വേഗതാരങ്ങളായി വിനായകും അനന്യയും
1599930
Wednesday, October 15, 2025 6:29 AM IST
ആറ്റിങ്ങല്‍: റവന്യു ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ വേഗതാരങ്ങളായി കെ.പി വിനായകും അനന്യ സുരേഷും. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 11.2 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് തിരുവനന്തപുരം നോര്‍ത്തിനു വേണ്ടി പോരാട്ടത്തിനിറങ്ങിയ ജി.വി രാജാ സ്പോര്‍ട്സ് സ്കൂളിലെ കെ.പി വിനായക് സ്വര്‍ണത്തില്‍ മുത്തമിട്ട് മീറ്റിലെ വേഗതാരമായി തെരഞ്ഞെടുക്കപ്പട്ടത്.
സീനിയര്‍ പെണ്‍കുട്ടികളില്‍ കണിയാപുരം സബ് ജില്ലയ് ക്കായി ട്രാക്കിലിറങ്ങിയ തിരുവനന്തപുരം സായിയിലെ അനന്യ സുരേഷ് 12.7 സെക്കന്‍ഡില്‍ ഫൈനല്‍ ലൈന്‍ മറികടന്ന് പെണ്‍കുട്ടികളിലെ വേഗതാരമായി മാറി. ഇരുവരും സംസ്ഥാസ് സ്കൂള്‍ മീറ്റില്‍ തലസ്ഥാന ജില്ലയ്ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങാനുള്ള അര്‍ഹതയും നേടി.
സീനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസിലെ ജോയല്‍ സജി 11.5 സെക്കന്‍ഡില്‍ ഫിന്ഷ് ചെയ്ത് വെള്ളിനേട്ടത്തിന് അര്‍ഹനായപ്പോള്‍ ജി.വി രാജാ സ്പോര്‍ട്സ് സ്കൂളിലെ ഏബല്‍ തദേവൂസ് 11.6 സെക്കന്‍ഡില്‍ ഫൈനല്‍ ലൈന്‍ ടച്ച് ചെയ്ത് വെങ്കലത്തിന് ഉടമയായി.
ജിവി രാജാ സ്പോര്‍ട്സ് സ്കൂളിലെ ബി. അനശ്വര(13.2 സെക്കന്‍ഡ്) ആണ് സീനിയര്‍ പെണ്‍കുട്ടികളില്‍ വെള്ളിനേട്ടത്തിന് ഉടമ. വിതുര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എം. അജ്മിയ റഹീം (14.8) വെങ്കലം സ്വന്തമാക്കി.
ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാം സ്ഥാനം അയ്യങ്കാളി സ്പോര്‍ട്സ് സ്കൂളി ആര്.എസ് രോഹിത് രാജ് (11.5 സെക്കന്‍ഡ്) സ്വന്തമാക്കിയപ്പോള്‍ ജി.വി രാജാ സ്പോര്‍ട്സ് സ്കൂളിലെ താരങ്ങളായ വി. ഹാഷിം റെയ്ഹാന് (11.8 സെക്കന്‍ഡ്) വെള്ളിയും ഗൗരേഷ് ബിനോയ് (12.1 സെക്കന്‍ഡ്) വെങ്കലവും നേടി. ഈ വിഭാഗം പെണ്‍കുട്ടികളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ജി.വി രാജായ്ക്കാണ്. 12. 8 സെക്കന്‍ഡില്‍ ഫിന്ഷ് ചെയ്ത് എ.നന്ദന സ്വര്‍ണത്തിന് അവകാശിയായപ്പോള്‍ 13.2 സെക്കന്‍ഡില്‍ ഓടിയെത്തിയ ജില്‍ഷാ ജിനിലിനാണ് വെള്ളി. തിരുവനന്തപുരം സായിയുടെ എസ്. പാര്‍വതി 13.7 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലനേട്ടത്തിന് അര്‍ഹയായി.
സബ്ജൂണിയര്‍ ആണ്‍കുട്ടികളില്‍ ജി.വിരാജ താരങ്ങളായ എസ്. ആകാഷ്(12.6 സെക്കന്‍ഡ്), സി.യദുരാജ്(12.9 സെക്കന്‍ഡ് ) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ റയാന് ലോപ്പസ് (13.2 സെക്കന്‍ഡ്) വെങ്കലത്തിന് ഉടമയായി.പെണ്‍കുട്ടികളിലും ഒന്നും രണ്ടും സ്ഥാനം ജിവി രാജയ്ക്കാണ്. ജൂലിയറ്റ് ഷാബിന് (13.7 സെക്കന്‍ഡ്) ഒന്നാമതെത്തിയപ്പോള്‍ വി.വി തീര്ഥപ്രകാശ് (14.0 സെക്കന്‍ഡ്) വെള്ളിയും അയ്യങ്കാളി സ്പോര്‍ട്സ് സ്കൂളിലെ ദിയ രതീഷ് (14.2സെക്കന്‍ഡ് വെങ്കലവും നേടി.