ബസ് സ്റ്റാന്‍ഡിലെ മാല മോഷണം; രണ്ടുപേര്‍ പിടിയില്‍
1599923
Wednesday, October 15, 2025 6:29 AM IST
പേരൂര്‍ക്കട: കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിലെ മാല മോഷണത്തിനു രണ്ടുപേരെ ഫോര്‍ട്ട് എസ്ഐ ശോഭകുമാറും എസ് സിപിഒ മനോജും പിടികൂടി. ഇവരെ കോടതി റിമാന്‍ഡ് ചെയ് തു. പൂന്തുറ പള്ളിത്തുറ ഭാഗത്ത് താമസിക്കുന്ന സുനീര്‍ (36), കല്ലടിമുഖത്ത് താമസിച്ചുവരുന്ന സയ്യദ് അലി (37) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച കിഴക്കേക്കോട്ട സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന 32 വയസുള്ള യുവതിയുടെ ഒന്നരവയസു പ്രായമുള്ള കുഞ്ഞിന്റെ രണ്ടുപവന്‍ വരുന്ന മാലയാണ് പ്രതികള്‍ കവര്‍ന്നത്. കാട്ടാക്കടയിലെ വീട്ടിലേക്കു പോകാനാണ് ഇവര്‍ സ്റ്റാൻഡില്‍ ബസ് കാത്തുനിന്നത്.
മാല കവര്‍ന്ന് ഓടിയ പ്രതികളെ പഴവങ്ങാടി ഭാഗത്തുവച്ചാണ് പോലീസ് തൊണ്ടിമുതലുമായി പിടികൂടിയത്. പിടിയിലായവര്‍ ഫോര്‍ട്ട് സ്റ്റേഷനിലെ നിരവധി കേസുകളില്‍ ഉള്പ്പെട്ടിട്ടുള്ളവരുമാണെന്നു സിഐ വി.ആര്. ശിവകുമാര്‍ പറഞ്ഞു.