 ആടുകളെ ഒരേസമയം വളര്‍ത്താന്‍ സാധിക്കും.
ഫാമില്‍ പ്രാദേശിക നിവാസികളായ 10 പേര് ദിവസവേതന അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നുണ്ട്. പുതിയ നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ 20 പേര്‍ക്ക് തൊഴില്‍ നല്‍കാനാകും. ഫാമിന്റെ വിപുലീകരണം മുന്നില്ക്ക ണ്ട് 18 ഏക്കര്‍ സ്ഥലവും ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഫാമിലെ വിസര്‍ജ്യങ്ങളും മാലിന്യങ്ങളും കൃത്യമായി സംസ്കരിക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങളും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്.
കുറുംകുട്ടി ജിഎസ് കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. ബെന്‍ ഡാര്വിന്, പാറശാല പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എം.സി. റെജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.