വായ്പ തിരിച്ചടച്ചില്ലെന്നപേരിൽ ലൈഫ് പദ്ധതി വീട് ജപ്തിചെയ്തു
1599922
Wednesday, October 15, 2025 6:29 AM IST
ജപ്തി നടപടികൾ കേരള ഗ്രാമീൺ ബാങ്കിന്റേത്
കുറ്റിച്ചൽ: വായ്പ തിരിച്ചടച്ചില്ലെന്നപേരിൽ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് ഗ്രാമീൺ ബാങ്ക് ജപ്തിചെയ്തു. കുറ്റിച്ചൽ പഞ്ചായത്തിൽ തച്ചൻകോട് പതിനൊന്നാം വാർഡിൽ മാറാൻകുഴി രേവതി ഭവനിൽ സനൽകുമാറിന്റെ വീടാണ് ജപ്തി ചെയ്തത്.
സനൽകുമാർ പറയുന്നത് ഇങ്ങനെ: അഞ്ചു സെന്റ് സ്ഥലത്തിൽ 2015-ൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. ആ തുക കൊണ്ടു വീട് പൂർത്തീകരിക്കാൻ പറ്റാതെ വന്നപ്പോൾ 2016 കേരള ഗ്രാമീൺ ബാങ്ക് കോട്ടൂർ ബ്രാഞ്ചിൽ നിന്നും അഞ്ചുലക്ഷം രൂപ ലോൺ എടുക്കുകയും ചെയ്തിരുന്നു. 20 വർഷ കാലാവധിയിലെടുത്ത ലോൺ ഇതുവരെ 3.20 ലക്ഷം രൂപ തിരിച്ചടച്ചു.
ഇതിനുമുമ്പ് ലോൺ അടവ് മുടങ്ങിയപ്പോൾ ബാങ്ക് വിളിച്ചു 2021 ൽ 75,000 രൂപ കാർഷിക ലോൺ അനുവദിക്കുകയും അത് അടച്ചു തീർക്കുകയും ചെയ്തിരുന്നു. അതിനുശേഷം 50,000 രൂപ ബാങ്ക് ലോൺ ആയി നൽകുകയും അതു അടച്ചു തീർക്കുകയും ചെയ്തു. ഈ രണ്ടുലോണും അഞ്ചുലക്ഷം രൂപ എടുത്തതിന്റെ കുടിശികയിൽ ഉൾപ്പെടുത്തിയാണ് എടുത്തത്.
അതിനുശേഷം ബാങ്ക് ജപ്തി നടപടികളിലോട്ട് പോയപ്പോൾ വക്കീലിനെ കണ്ടു ജപ്തി നടപടി ഒഴിവാക്കിയിട്ടുമുണ്ട്. രണ്ടു മാസം മുമ്പ് 5.80 ലക്ഷം അടച്ചാൽ ജപ്തി നടപടികളിൽനിന്നും ഒഴിവാക്കാമെന്നു ബാങ്ക് അധികൃതർ അറിയിച്ചിരുന്നു. തൽക്കാലം ഒരുലക്ഷം രൂപ അടയ്ക്കാമെന്നും ബാക്കി തുക പ്രതിമാസം 10000 രൂപവീതം അടച്ച് തീർക്കാമെന്നു അറിയിച്ചെങ്കിലും ബാങ്ക് അതിനു വഴങ്ങിയിരുന്നില്ല.
ഇതിനുശേഷം ഇന്നലെ വൈകുന്നേരം മൂന്നരയോടെ എത്തിയ ബാങ്ക് അധികൃതർ ജപ്തി നടപടികൾ സ്വീകരിക്കുകയും കുടുംബത്തെ വീട്ടിൽനിന്നു പുറത്താക്കി വീടുപൂട്ടുകയും ചെയ്തു. വീടിലെ വൈദ്യുതി ഫ്യൂസ് ഊരുകയും വാട്ടർ ടാങ്കിന്റെ കണക്ഷൻ അടക്കുകയും ചെയ്തു.
തുടർന്ന് വാർഡ് മെമ്പർ എലിസബത്ത് ഉൾപ്പടെയുള്ള നാട്ടുകാരും പ്രാദേശിക പാർട്ടി നേതാക്കളും ചേർന്നു വീടു തുറന്നു. കറണ്ട് കണക്ഷനെ കുറിച്ച് അറിയിച്ചപ്പോൾ ബാങ്ക് അധികൃതർ കെഎസ്ഇബിയെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് കെഎസ്ഇബി അധികൃതരെത്തി കണക്ഷൻ നൽകി. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള നടപടി എടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.