ജോയിയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍
1436687
Wednesday, July 17, 2024 6:07 AM IST
വെള്ളറട: ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കം ചെയ്യുന്നതിനിടയിൽ അപകടത്തില്‍പ്പെട്ട് മരിച്ച ജോയിയുടെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സന്ദര്‍ശിച്ചു. ജോയിയുടെ വീട്ടിലെത്തിയ ഗവര്‍ണര്‍ ജോയിയുടെ അമ്മയോടും സഹോദരങ്ങളോടും സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
പ്രായമായ അമ്മയ്ക്ക് മകനെ നഷ്ടമായതും, ജോയിയുടെ മരണവും ഹൃദയം നുറുങ്ങുന്ന അനുഭവമെന്നു ഗവര്‍ണര്‍ പറഞ്ഞു. റെയിൽവേ, നഗരസഭ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടാണ് ജോയിയുടെ വീട്ടിലേക്ക് എത്തിയതെന്ന് ഗവർണർ വ്യക്തമാക്കി. നഗരത്തില്‍ മാലിന്യനീക്കത്തിനു ശക്തമായ സംവിധാനം ഒരുക്കണം.
മാലിന്യ നീക്കത്തിനു സാങ്കേതിക പരിജ്ഞാനമുള്ളവരെ നിയോഗിക്കണം. സംഭവത്തിൽ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായും ഗവർണർ കൂട്ടിച്ചേർത്തു.
സി.പി. ജോൺ ജോയിയുടെവീട് സന്ദര്‍ശിച്ചു
വെള്ളറട: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ടെ ജോയി( 47 )യുടെ വീട്ടിൽ സിഎംപി നേതാവ് സി.പി. ജോൺ സന്ദർശനം നടത്തി അമ്മ മെർഗിയേയും സഹോദരിയേയും ആശ്വസിപ്പിച്ചു. ഡിസിസി സെക്രട്ടറി മാരായമുട്ടം സുരേഷ്, ജില്ല സെക്രട്ടറി എം.ആര്. മനോജ്, മാരായമുട്ടം മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബിനില്‍ മണലുവിള, സാംബശിവന്, വിശ്വനാഥന്, സേവദാള്‍ ജില്ല കോ-ഓർഡിനേറ്റര്‍ മലകുളങ്ങര ജോണി, മണ്ണൂര്‍ ശ്രീകുമാര്‍, മണ്ണൂര്‍ ഗോപന്, ലാലു മലകുളങ്ങര എന്നിവര്സംഘത്തില് ഉണ്ടായിരുന്നു.
ജോയിയുടെ കുടുംബത്തിനു റെയിൽവേ നഷ്ടപരിഹാരം അനുവദിക്കണം: എ.എ. റഹീം
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ ശുചീകരണത്തിനിടെ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിനു റെയിൽവേ ഏറ്റവും ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് എ.എ. റഹീം എംപി. റെയിൽവേ നഷ്ടപരിഹാരം നൽകുമെന്നു പ്രതീക്ഷിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടു കേന്ദ്ര റെയിൽവേ മന്ത്രിക്കു കത്ത് നൽകിയെന്നും റഹീം പത്രസമ്മേളനത്തിൽ പറഞ്ഞു. മാലിന്യ സംസ്കരണത്തിനു നാഷണൽ ഗ്രീൻ ട്രിബ്യൂണൽ മാർഗനിർദേശം നൽകിയിട്ടുണ്ട്.
റെയിൽവേക്കു മാലിന്യസംസ്കരണത്തിനു വേണ്ടി മാത്രം ഒരു വിഭാഗം ഉണ്ട്. തിരുവനന്തപുരത്ത് മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഫലപ്രദമാണോയെന്നു പരിശോധിക്കണം. മറ്റു റെയിൽവേ സ്റ്റേഷനുകളിലും സമാന പരിശോധന വേണം. ദുരിതസമയത്ത് ഏകോപനത്തിനു റെയിൽവേ തയാറായില്ലെന്നും എ.എ. റഹീം പറഞ്ഞു.