വെള്ളറട: ലൈഫ് ഭവന പദ്ധതി പ്രകാരം വീടു നിര്മിക്കുന്നതിന് എന്ഒസി (നോ ഒബ്ജക്ഷന് സര്ട്ടിഫിക്കറ്റു ) കിട്ടാന് 2000 രൂപ വീതം ഗുണഭോക്താവ് അടക്കണമെന്ന വിചിത്രമായ തീരുമാനവുമായി അമ്പൂരി പഞ്ചായത്ത്. നടപടിയിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ.
ഭവന നിര്മാണത്തിന് അനുവാദം ലഭിക്കുന്നതിനു ഫീസ് ഇനത്തില് 2000 മുതല് ഈടാക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മറ്റു പഞ്ചായത്തുകളിലില്ലാത്ത തീരുമാനം മാറ്റണമെന്ന് നിര്ധനരായ ഉപഭോക്താക്കള് ആവശ്യപ്പെട്ടിട്ടും കോണ്ഗ്രസ് നേതൃത്വം നല്കുന്ന ഭരണ സമിതി തയാറാകുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. മാത്രമല്ല ഇതു സര്ക്കാരിന്റെ തീരുമാനമാണെന്നു തെറ്റായി പ്രചാരണം നടത്തുന്നുവെന്നും ആരോപണമുണ്ട്. ഇതിനെതിരേ ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ബ്ലോക്ക് സെക്രട്ടറി പി.എസ്. നീരജ്, ഷംനാദ്, നിതിന് തുടങ്ങിയവര് ഉപരോധത്തിനു നേതൃത്വം നല്കി. ലൈഫ് ഭവന പദ്ധതിയിലുള്പ്പെട്ടവര്ക്കുള്ള ഫീസ് ഒഴിവാക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പു ലഭിച്ചതിനു ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.