വേനൽക്കാല ക്യാന്പുകൾക്കു തുടക്കമായി
1416574
Tuesday, April 16, 2024 12:11 AM IST
തിരുവനന്തപുരം: കുട്ടികളിൽ കായിക അഭിനിവേശം വളർത്തുന്നതിനും അവരുടെ കായിക മാനസിക ശേഷി പരിപോഷിപ്പിക്കുന്നതിനുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ കേരളത്തിലെ വിവിധ ജില്ലകളിൽ സംഘടിപ്പിക്കുന്ന രണ്ടു മാസം നീണ്ടു നിൽക്കുന്ന വേനൽക്കാല ക്യാന്പുകൾക്ക് തുടക്കമായി.
ടെന്നിസ്, ഷൂട്ടിംഗ്, നീന്തൽ, ജിംനാസ്റ്റിക്സ്, ടേബിൾ ടെന്നീസ്, കരാട്ടെ, ബാഡ്മിന്റണ്‍, ബോക്സിംഗ് , ജൂഡോ തുടങ്ങി പത്തോളം കായിക ഇനങ്ങളിലാണ് പരിശീലനം നടക്കുന്നത്. വേനൽ ചൂട് പരിഗണിച്ചു ഫുട്ബോൾ ഒഴികയുള്ള കായികയിനങ്ങൾക്ക് ഇൻഡോർ പരിശീലനമാണ് ക്യാന്പുകളിൽ നൽകി വരുന്നത്. ഫുട്ബോൾ പ്രത്യേകമായി രാവിലെയും വൈകിട്ടുമായാണ് പരിശീലനം ഒരുക്കിയിട്ടുള്ളത്.
അഞ്ചു മുതൽ 18 വയസുവരെയുള്ള ആയിരത്തോളം വിദ്യാർഥികളാണ് നിലവിൽ കേരളത്തിലുടനീളം ക്യാന്പുകളിൽ പങ്കെടുക്കുന്നത്. നീന്തൽ പഠിക്കാനായി 420 പേരും, ബാറ്റ്മിന്റണ്‍, ജിംനാസ്റ്റിക് എന്നിവയ്ക്ക് 140 പേരുമാണ് തിരുവന്തപുരത്ത് മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്. മെയ് 31 വരെയാണ് ക്യാന്പുകൾ. താൽപര്യമുള്ള കുട്ടികൾക്ക് ഇനിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനായി ഈ നന്പരിൽ ബന്ധപ്പെടാം. 6282902473.