ആദ്യദിനം സ്കൂളുകളില്‍ കാഞ്ഞിരംകുളം പികെഎസ്എച്ച്എസ്എസ് : തിരുവനന്തപുരം നോര്‍ത്തിന്റെ മുന്നേറ്റം
1599929
Wednesday, October 15, 2025 6:29 AM IST
ആറ്റിങ്ങല്‍: കോരിച്ചൊരിയുന്ന മഴയിലും കൗമാര താരങ്ങളുടെ പോരാട്ടവീര്യത്തെ തടുക്കാനായില്ല. ശ്രീപാദം സ്റ്റേഡിയത്തില്‍ അവര്‍ ആവേശത്തോടെ ഓടിയും ചാടിയും എറിഞ്ഞും മെഡലുകള്‍ വാരിക്കൂട്ടി. റവന്യു ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മെഡല്‍ കൊയ്ത്തില്‍ തിരുവനന്തപുരം നോര്‍ത്തിന്റെ കുതിപ്പ്. ആറു സ്വര്‍ണവും നാലു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 62 പോയിന്റുമായാണ് നോര്‍ത്ത് ഉപജില്ല ഒന്നാം സ്ഥാനത്തെത്തിയത്.
അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവുമായി 46 പോയിന്റു നേടിയ നെയ്യാറ്റിന്‍കരയാണ് രണ്ടാം സ്ഥാനത്തുള്ളത്. കിളിമാനൂര്‍ വിദ്യാഭ്യാസ ഉപജില്ല രണ്ടു വീതം സ്വര്‍ണം, വെള്ളി,വെങ്കലം എന്നിവയുടെ പിന്‍ബലത്തില്‍ 29 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.
സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ട മത്സരത്തോടെയാണ് ട്രാക്ക് ഉണര്‍ന്നത്. ഈ ഇനത്തില്‍ കാഞ്ഞിരംകുളം പികെഎസ്എച്ച്എസ്എസിലെ മെരോമല് ഷാജി 10 മിനിറ്റ് 19.7 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മീറ്റിലെ ആദ്യ സ്വര്‍ണത്തിന് അവകാശിയായി. വെമ്പായം നെടുവേലികൊഞ്ചിറ ഗവണ്മെന്റ് എച്ച്എസ്എസിലെ എസ്.എസ് അഭിനവ് കൃഷ്ണ(10 മിനിറ്റ് 33.1 സെക്കന്‍ഡ്) വെള്ളിയും പാറശാല ഗവണ്മെന്റ് വിഎച്ച്എസ്എസിലെ എസ്.അഭിജിത്ത് (10 മിനിറ്റ് 35.2 സെക്കന്‍ഡ്) വെങ്കലവും നേടി.
വ്യക്തിഗത സ്കൂള്‍ വിഭാഗത്തില്‍ നെയ്യാറ്റിന്‍കര ഉപജില്ലയിലെ കാഞ്ഞിരംകുളം പികെഎസ്എച്ച്എസ്എസ് ആണ് ആദ്യ ദിനം ഒന്നാമതുള്ളത്. രണ്ടു സ്വര്‍ണവും ഒരു വെള്ളിയുമുള്‍പ്പെടെ 13 പോയിന്റുമായാണ് കാഞ്ഞിരംകുളം സ്കൂള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എംവിഎച്ച്എസ്എസ് അരുമാനൂര്‍ രണ്ടു സ്വര്‍ണവും ഒരു വെങ്കലവുമുള്‍പ്പെടെ 11 പോയിന്റോ ടെ രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണം ഒരു വെള്ളി ഒരു വെങ്കലം എന്നിവയുമായി ഒന്‍പതു പോയിന്റുമായി തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂള്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
സബ് ജൂണിയര്‍ ,ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മൂന്ന ദിവസങ്ങളിലായി 96 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. റവന്യൂ ജില്ലയിലെ 12 ഉപപജില്ലകളില് നിന്നായി 2000 ത്തോളം കായികതാരങ്ങളാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. സായ് തിരുവനന്തപുരം, ജി.വി. രാജാ സ്കൂള്‍, അയ്യങ്കാളി സ്പോട്സ് സ്കൂള്‍ എന്നിവിടങ്ങളിലെ താരങ്ങളാണ് മെഡല്സകൊയ്ത്തില് മുന്നിലുള്ളത്.