കാലിലെ മുറിവ് ഉണങ്ങി: ശ്രീവല്ലഭന്റെ കർക്കടക സുഖചികിത്സ ആരംഭിച്ചു
1443990
Sunday, August 11, 2024 6:46 AM IST
കാട്ടാക്കട : മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനയായ വല്ലഭന്റെ കാലിലെ മുറിവ് ഉണങ്ങിയതോടെ കർക്കടക സുഖ ചികിത്സ ആരംഭിച്ചു. മദപ്പാടിലായ ആനയുടെ കാലിൽ ചങ്ങലക്കെട്ട് ഉരഞ്ഞ് ഉണ്ടായ ആഴത്തിലുള്ള മുറിവ് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
ഒരുമാസത്തെ ചികിത്സയ്ക്കു ശേഷമാണ് മുറിവ് ഭേദമായത്. മദപ്പാട് മാറി മുറിവുണങ്ങിയതോടെ വല്ലഭന് കർക്കടക മാസത്തിൽ സ്ഥിരമായി നൽകുന്ന സുഖചികിത്സ ഇന്നലെ ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി ഗോവിന്ദൻനമ്പൂതിരി ആനയ്ക്ക് മരുന്ന് ഉരുള നൽകി.
ദേവസ്വം വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം പ്രോട്ടീൻ പൗഡറും ലിവിക്സ് 62 എന്ന ഗുളികയും അരി, റാഗി, പയർ, കരുപ്പെട്ടി എന്നിവ ചേർത്ത മരുന്നുരുളയാണ് തയാറാക്കി നൽകിയത്.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അജിത് കുമാർ, ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ വിനോദ്, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച കർക്കടക ചികിത്സ 15 ദിവസം തുടരും.
ആനയുടെ പുറകിലെ വലതു കാലിന്റെ പാദത്തിനു മുകളിലാണു ആഴത്തിലുള്ള മുറിവ് ഉണ്ടായത്.
ഇതിന്റെ പുറത്താണ് ചങ്ങല കെട്ടിയിരുന്നത്. ഇതോടെ സംഭവം വിവാദമാവുകയായിരുന്നു.