1971ൽ തമിഴ്നാട്ടിലെ തിരിച്ചെന്തൂർ ലോക്സഭാ മണ്ഡലത്തിൽനിന്ന് ഡിഎംകെ സ്ഥാനാർഥിയായിരുന്ന എം.എസ്. ശിവസ്വാമി വിജയിച്ചത് 26 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ശിവസ്വാമിക്ക് 2,02,783 വോട്ടുകൾ ലഭിച്ചപ്പോൾ സ്വതന്ത്രാ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച എം. മത്തിയാസ് 2,02,757 വോട്ടുകൾ നേടി.
2014ൽ ലഡാക്കിലെ ബിജെപി സ്ഥാനാർഥി തുപ്സാൻ ച്യൂസാങ് വിജയിച്ചത് 36 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. വോട്ടർമാർ കുറവുള്ള മണ്ഡലമായ ലഡാക്കിൽ നടന്ന വാശിയേറിയ ചതുഷ്കോണ മത്സരത്തിൽ തുപ്സാൻ 31,111 വോട്ടുകൾ നേടിയപ്പോൾ സ്വന്ത്രനായ ഗുലാം റാസ 31,075 വോട്ടുകൾ നേടി.
മറ്റൊരു സ്വതന്ത്രൻ 28,234 വോട്ടുകൾ നേടിയപ്പോൾ നാലാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർഥിക്കു ലഭിച്ചത് 26,402 വോട്ടുകൾ മാത്രമാണ്. 1962ൽ മണിപ്പൂരിലെ ഔട്ടർ മണിപ്പൂർ മണ്ഡലത്തിൽ നിന്നു വിജയിച്ച മണിപ്പുർ സോഷ്യലിസ്റ്റ് പാർട്ടിയിലെ റിഷാംഗ് കെയ്ഷിംഗിനു ലഭിച്ചത് 42 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.
റിഷാംഗ് 35,609 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത കോൺഗ്രസ് സ്ഥാനാർഥി സിബോ ലഹ്റോയ്ക്ക് ലഭിച്ചത് 35,579 വോട്ടുകൾ. 2004ലെ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽനിന്നു യുണൈറ്റഡ് ജനതാദൾ സ്ഥാനാർഥിയായ പി. പൂക്കുഞ്ഞിക്കോയ വിജയിച്ചത് 71 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
പൂക്കുഞ്ഞിക്കോയ 15,597 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത കോൺഗ്രസ് സ്ഥാനാർഥി പി.എം. സെയ്ദിനു 15,526 വോട്ടുകളാണ് ലഭിച്ചത്. 1980 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ദിയോറിയ ലോക്സഭാ മണ്ഡലത്തിൽനിന്നു വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി രാമായൺ സിംഗിന്റെ ഭൂരിപക്ഷം 77 വോട്ടുകളായിരുന്നു.
രാമായൺ സിംഗിന് 1,10,014 വോട്ടുകൾ ലഭിച്ചപ്പോൾ തൊട്ടടുത്ത ജനതാപാർട്ടി സ്ഥാനാർഥി രാംധാരി ശാസ്ത്രിക്കു ലഭിച്ചത് 1,09,937 വോട്ടുകളായിരുന്നു. 1999ൽ യുപിയിലെ ഖതംപുരിൽനിന്നു മത്സരിച്ച ബിഎസ്പി സ്ഥാനാർഥി പ്യാരേലാൽ സംഘ്വാർ വിജയിച്ചത് 105 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
1994ൽ പഞ്ചാബിലെ ലുധിയാന മണ്ഡലത്തിൽനിന്നു വിജയിച്ച ശിരോമണി അകാലിദൾ സ്ഥാനാർഥിയായിരുന്ന മേവാ സിംഗിനു ലഭിച്ചത് 140 വോട്ടുകളുടെ ഭൂരിപക്ഷമാണ്. നിസാര വോട്ടിനു തോറ്റ സ്ഥാനാർഥികളുടെയും അണികളുടെ കാര്യമാണ് കഷ്ടം. ജീവിതകാലം മുഴുവൻ അവർ അക്കാര്യമോർത്ത് പരിതപിച്ചുകൊണ്ടിരിക്കും.
കാരാണം ഒന്നു കൂടി ഒത്തുപിടിച്ചിരുന്നെങ്കിൽ തങ്ങൾക്കു കടന്നുകൂടാമായിരുന്നു. എംപിയായാലുള്ള സമൂഹത്തിലെ പദവിയും ലക്ഷക്കണക്കിനു രൂപയുടെ ആനുകൂല്യങ്ങളും പേഴ്സണൽ സ്റ്റാഫുമെല്ലാം ഓർത്താൽ അവർക്കെങ്ങനെയാണ് ഉറക്കം വരിക.