കുരങ്ങൻകൂട്ടം കൂട്ടിലായി
1340055
Wednesday, October 4, 2023 4:50 AM IST
കാട്ടാക്കട: കാട്ടാക്കട മൂലമൺ പ്രദേശത്ത് ജനവാസമേഘലയിൽ ശല്യമുണ്ടാക്കിയ കുരങ്ങുകളെ കെണിവച്ചു പിടികൂടി വനംവകുപ്പ് അധികൃതർക്ക് കൈമാറി. ആറു കുരങ്ങുകളെയാണ് പിടികൂടിയത്.
പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വാങ്ങിയതും വനംവകുപ്പ് നൽകിയതുമായ ഇരുമ്പ് കൂടുകൾ ഉപയോഗിച്ചാണ് കുരങ്ങുകളെ കെണിയിലാക്കിയത്. രണ്ടു വർഷം മുൻപ് ആയിരത്തോളം വാനരന്മാരെ വിളവൂർക്കൽ പഞ്ചായത്തിൽ നിന്നും പിടികൂടി .എന്നാൽ ഇവയെ കാട്ടിൽ തുറന്നു വിടുന്നതിൽ വനാതിർത്തി മേഖലകളിൽ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് ഇതിൽ നിന്നും പിന്മാറി. വീണ്ടും കുരങ്ങുശല്യം രൂക്ഷമായതോടെയാണ് നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് വനംവകുപ്പ് മുന്നോട്ടു വന്നത്.
മൂക്കുന്നിമലയുടെ താഴ്വാരത്തെ വിളവൂർക്കൽ പഞ്ചായത്തിലെ മലയം, ചൂഴാറ്റുകോട്ട, പാമാംകോട്, പൊറ്റയിൽ, വേങ്കൂർ, മൂലമൺ പ്രദേശങ്ങളിൽ വാനരശല്യം രൂക്ഷമാണ്. വർഷങ്ങളായി നാട്ടുകാർ നേരിടുന്ന ദുരിതമാണിത്. വാഴ, പച്ചക്കറി, തെങ്ങ് കർഷകർക്ക് വ്യാപക നാശമാണ് കുരങ്ങുകൾ സൃഷ്ടിക്കുന്നത്. ഇവയുടെ ശല്യം കാരണം പലരും കൃഷി നിർത്തി . ഷീറ്റ്, ഓടുമേഞ്ഞ വീടുകൾക്കും കുരങ്ങൻക്കൂട്ടം നാശം വരുത്തുന്നു.