ബാലരാമപുരം- കളിയിക്കാവിള പാത : വികസന സ്തംഭനത്തിനെതിരേ നെയ്യാറ്റിന്‍കരയില്‍ ജനകീയ ഉപവാസം
1599925
Wednesday, October 15, 2025 6:29 AM IST
നെയ്യാറ്റിൻകര: ബാലരാമപുരം -വഴിമുക്ക് പാത വികസനം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും വഴിമുക്ക്- കളിയിക്കാവിള അലൈന്മെന്റ് അംഗീകരിച്ച് ഭൂമി ഏറ്റെടുക്കല്‍ അടിയന്തരമായി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് കരമന- കളിയിക്കാവിള പാതാ വികസന ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തില്‍ ഇന്നു നെയ്യാറ്റിന്‍കരയില്‍ ജനകീയ ഉപവാസം നടക്കും.
കരമന- കളിയിക്കാവിള പാതയിൽ ബാലരാമപുരം മുതലുള്ള വികസന കാര്യത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ നയം കടുത്ത വഞ്ചനയുടെതാണെന്ന് ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ ആരോപിച്ചു. സർക്കാരിന്റെ അഞ്ച് വർഷത്തെ കാലാവധിക്കുള്ളിൽ ഒന്നര കിലോമീറ്റർ ദൂരം വികസിപ്പിക്കാൻ കഴിയാത്തത് ഏറെ ലജ്ജാകരമാണ്.
30.2 മീറ്ററിൽ റോഡ് വികസനത്തിനായി വഴിമുക്ക് വരെയുള്ള ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തീകരിക്കാൻ നാളിതുവരെ സർക്കാരിന് കഴിഞ്ഞില്ല. കാലതാമസം ഉണ്ടായതോടെ കോടികളുടെ അധിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. വഴിമുക്ക് മുതൽ റോഡിന് 22 മീറ്റർ മതിയെന്ന കിഫ് ബിയുടെ നിർദേശം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും എസ്.കെ. ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നടക്കുന്ന ഉപവാസം ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരിയും സേവ് യൂണിവേഴ്സിറ്റി ക്യാന്പയിന് കമ്മിറ്റി ചെയര്‍മാനുമായ ആര്.എസ് ശശികുമാര്‍ ഉദ്ഘാടനം ചെയ്യും.