ശബരിമല സ്വർണക്കൊള്ള: യുവമോർച്ച മാർച്ചിൽ സംഘർഷം
1599613
Tuesday, October 14, 2025 6:36 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കു കൂട്ടുനിന്ന ദേവസ്വം മന്ത്രി വി.എൻ.വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്്.പ്രശാന്തും രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കോട്ടയത്തു ദേവസ്വം മന്ത്രിയുടെ വീട്ടിലേക്കു സമാധാനപരമായി ബിജെപി നടത്തിയ മാർച്ചിനു നേരെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. അതിനി നടക്കില്ല. ബിജെപി ഈ രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയാണ്. ഞങ്ങളുടെ പ്രവർത്തകരെ ആക്രമിക്കാൻ സമ്മതിക്കില്ല. നരേന്ദ്രമോദി ഭരിക്കുന്ന നാട്ടിൽ ആര് അഴിമതിയും കൊള്ളയും നടത്തിയാലും അവരെ വിടില്ലായെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കെതിരെ യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
എല്ലാം ശരിയാകുമെന്നു പറഞ്ഞ എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുകൊല്ലമായി ഹിന്ദു വിശ്വാസികളെ ദ്രോഹിക്കുന്നു.
കൊള്ള നടന്നതു വേറെ ഏതെങ്കിലും സമുദായത്തിന്റെ ആരാധനാലയത്തിലായിരുന്നൂവെങ്കിൽ പിണറായി വിജയൻ അവിടെ പോയി കാലുപിടിക്കുമായിരുന്നില്ലേയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നു സെക്രട്ടേറിയറ്റിനു മുന്നിൽ പ്രവർത്തകരും പോലീസും തമ്മിൽ ഏറെ നേരം സംഘർഷമുണ്ടായി. മൂന്നുതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചെറിയ രീതിയിൽ പോലീസ് ലാത്തിയും വീശി. ജലപീരങ്കി പ്രയോഗത്തിൽ യുവമോർച്ച പ്രവർത്തകർക്കു പരിക്കേറ്റു.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി. മനുപ്രസാദ്, ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ് , ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ് ണദാസ്, നേതാക്കളായ അനൂപ് ആന്റണി, എസ്. സുരേഷ്, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ പങ്കെടുത്തു.