ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലാ വിസിക്കെതിരായ ഹര്‍ജി മാറ്റി
1246700
Thursday, December 8, 2022 12:07 AM IST
കൊച്ചി: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ആദ്യ വിസിയായി നിയമിതനായ പി.എം. മുബാറക് പാഷയ്ക്കു മതിയായ യോഗ്യതയില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി വിശദമായ വാദത്തിന് 13ലേക്കു മാറ്റി. കുസാറ്റിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. പി.ജി. റോമിയോ നല്കിയ ഹര്‍ജി ജസ്റ്റീസ് ദേവന് രാമചന്ദ്രനാണു പരിഗണിക്കുന്നത്.
മുബാറക് പാഷയുടെ നിയമനം യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും അദ്ദേഹത്തിന് പ്രഫസര്‍ യോഗ്യതയില്ലെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ വിസിയെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിനു നല്കുന്ന സര്‍വകലാശാലാ നിയമത്തിലെ സെക്ഷന്‍ 11(2) റദ്ദാക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു.
സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു പാനലുണ്ടാക്കാതെ വിസിയെ നിയമിച്ചെന്നും നടപടികള്‍ സുതാര്യമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പിഎച്ച്ഡി യോഗ്യത നേടി 25 വര്‍ഷമായി സര്‍വകലാശാലാ അധ്യാപകനായും 2011 മുതല്‍ പ്രഫസറായും ജോലി ചെയ്യുന്ന തനിക്ക് വിസി നിയമനത്തിനുള്ള അവസരം നിഷേധിച്ചെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. വിസിയുടെ നിയമനം റദ്ദാക്കി തനിക്കു താത്കാലിക ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡോ. റോമിയോ ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്.