വിഴിഞ്ഞം ഹാർബറിലേക്ക് ഓട്ടംവന്ന ലോറി കടത്തിക്കൊണ്ട് പോയെന്നു പരാതി
1599595
Tuesday, October 14, 2025 6:36 AM IST
വിഴിഞ്ഞം: തമിഴ്നാട്ടിൽ നിന്നും വിഴിഞ്ഞം ഹാർബറിലേക്ക് ഓട്ടം വന്ന ലോറി കടത്തിക്കൊണ്ട് പോയതായി പരാതി. തമിഴ്നാട് കലയാവൂർ സൗത്ത് സ്ട്രീറ്റിൽ പുതുപെരുമാളിന്റെ വക ധനലക്ഷ്മി എന്നുപേരുള്ള ലൈലാന്റ് ദോസ്ത് എന്ന വാഹനമാണ് വിഴിഞ്ഞത്തു നിന്നും മോഷണം പോയത്. ഞായറാഴ്ച്ച പുലർച്ചെ 1.15 ഓടെയായിരുന്നു സംഭവം.
ശനിയാഴ്ച്ച വൈകുന്നേരം 6.30ന് തിരുനെൽവേലിയിൽ നിൽക്കുന്ന സമയം സുഹൃത്തായ മണി, വിഴിഞ്ഞം ഹാർബറിലേക്ക് ഓട്ടം പോകണമെന്നും അവിടെനിന്നു രണ്ട് എൻജിനും വലയും തൂത്തുകുടി പോർട്ടിൽ എത്തിക്കണമെന്നും പറഞ്ഞതായി പുതുപെരുമാൾ പോലീസിൽ നൽകിയപരാതിയിൽ പറയുന്നു.
കെടിസി നഗറിൽനിന്നും വന്ന വണ്ടി ബ്രേക്ക്ഡൗൺ ആയെന്നും അപരിചിതൻ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതനുസരിച്ച് അനുജൻ ഗോവിന്ദരാമന്റെ കൈയിൽ ഇയാൾ ലോറി കൊടുത്ത് വിടുകയായിരുന്നു. രാത്രി 11.15 വിഴിഞ്ഞം ഫിഷ് ലാന്റ് ഭാഗത്തെത്തിയ അനുജനോടു കൂടെ വന്നയാൾ ഭക്ഷണം കഴിച്ചിട്ടു വരാൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങി ഭക്ഷണം കഴിച്ച് തിരിച്ചു വരുന്നതിനിടയിൽ ഓട്ടം വിളിച്ച് കൊണ്ടുവന്ന വ്യക്തി വാഹനവുമായി മുങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച് പുതുപെരുമാൾ വിഴിഞ്ഞം പോലീസിൽ പരാതി നൽകി.
ഇംഗ്ലീഷിലും തമിഴിലും സംസാരിക്കാൻ കഴിയുന്ന ആളാണ് കൂടെയുണ്ടായിരുന്നതെന്നും പരാതിയിൽ പറയുന്നു. വിഴിഞ്ഞം പോലീസ് നിരവധി സിസിടിവികൾ പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സംശയം തോന്നിയ ഒരാളെ ചോദ്യം ചെയ്തെങ്കിലും ഇയാളെ വിട്ടയച്ചതായും പോലീസ് പറയുന്നു.