നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങള്‍ പാടിപ്പറഞ്ഞ് തുടക്കമിട്ടത് സി.എ. സത്യദേവന് ആയിരുന്നു.
പിന്നീട് കേരളത്തില്‍ പ്രചാരമുണ്ടായിരുന്ന വില്ലടിച്ചാണ് പാട്ടിന്റെയും ചാക്യാര്‍കൂത്തിന്റെയും പിന്നാലെ ജോസഫ് കൈമാപറമ്പന്‍, എം.പി. മന്മഥന് തുടങ്ങിയവരിലൂടെ രംഗത്തെത്തിയ കഥാപ്രസംഗം ഇന്ന് പഴയ തലമുറയുടെ മനസില്‍ പച്ചപിടിച്ച് കിടക്കുന്ന കലാസൃഷ്ടിയാണ്.
പെരുന്നാളുകള്‍, ഉത്സവങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയുടെ പൂര്‍ണതയ്ക്ക് ഒഴിവാക്കാനാവാത്ത ചേരുവയായിരുന്നു ഒരുകാലത്ത് കഥാപ്രസംഗങ്ങള്‍. കഥാപ്രസംഗം കേള്‍ക്കാനായി ആസ്വാദകർ വേദികള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു.
ചിരിക്കാനും ചിന്തിക്കാനും കരയാനുമൊക്കെയുള്ള ചേരുവകകള്‍ കോര്‍ത്തിണക്കിയും സംഗീതവും നാട്യങ്ങളും പ്രസംഗവും മലയാളത്തിന്റെ സ്ഫുടതയും ആംഗ്യങ്ങളുമൊക്കെ ചേര്‍ത്തുള്ള കഥ പറയലിന്റെ കലയില്‍ മതിമയങ്ങിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.
കാഥികന്റെ നില്പിലും ചലനങ്ങളിലുമുള്ള വാചാലതയിലും ശൈലിയിലും പിന്നണി സംഗീതത്തിലും ശാസ്ത്രീയതയുണ്ടായിരുന്നു. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് മാറ്റത്തിന്റെ മണിനാദമുയര്ത്തി പുതിയ ചിന്തകള്‍ക്കും നവോത്ഥാനങ്ങള്ക്കുമുള്ള വിത്തുപാകല്‍ കഥാപ്രസംഗത്തിന്റെ വലിയ സംഭാവനയുമായിരുന്നു.
എന്നാലിപ്പോൾ പത്തോ ഇരുപതോ മിനുട്ട് മനപാഠമാക്കി കഥപറഞ്ഞുതീര്ക്കുന്ന കലോത്സവങ്ങളിലെ മത്സരയിനങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. പ്രതാപം നഷ്ടപ്പെട്ട കഥാപ്രസംഗമെന്ന കലയ്ക്ക് ഉണര്‍ത്തുപാട്ടായി മാറുകെയന്ന ലക്ഷ്യത്തോടെയാണ് പയ്യന്നൂരില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കഥാപ്രസംഗത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമായത്.
പയ്യന്നൂരിലെ കലാ-സാംസ്കാരിക സംഘടനയായ സമന്വയയാണ് "വൈഖരി കഥാപ്രസംഗ ശതാബ്ദി' എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
കഥാപ്രസംഗത്തിന്റെ കെടാവിളക്ക്
പുതുതലമുറകളുടെ മനസില്‍നിന്ന് എറെ അകലെയാണ് കഥാപ്രസംഗവേദികളില്‍ തിളങ്ങിനിന്നിരുന്ന മഹാരഥന്മാര്. വടക്കന്‍ പറവൂരിനടുത്തുള്ള കെടാമംഗലത്ത് ജനിച്ച് 18-ാം വയസില്‍ ആദ്യകഥയുമായി രംഗത്തെത്തിയ കെടാമംഗലം സദാനന്ദന് 64 വര്‍ഷക്കാലമാണ് കഥാപ്രസംഗ രംഗത്ത് സജീവമായി നിലനിന്നത്.
നാല്‍പ്പതിലേറെ കഥകള്‍ പതിനയ്യായിരത്തോളം വേദികളിലായി അവതരിപ്പിച്ച ഇദ്ദേഹം ചങ്ങമ്പുഴയുടെ രമണന് എന്ന കഥ മൂവായിരത്തി അഞ്ഞൂറില്‍ പരം വേദികളിലവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു.
ചങ്ങമ്പുഴയുടെ രമണന്, വാഴക്കുല എന്നീ കഥകളും ഉണ്ണിയാര്‍ച്ച, കര്ണന്, അഗ്നി നക്ഷത്രം, അവന് വീണ്ടും ജയിലിലേക്ക്, അഗ്നിപരീക്ഷ, പട്ടമഹര്ഷി, ചിരിക്കുന്ന മനുഷ്യന്, വ്യാസന്റെ ചിരി, അഹല്യ തുടങ്ങിയ നിരവധി കഥകളുമാണ് ഇദ്ദേഹം കഥാപ്രസംഗമാക്കിയത്.
സാംബശിവന് എന്ന ഇതിഹാസം
കത്തിച്ചുവച്ചിരുന്ന പെട്രൊമാക്സിന്റെ വെളിച്ചത്തില്‍ മൈക്കില്ലാതെ കഥപറഞ്ഞുകൊണ്ടായിരുന്നു കൊല്ലം ചവറയിലെ വി.സാംബശിവന്റെ കഥാപ്രസംഗ രംഗത്തേക്കുള്ള ചുവടുവയ്പ്പ്.
