അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിലേക്ക് മടങ്ങിയെന്ന് സൂചന
1337131
Thursday, September 21, 2023 5:08 AM IST
കാട്ടാക്കട : അരികൊമ്പന് മദപ്പാടെന്നു സൂചന. ഇക്കാര്യം സ്ഥിരീകരിക്കാൻ വെറ്ററിനറി വിദഗ്ധരുടെ സേവനം തേടി. ഡോക്ടർമാരുടെ സംഘം പരിശോധിക്കായി വനത്തിൽ എത്തിയിട്ടുണ്ട്. അതിനിടെ മാഞ്ചോല ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങി. ഒടുവിൽ കിട്ടിയ റേഡിയോ കോളറിലെ സിഗ്നൽ പ്രകാരം അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിലാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.
ആന വീണ്ടും ജനവാസമേഖലയിലിറങ്ങുന്നുണ്ടോയെന്ന് വനം വകുപ്പ് നിരീക്ഷിക്കും. മൂന്ന് ദിവസം നീണ്ട ശ്രമത്തിനെടുവിലാണ് അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങിയത്. തമിഴ്നാട് മാഞ്ചോലയിൽ ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളിലെ ജനവാസ മേഖലയിൽ ആന കഴിഞ്ഞദിവസം ആക്രമണം നടത്തിയിരുന്നു. കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്നും മദപ്പാടിലാണെന്നും തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. തൊട്ടടുത്ത് റേഷൻ കടയുണ്ടായിട്ടും അരിക്കൊമ്പൻ ആക്രമിച്ചിട്ടില്ല. മദപ്പാടുള്ള അരിക്കൊമ്പനെ മൃഗ ഡോക്ടർമാർ അടക്കം 40 അംഗം സംഘമാണ് തുടർച്ചയായി നിരീക്ഷിച്ചത്.
ചെങ്കുത്തായ മലനിരകൾ താണ്ടി മാഞ്ചോലയ്ക്ക് 65 കിലോമീറ്റർ അകലെയുള്ള നെയ്യാറിൽ അരിക്കൊമ്പൻ എത്തില്ലെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ സ്ഥിരീകരണം. നാട്ടിലിറങ്ങിയ അരിക്കൊമ്പൻ വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും നശിപ്പിച്ചിരുന്നു. ആനയിറങ്ങിയ സാഹചര്യത്തിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിനോദ സഞ്ചാരം നിരോധിച്ചു.
മണിമുത്താർ വെള്ളച്ചാട്ടത്തിനു മുകളിലൂടെ വിനോദ സഞ്ചാരികൾ പോകുന്നതും നിരോധിച്ചിട്ടുണ്ടെന്ന് കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതം അംബാസമുദ്രം ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ എസ്. സെമ്പകപ്രിയ പറഞ്ഞു. അതിനിടെ ആന അഗസ്ത്യവനമേഖലയിൽ കയറാനുള്ള സാഹചര്യമുണ്ടെന്നു തോട്ടം തൊഴിലാളികൾ പറയുന്നു. ആനകൾ ഇവിടെ വരുന്നത് പതിവാണ്. മാഞ്ചോലയ്ക്ക് സമീപമാണ് ആനത്താര. ഇതുവഴി ആനകൾ കൂട്ടമായി അഗസ്ത്യമലയുടെ ഭാഗമായ കേരളത്തിലെത്തും. ഈറ്റക്കാടുകളും മുളങ്കാടുകളും ധാരാളമുള്ള മേഖലയാണ് അഗസ്ത്യവനം.
കേരള വനം വകുപ്പ് ഈ സാധ്യത മുന്നിൽ കണ്ട് ജാഗ്രത പുലർത്തുന്നുണ്ട്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളിലെ 10 ളം വാച്ചർമാരെ നിരീക്ഷണത്തിനായി നിയോഗിച്ചു.