വിഷുക്കൈനീട്ടം നൽകാൻ നടൻ സഞ്ജു ശിവറാം
1416206
Saturday, April 13, 2024 6:26 AM IST
തിരുവനന്തപുരം: വേനലവധിക്കാലം കുട്ടികൾക്ക് വിശ്രമവും ഉല്ലാസവുമാക്കാൻ സംസ്ഥാന ശിശുക്ഷേമ സമിതി കിളിക്കൂട്ടം 2024 എന്ന പേരിൽ തലസ്ഥാനത്ത് സംഘടിപ്പിച്ചു വരുന്ന അവധിക്കാല ക്യാന്പിൽ കുട്ടികളോട് സംവദിക്കാനും വിഷുക്കൈനീട്ടം നൽകാനും യുവനടൻ സഞ്ജു ശിവറാം എത്തിയത് ക്യാന്പംഗങ്ങൾക്ക് വേറിട്ടൊരനുഭവം ആയി.
തൈക്കാട് സമിതി ആസ്ഥാനത്തെ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മാജിക് പാർക്കിലെ വേദിയിലാണ് കുട്ടികളുമായി ഉല്ലസിക്കാൻ സഞ്ജു എത്തിയത്. ക്യാന്പിൽ പങ്കെടുത്തു വരുന്ന 375 കുട്ടികൾക്ക് സമിതി വിഷുക്കൈനീട്ടമായി കരുതിയ മുല്ലതൈ നടൻ സമ്മാനിച്ചു. കുട്ടിക്കാല, സിനിമ അനുഭവങ്ങൾ കുട്ടികളുമായി അദ്ദേഹം പങ്കുവച്ചു.
സമിതി ദത്തെടുക്കൽ കേന്ദ്രവും സന്ദർശിച്ചതിനു ശേഷമാണ് മടങ്ങിയത്. പരിപാടിയിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ഗോപി അധ്യക്ഷനായിരുന്നു. ട്രഷറർ കെ. ജയപാൽ, ക്യാന്പ് ഡയറക്ടർ എൻ. എസ്. വിനോദ് എന്നിവർ പ്രസംഗിച്ചു.