"പരിസ്ഥിതി സംരക്ഷണം ക്രൈസ്തവ സഭകളുടെ മുഖ്യദൗത്യമാകണം'
1443699
Saturday, August 10, 2024 6:34 AM IST
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണം ക്രൈസ്തവ സഭകളുടെ മുഖ്യദൗത്യമാകണമെന്ന് സാൽവേഷൻ ആർമി രാജ്യാന്തര സെക്രട്ടറി കമ്മീഷണർ ജോണ്‍ കുമാർ ദാസരി അഭിപ്രായപ്പെട്ടു. ദുരന്തം ഉണ്ടായിട്ടു വിലപിക്കുന്നതിലല്ല ദുരന്തങ്ങൾ ഉണ്ടാകാതെ മുൻ കരുതലെടുക്കുന്നതിലാണു നാം ശ്രദ്ധിക്കേണ്ടത്.
ഇക്കാര്യത്തിൽ ക്രൈസ്തവ സഭകൾക്കു വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ സാൽവേഷൻ ആർമി രാജ്യാന്തര സെക്രട്ടറി കമ്മീഷണർ ജോണ്‍ കുമാർ ദാസരിക്കും കമ്മീഷണർ മണികുമാരി ദാസരിക്കും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭകളുടെ കൂട്ടായ്മ രൂപപ്പെടുത്തിയെടുത്തതിൽ ആക്ട്സ് വഹിച്ച പങ്കിനെ ജോണ്‍ ദാസരി അഭിനന്ദിച്ചു. ഇതു ലോകമെന്പാടുമുള്ള ക്രൈസ്തവ സഭകൾക്ക് മാതൃകയാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ബിലിയേഴ്സ് ഈസ്റ്റേണ്‍ ചർച്ച് ബിഷപ് മാത്യുസ് മാർ സിൽവാനിയോസ് അധ്യക്ഷത വഹിച്ചു.
പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോണ്‍ വില്യം, ആക്ടസ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സെക്രട്ടറി സാജൻ വേളൂർ, ഗ്ലോബൽ കോർഡിനേറ്റർ റോയി അലക്സാണ്ടർ, ഷെവ. കോശി എം. ജോർജ്, ഡെയ്സി ജേക്കബ്, ഡെന്നിസ് ജേക്കബ്, ഡോ. ഷേർലി സ്റ്റുവർട്ട് എന്നിവർ പ്രസംഗിച്ചു.