ചിറക്കൽ ചിറയുടെ കരയിലുള്ള കിഴക്കേക്കര മതിലകം ശ്രീകൃഷ്ണക്ഷേത്രത്തിലെ വിശാലമായ ഊട്ടുപുരയും കൃഷ്ണഗാഥയുടെ കഥാഭാഗങ്ങൾ ചിത്രീകരിച്ച ദാരുശില്പങ്ങളും ഇപ്പോൾത്തന്നെ ധാരാളം പേരെ ആകർഷിക്കുന്നുണ്ട്.
ഏഷ്യയിലെതന്നെ ഏറ്റവും വലിയ മനുഷ്യനിർമിത ചിറയായ ചിറക്കൽച്ചിറ നവീകരിച്ചതിന് ശേഷമാണ് ഈ സ്ഥലം കൂടുതൽ ജനശ്രദ്ധയമായത്. സ്ഥലം കണ്ടെത്താൻ സർക്കാർ റവന്യൂവകുപ്പിനോടാവശ്യപ്പെട്ടു.
കാട്ടാമ്പള്ളിയിലെ ജലസേചനവകുപ്പിന്റെ സ്ഥലമായിരുന്നു റവന്യൂവകുപ്പ് കണ്ടെത്തിയത്. എന്നാൽ, ആ സ്ഥലം ആർക്കും സ്വീകാര്യമായില്ല. ചരിത്രപ്രാധാന്യം കണക്കിലെടുത്ത് ചിറക്കൽ കിഴക്കേക്കര മതിലകം ക്ഷേത്ര പരിസരത്ത് തന്നെയാകണം സ്മാരകമെന്ന് എംഎൽഎ ആഗ്രഹം പ്രകടിപ്പിച്ചു.
ചിറക്കൽ കോവിലകം അധികൃതരും ഈ നിർദേശത്തെ പിന്തുണച്ചതോടെയാണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും ക്ഷേത്രത്തിൽ തന്നെ സ്മാരകം പണിയാൻ തീരുമാനമാകുകയും ചെയ്തത്.
വരണം തുഞ്ചൻപറമ്പിന് സമാനമായ സ്മാരകംമലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് രാമനുജനെഴുത്തച്ഛന്റെ ജന്മദേശമായ തുഞ്ചൻപറമ്പിൽ സ്ഥാപിച്ച സ്മാരകത്തിനും മ്യൂസിയത്തിനും സമാനമായ സംസ്കാരിക കേന്ദ്രമാണ് ചിറക്കലിൽ ചെറുശേരിക്കായി ഒരുക്കേണ്ടതെന്ന അഭിപ്രായം ശക്തമാണ്.
എഴുത്തച്ഛന്റെ നാരായം (എഴുത്താണി) ഉൾപ്പെടെ ഭാഷാചരിത്രവുമായി ബന്ധപ്പെട്ട ലിഖിതങ്ങളും പുരാരേഖകളും സരസ്വതി മണ്ഡപത്തിലും അതിനോട് ചേർന്ന ലൈബ്രറിയിലുമായി സൂക്ഷിച്ചിട്ടുണ്ട്.
തുഞ്ചൻപറമ്പിലെ കാഞ്ഞിരമരച്ചോട്ടിലിരുന്നാണ് എഴുത്തച്ഛൻ തന്റെ രചനകൾ നിർവഹിച്ചതും ശിഷ്യരെ പഠിപ്പിച്ചതും. എഴുച്ഛന്റെ ഭാഷാ മാധുര്യത്താൽ കാലക്രമേണ ഈ കാഞ്ഞിരം സ്വാഭാവിക കയ്പ് രസം ഉപേക്ഷിച്ചെന്നാണ് പറയുന്നത്.
കയ്പില്ലാത്ത കാഞ്ഞിരമരം ഇപ്പോഴും തുഞ്ചൻ പറന്പിൽ സംരക്ഷിച്ചു നിലനിർത്തുന്നുണ്ട്. ഇതു പോലെ ചെറുശേരിയുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാം അതേപടി നിലനിർത്തി സാംസ്കാരിക കേന്ദ്രം ഒരുക്കിയാൽ തനിമ ചോരാതെ എല്ലാം അതുപോലെ നിലനിൽക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
തീർഥാടന ടൂറിസത്തിലേക്കുള്ള കാൽവയ്പ്പ്ചെറുശേരി സ്മാരകം ചിറക്കലിനെ തീർഥാടക ടൂറിസത്തിന്റെയും സാംസ്കാരിക പരിപാടികളുടെയും കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുന്ന പദ്ധതിയാണ്. തൊട്ടരികെ ഫോക്ലോർ അക്കാദമി സ്ഥിതി ചെയ്യുന്നതും പഠന-ഗവേഷണ കാര്യങ്ങൾക്ക് എത്തുന്നവർക്ക് തുണയാകും.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അടുത്തടുത്തുള്ള തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീർഥാടകരെയും ആഭ്യന്തര സഞ്ചാരികളെയും ആകർഷിക്കാനും ഇതിലൂടെ സാധിക്കും. രണ്ടു കിലോമീറ്റർ ചുറ്റളവിൽ അൻപതിലേറെ ക്ഷേത്രങ്ങളുണ്ട് എന്നതാണ് ചിറക്കൽ ഗ്രാമത്തിന്റെ പ്രത്യേകത.