ആസ്വാദകരുടെ മനസില്‍ കഥാപ്രകമ്പനം സൃഷ്ടിച്ചതോടെ ആയിരക്കണക്കിന് വേദികളിലേക്കുള്ള ഇടതടവില്ലാത്ത പ്രയാണമായി അത് മാറുകയായിരുന്നു.
പഠനത്തോടൊപ്പമായിരുന്നു കഥപറയല്‍. എസ്എഫ്ഐ നേതാവായും അധ്യാപകനായും പ്രവര്‍ത്തിക്കുന്നതിനിടയിലും വേദികളില്‍നിന്നു വേദികളിലേക്കുള്ള നെട്ടോട്ടമായിരുന്നു. ദേവത, കൊച്ചുസീത, മഗ്ദലനമറിയം, വാഴക്കുല, ആയിഷ, റാണി, പട്ടുനൂലും വാഴനാരും, പ്രേമശില്പി, പുള്ളിമാന്‍ എന്നീ കഥകള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
സംബശിവനെ കഥാപ്രസംഗ രംഗത്ത് എറെ ശ്രദ്ധേയനാക്കിയത് ഈ രംഗത്തെ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളായിരുന്നു.പരമ്പരാഗത കഥകള്‍ക്കുപുറമെ സാംബശിവന്റെ ശ്രദ്ധ ചെന്നെത്തിയത് വിശ്വസാഹിത്യ കൃതികളിലേക്കായിരുന്നു.
ലിയോ ടോള്‍സ്റ്റോയിയുടെ "ദ പവര്‍ ഓഫ് ഡാര്‍ക്നെസ്' എന്ന നാടകത്തെ ആസ്പദമാക്കിയുള്ള "അനീസ്യ', ഷേക്സ്പിയറുടെ ‘ഒഥല്ലോ ദി മൂര്‍ ഒഫ് വെനീസ്' എന്ന നാടകത്തെ ആസ്പദമാക്കിയുള്ള ഒഥല്ലോ എന്നീ കഥാപ്രസംഗങ്ങള്‍ സാംബശിവനെ കഥാപ്രസംഗകലയുടെ രാജകുമാരനാക്കി മാറ്റി.
ബിമല്‍ മിത്രയുടെ നോവലിനെ അടിസ്ഥാനമാക്കി അടിയന്തരാവസ്ഥയുടെ പ്രയോക്താക്കള്‍ക്കെതിരെ "ഇരുപതാം നൂറ്റാണ്ട്' വേദികളിലവതരിപ്പിച്ചപ്പോള് പത്ത് മാസത്തെ ജയില്‍വാസവും സാംബശിവനെ തേടിയെത്തി.
അക്കാലത്തെ കാസറ്റുകളിലൂടെ മിക്ക വീടുകളിലെ അകത്തളങ്ങളിലും സാംബശിവന്റെ ശബ്ദമെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മൂത്തമകന് വസന്തകുമാര്‍ സാംബശിവന് പിതാവിന്റെ പാത പിന്തുടര്ന്ന് ഇപ്പോള്‍ കഥാപ്രസംഗരംഗത്തുണ്ട്.
ഹാസ്യകഥാപ്രസംഗത്തിനും വേദിയുണ്ടായി
ഇടക്കാലത്ത് ഹാസ്യ കഥാപ്രസംഗത്തിലൂടെ ശ്രദ്ധേയനായ കോട്ടയം സ്വദേശി വി.ഡി. രാജപ്പനും തന്റേതായ സംഭാവനകള്‍ ഈ രംഗത്തിന് നലകി.
മൃഗങ്ങളുടെയും മറ്റും ജീവിതകഥകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന രീതിയാണ് ഇദ്ദേഹം സ്വീകരിച്ചത്. മൃഗങ്ങളുടെ പ്രണയത്തിനും പ്രതികാരത്തിനും ഹാസ്യാത്മകത പകര്‍ന്ന് മലയാള ഗാന പാരഡികളോടെയാണ് ഇദ്ദേഹം കഥപറഞ്ഞത്.
പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥകളിലൂടെ കോഴിയും പോത്തും നായുമെല്ലാം കഥാപാത്രങ്ങളായപ്പോള്‍ ഇതിനും നിരവധി വേദികളുണ്ടായി. വി.ഡി. രാജപ്പന്റെ കഥാപ്രസംഗത്തിന്റെ ആയിരക്കണക്കിന് കാസറ്റുകളാണ് ചൂടപ്പംപോലെ വിറ്റുപോയത്.
വി. ഹര്‍ഷകുമാര്‍, കടവൂര്‍ ബാലന്, കടവൂര്‍ ശിവദാസന്‍, തേവര്‍ത്തോട്ടം സുകുമാരന്‍, ചിറക്കര സലീംകുമാര്‍, പട്ടംത്തുരുത്ത് വിലാസിനി, അയിലം ഉണ്ണിക്കൃഷ്ണന്, കൊല്ലം ബാബു, ആലുവ മോഹന്‍രാജ്, വി.വി. ജോസ് കല്ലട എന്നിവരും കഥാപ്രസംഗ കലയ്ക്ക് നിരവധി സംഭാവനകള്‍ നല്കിയവരാണ്.
സമൂഹത്തിന്റെ ചേതനകളില്‍ വിസ്ഫോടനങ്ങളുണ്ടാക്കി മാറ്റത്തിന്റെ കാഹളം മുഴക്കിയ കഥാപ്രസംഗമെന്ന കല വേരറ്റുപോകാതിരിക്കാന്‍ ശതാബ്ദിയാഘോഷങ്ങള്‍ ഇടയാകുമെന്ന് പ്രത്യാശിക്കാം.
പീറ്റർ ഏഴിമല