ഗുരുസ്വാമി എന്നറിയപ്പെടുന്ന നാരായണനോട് ഈ സംഭവം പറഞ്ഞത് പാർഥസാരഥിക്കു മുന്നിലെ യുവാവായ യേശുദാസിന്റെ ഭക്തി നിർഭരമായ ആലാപനം നേരിട്ട് കേട്ട ക്ഷേത്ര മാനേജർ ഗോദവർമ തന്നെയാണ്.
പിന്നീട് വർഷങ്ങൾക്കുശേഷം ഒതേനന്റെ മകൻ എന്ന ചിത്രത്തിനു വേണ്ടി താൻ പാടിയ ഗുരുവായൂർ അന്പലനടയിൽ എന്ന ഗാനത്തിന്റെ ആദ്യവരി യേശുദാസ് ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ നിന്ന് പാടി, എന്നിട്ട് ഒരു നിമിഷം നിർത്തി...
ഒരു ദിവസം ഞാൻ പോകും എന്ന രണ്ടാമത്തെ വരി പാടാതെ ഗോപുരവാതിൽ തുറക്കും ഞാൻ ഗോപകുമാരനെ കാണും എന്ന് അർഥവത്തായി കണ്ണുകളടച്ച് പാടി, കൈകൂപ്പി. ഗുരുവായൂരന്പല നടയിലെ നൂറുകണക്കിനു ഭക്തരും ആ പ്രാർഥനയിൽ ഒപ്പം ചേർന്നു.
ഗുരു ചെന്പൈ സ്വാമിക്കൊപ്പം കിഴക്കെനടയിലെ വേദിയിൽ കർണാടക സംഗീത കച്ചേരി അവതരിപ്പിക്കുന്നതിനിടയിൽ ആണ് യേശുദാസ് വയലാർ രചിച്ച ഗുരുവായൂരന്പല നടയിൽ പാടുന്നത്. വർഷങ്ങൾക്കു മുന്പ് നടന്ന കച്ചേരിയിൽ വാർത്തകളും വിവാദങ്ങളും ഒന്നും ക്ഷണിച്ച് വരുത്തണ്ട എന്ന് കരുതിയാകും രണ്ടാമത്തെ വരിയായ, ഒരു ദിവസം ഞാൻ പോകും യേശുദാസ് പാടാതിരുന്നത്.
ചെന്പൈ ഭാഗവതരുടെയും യേശുദാസിന്റെയും അന്നത്തെ കച്ചേരി മുൻനിരയിൽ ഇരുന്ന് ആർ. നാരായണൻ കേട്ടിരുന്നു. കരുണ ചെയ്വാൻ എന്ത് താമസം കൃഷ്ണാ എന്ന ഇരയിമ്മൻ തന്പി കീർത്തനം ഭക്തിയിൽ ആറാടി ചെന്പൈസ്വാമി ആലപിക്കുന്പോൾ യേശുദാസും ഒപ്പം ചേർന്നു.
ഗുരുവും ശിഷ്യനും ചേർന്ന് പാൽക്കടലിൽ ശയിക്കുന്ന സാക്ഷാൽ മഹാവിഷ്ണുവിനെ സ്തുതിക്കുന്ന ത്യാഗരാജ കീർത്തനമായ ക്ഷീരസാഗരശയനയും ആലപിക്കുന്നത് ഇന്നും ആർ. നാരായണന്റെ ഉള്ളിൽ തെളിഞ്ഞുനില്ക്കുന്നുണ്ട്.
ഗോപുരവാതിൽ തുറന്ന് ഉള്ളിൽക്കയറിയില്ലെങ്കിലും യേശുദാസിന്റെ ഗാനം ശ്രീകോവിലിനുള്ളിലെ സാക്ഷാൽ ഗോപകുമാരൻ കേട്ടൂ എന്ന് ഇന്നും ആസ്വാദകർ വിശ്വസിക്കുന്നു. രാഗമരാളങ്ങൾ ഒഴുകിയ, രാവ് യമുനാ നദിയായി മാറിയ, നീലക്കടന്പുകൾ പൂത്തുലഞ്ഞ, പൂന്തെന്നൽ താലവൃന്ദം വീശിയ നേരത്ത് ശ്രീകൃഷ്ണന്റെ വേണുനാദം യേശുദാസ് കേൾക്കുക തന്നെ ചെയ്തു.
റേഡിയോയിലൂടെയും മറ്റും കേൾക്കുന്ന വരികൾ കൂടാതെ ഈ ഗാനത്തിന് ഒരു രണ്ടാം ചരണം കൂടിയുണ്ട്. സിനിമയിൽ ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നിലിരുന്ന് ഈ ഗാനം പാടുന്നത് നിത്യഹരിത നായകൻ പ്രേംനസീറാണ്. ഒതേനന്റെ മകനായി വരുന്ന പ്രേംനസീറിനുവേണ്ടി യേശുദാസ് പാടുന്ന അവസാന ചരണം
ഓമൽ കൈവിരൽ ലാളിക്കും
ഓടക്കുഴൽ ഞാൻ മേടിക്കും
ഞാനതിൽ അലിഞ്ഞലിഞ്ഞില്ലാതാകും
ഗാനമായി തീരും ശ്രീകൃഷ്ണ ഗാനമായി തീരും എന്നാണ്.
ക്ഷേത്രത്തിനു പുറത്തിരുന്ന് പാടിയ ഗായകൻ, പിന്നീട് അക്ഷരാർഥത്തിൽ ദേവഗായകനായി മാറുന്നതാണ് ലോകം കണ്ടത്.
എസ്. മഞ്ജുളാദേവി