മത്സ്യബന്ധന വള്ളങ്ങളിൽ ട്രാൻസ്പോണ്ടറുകൾ ഘടിപ്പിക്കും
1599926
Wednesday, October 15, 2025 6:29 AM IST
വിഴിഞ്ഞം: ജില്ലയിലെ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളിൽ ഉൾക്കടലിൽനിന്ന് കരയിൽ സന്ദേശമെത്തിക്കാൻ സഹായിക്കുന്ന സംവിധാനമായ ട്രാൻസ്പോണ്ടറുകൾ ഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യ ഘട്ട പരീക്ഷണം നടന്നു.
പരീക്ഷണാർഥം വിഴിഞ്ഞത്ത് നിന്നുള്ള പത്തു വള്ളങ്ങളിൽ ഘടിപ്പിച്ചതിനുപരി പൊഴിയൂർ മുതൽ ജില്ലയുടെ അതിർത്തിയായ പരവൂർ വരെയുള്ള മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള 1500 എണ്ണം വിഴിഞ്ഞം ഫിഷറീസ് ഓഫീസിൽ എത്തിക്കഴിഞ്ഞു. ആഴക്കടലിൽ മീൻ പിടിക്കാൻ പേകുന്നമത്സ്യത്തൊഴിലാളികൾക്ക് ഇനി എത്ര ദൂരത്തായാലും കരയുമായി ബന്ധപ്പെടാനാകുമെന്നതാണ് ഇതിന്റെ മേന്മയായി അധികൃതർ പറയുന്നത്.
എന്നാൽ ഒരു പ്രാവശ്യം ബാറ്റിറി ചാർജ് ചെയ്താൽ മൂന്നു മണിക്കൂർ മാത്രമേ ആയുസുള്ളൂവെന്നു തൊഴിലാളികൾ പറയുന്നു. ഒരു ദിവസവും അതിനപ്പുറംവരെ നീളുന്ന ആഴക്കടൽ മീൻ പിടിത്തക്കാർക്ക് ഇത് എത്ര കണ്ട് പ്രയോജനമുണ്ടെന്നു കണ്ടറിയണം. കടലിൽ അപകടത്തിൽപ്പെടുന്ന യാനത്തിന്റെ സ്ഥാനം കണ്ടെത്തി കരയിൽ വിവരം അറിയിക്കാനാവുന്ന ട്രാൻസ്പോണ്ടർ സംവിധാനം ആദ്യമായാണ് വിഴിഞ്ഞം തീരദേശത്ത് പരമ്പരാഗത വള്ളങ്ങളിൽ ഘടിപ്പിച്ചത്. വള്ളങ്ങൾക്ക് ഇവ പൂർണമായും സൗജന്യമാണെന്ന് അധികൃതർ പറയുന്നു.
അക്ഷരാഭ്യാസം കുറവുള്ളവർ ക്കു പോലും മനസിലാകും വിധം ചിത്രങ്ങളുടെ സഹായത്തോടെയാണ് അപായ സൂചനകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ആപൽഘട്ടങ്ങളിൽ അലാറം മുഴക്കാനുമാവും. ഉപയോഗിക്കുന്ന തിനുള്ള പരിശീലനം അസി. ഡയറക്ടർ കാര്യാലയം, മത്സ്യഭവൻ, ലാൻഡിംഗ് സെന്റർ എന്നിവിടങ്ങളിലാരംഭിച്ചു. ഐഎസ്ആർഒ വികസിപ്പിച്ച ഉപകരണത്തിന്റെ പ്രവർത്തനം ഉപഗ്രഹം മുഖാന്തരമാണ്.
ട്രാൻസ്പോണ്ടറുകൾ ചാർജ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. വള്ളത്തിന്റെ മധ്യഭാഗത്തെ പലകയിൽ ഇതു ഘടിപ്പിക്കുന്നത്. വള്ളങ്ങൾക്ക് കളർകോഡ്, റജിസ്ട്രേഷൻ, ലൈ സൻസ് എന്നിവ നിർബന്ധമാണെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു. ട്രാൻസ്പോണ്ടറുകൾക്കായുള്ള അപേക്ഷകൾ മത്സ്യഭവനുകൾ വഴി സ്വീകരിക്കും.