ഓമ്നിയും ട്രാവൽസും അപ്പോഴാണ് തനിക്കും കുടുംബത്തിനും സഞ്ചരിക്കാനായി ഒരു കാർ വേണമെന്ന ചിന്ത രമേഷിലുണ്ടായത്. പക്ഷേ കട നവീകരിക്കാനും മറ്റും പണം ചെലവാക്കുകയും കടം വാങ്ങുകയും ചെയ്തിരുന്നതിനാൽ രമേഷിന്റെ കൈയിൽ കാർ വാങ്ങാനുള്ള പണം ഉണ്ടായിരുന്നില്ല.
1993ൽ അദ്ദേഹം ഒരു പുതിയ മാരുതി ഓമ്നി വാൻ സ്വന്തമാക്കി. ലോൺ എടുത്തായിരുന്നു കാർ വാങ്ങിയത്. അതിനാൽ മാസം 6,800 രൂപയോളം ബാങ്കിൽ അടയ്ക്കേണ്ടതായി ഉണ്ടായിരുന്നു. എന്നാൽ കട നവീകരിക്കാനും മറ്റും കടമെടുത്ത രമേഷിന് ലോൺ കൃത്യമായി അടച്ചുപോവുക വളരെ ബുദ്ധിമുട്ടായി തോന്നി.
അങ്ങനെയിരിക്കുന്പോഴാണ് അമ്മ വീട്ടുജോലിക്കു പോയിക്കൊണ്ടിരുന്ന വീട്ടുകാർ വഴി ഒരാൾ കാർ വാടകയ്ക്ക് എടുക്കാമെന്നു പറഞ്ഞ് രമേഷിനെ സമീപിക്കുന്നത്. 1994ൽ അത് വാടകയ്ക്ക് നൽകി.
ഇതായിരുന്നു അദ്ദേഹത്തിന്റെ ട്രാവൽസിന്റെ തുടക്കം. മുടിവെട്ടു കടയിൽനിന്നു കാര്യമായ വരുമാനം ലഭിച്ചു തുടങ്ങിയതോടെ മറ്റൊരു ഓംമ്നി വാൻ കൂടി വാങ്ങി അതും വാടകയ്ക്ക് നൽകി. രണ്ടു മൂന്നു കൊല്ലത്തിനുള്ളിൽ രമേഷ് ഏഴ് മാരുതി ഓംമ്നി കാറുകൾ വാങ്ങി.
തന്റെ ഭാഗ്യനന്പറായി അദ്ദേഹം കരുതുന്നത് ആറ് എന്ന അക്കമാണ്. നിരവധി തവണ ആറാം നന്പർ അദ്ദേഹം ലേലത്തിൽ വാങ്ങി. രമേഷ് ആദ്യമായി വാങ്ങിയ കാറിനുള്ള ആറാം നന്പർ തനിക്കു ഭാഗ്യം നൽകിയതായാണ് അദ്ദേഹത്തിന്റെ വിശ്വാസം.
ഇന്നും ആദ്യമായി വാങ്ങിയ ഓംമ്നി കാർ രമേഷിന്റെ പക്കലുണ്ട്. അത് ഒരിക്കലും താൻ വിൽക്കില്ലെന്നും അദ്ദേഹം പറയുന്നു.
കോടീശ്വരനായ ബാർബർഇന്നദ്ദേഹത്തിന് ആഡംബരക്കാറുകളടക്കം 400 ലധികം കാറുകളുണ്ട്. 1200 കോടി രൂപയടെ ആസ്തിയാണ് രമേഷ് ബാബുവിനുള്ളത്. എങ്കിലും തന്റെ സലൂണിൽ ഇന്നും അദ്ദേഹം ദിവസവും അഞ്ച് മണിക്കൂർ ജോലി ചെയ്യുന്നു.
തന്റെ വേരുകൾ അവിടെയാണ് എന്നും അത് മറക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. നേരത്തെ പിതാവു മരിച്ചതിനുശേഷം ദിവത്തിൽ ഒരു നേരം മാത്രമാണ് താൻ നേരാംവണ്ണം ഭക്ഷണം കഴിച്ചിരുന്നതെന്നും അതൊന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും രമേഷ് പറയുന്നു.
നിരവധി ഇന്നോവ കാറുകളും ലക്ഷ്വറി ബസും മറ്റെല്ലാത്തരം യാത്രാ വാഹനങ്ങളും രമേഷ് ടൂർസ് ആൻഡ് ട്രാവൽസിലുണ്ട്. ദിവസം 75,000 രൂപ വരെയാണ് തന്റെ ലക്ഷ്വറി കാറുകൾക്ക് അദ്ദേഹം വാടക ഈടാക്കുന്നത്.
സിനിമാ താരങ്ങളും ഷൂട്ടിംഗ് ആവശ്യമുള്ളവരും ഉന്നത രാഷ്ട്രീയ നേതാക്കളുമൊക്കെ രമേഷ് ടൂർസിന്റെ കസ്റ്റമേഴ്സാണ്. മാസങ്ങൾക്കു മുന്പ് ഒറ്റ ദിവസം 3 ലക്ഷ്വറി കാറുകൾ ഒരുമിച്ച് വാങ്ങി മുറ്റത്തെത്തിച്ച് വാർത്തകളിൽ അദ്ദേഹം ഇടംപിടിച്ചിരുന്നു.
മെർസിഡസ് ബെൻസ് ഇ-ക്ലാസ് സെഡാനുകളാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്. തന്റെ കമ്പനിയായ രമേശ് ടൂർസ് ആൻഡ് ട്രാവൽസ് വഴി ഇവയും സെലിബ്രിറ്റികൾക്ക് വാടകയ്ക്ക് നൽകാനാണ് കോടീശ്വരനായ വ്യവസായിയുടെ തീരുമാനം. ഡൽഹി ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ട്രാവൽസിന് ഓഫീസുകളുണ്ട്.
ഇന്ന് ബംഗൂരുവിലെ പേരെടുത്ത സെലൂണുകളിലൊന്നാണ് ഇന്നർ സ്പേസ്. സലൂണിൽ എത്തുന്നവരുടെ മുടി വെട്ടിക്കൊടുക്കുകയും ഷേവ് ചെയ്തു കൊടുക്കുകയും ഒക്കെ ചെയ്യുന്ന ആ കോടീശ്വരനെ ആളുകൾ അത്ഭുതാദരവോടെയാണ് കാണുന്നത്.
1994ൽ ആരംഭിച്ച ബിസിനസ് മുപ്പതു വർഷങ്ങൾക്കു ശേഷം പടർന്ന് പന്തലിച്ച് വൻ വിജയമായി മാറിയിട്ടും ഇന്നും എളിമ വിടാതെയുള്ള പെരുമാറ്റമാണ് രമേഷിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന്.