മറക്കാനാകാത്ത അനുഭവം ഒരിക്കല്‍ അടുക്കളയില്‍ ജോലി ചെയ്തു നില്‍ക്കുമ്പോഴാണ് പെരുമ്പാമ്പിനെ കണ്ടെത്തി എന്നുപറഞ്ഞ് നേവല്‍ ബേസില്‍നിന്ന് ഫോണ്‍ വന്നത്. ഞാന്‍ ഉടനെ ഫോറസ്റ്റുകാരെ വിവരം അറിയിച്ചു. ഭര്‍ത്താവ് രാജു എന്നെ ഉടനെ അവിടെ എത്തിച്ചു.
അതിന് 20 കിലോയിലധികം തൂക്കം വരും. അതിനെ പിടിച്ച് ഫോറസ്റ്റുകാര്‍ക്ക് കൈമാറിയപ്പോഴാണ് ആ കാഴ്ച കണ്ടത്. പാമ്പ് കിടന്നിടത്ത് ഇരുപത്തിയൊന്നോളം പാമ്പിന് മുട്ടകള്‍. പാമ്പിനൊപ്പം കൊണ്ടുപോകാനായി ഓരോ മുട്ടയും മരവീപ്പയിലേക്ക് വച്ചപ്പോള്‍ ചിലത് വിരിഞ്ഞ് പാമ്പിന് കുഞ്ഞുങ്ങള്‍ പുറത്തുവന്നു.
ഞാന്‍ വീപ്പയിലേക്ക് വയ്ക്കാനായി ഒരെണ്ണം കൈയിലെടുത്തപ്പോള്‍ അത് എന്റെ കൈയിലിരുന്നു വിരിഞ്ഞു. എന്റെ ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അത്. എന്റെ ഉള്ളം കൈയിലിരുന്ന് ഒരു ജീവന് വിരിയുക.
അതിനെ എനിക്ക് സംരക്ഷിക്കാനാകുക. ആ ആനനന്ദം വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല'- വിദ്യ രാജു പറഞ്ഞു.
വിഷപ്പാമ്പുകളാണെങ്കില്‍ പിടിച്ച് ഫോറസ്റ്റുകാരെ ഏല്‍പ്പിക്കും. അവര്‍ കൊണ്ടുപോയി കാട്ടില്‍ തുറന്നുവിടും. ഫോറസ്റ്റുകാര് വരാന്‍ വൈകിയ സന്ദര്‍ഭത്തില്‍ എന്റെ വീടിനു പുറത്ത് പാമ്പിനെ സൂക്ഷിച്ചിട്ടുണ്ട്.
പിടിക്കാന്‍ ചെല്ലുമ്പോള്‍ ചേര പോലുള്ളവയാണെങ്കില്‍ വാതില്‍ തുറന്നുകൊടുത്തു പുറത്തേക്ക് പോകാന്‍ അനുവദിക്കും. ഒളിച്ചിരിക്കുന്ന പാമ്പ് പുറത്തുവരാനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിയും വരും.
പെരുമ്പാമ്പിനെ പിടിച്ചപ്പോള്‍ ഉള്‍പ്പെടെ മൂന്നു തവണ വിദ്യയ്ക്ക് പാമ്പ് കടിയേറ്റിട്ടുണ്ട്. എങ്കിലും പാമ്പുകളെ രക്ഷിക്കാന്‍ ഈ വീട്ടമ്മ എപ്പോഴും മുന്നിലുണ്ട്.
എല്ലാവരും ഈശ്വരന്റെ സൃഷ്ടിയാണ്... പാമ്പ് നിരുപദ്രവകാരിയായ ജീവിയാണ്. പാമ്പിനെ കണ്ടാലുടന്‍ അതിനെ പേടിപ്പിക്കുമ്പോഴാണ് അത് കൊത്തുന്നത്. ഓരോ ഫോണ്‍കോളുകള്‍ വരുമ്പോഴും പാമ്പുകളുടെ ജീവന് രക്ഷിക്കണം എന്ന ചിന്ത മാത്രമാണ് എന്റെ മനസില്‍ ഉണ്ടാകാറുളളത്.
"എല്ലാവരും ഈശ്വരന്റെ സൃഷ്ടികളാണ്. അവയെ ബഹുമാനിക്കണം' എന്നാണ് എന്റെ അച്ഛന് പഠിപ്പിച്ചു തന്നിരിക്കുന്നത്. ഓരോ പാമ്പിനെ പിടിക്കുമ്പോഴും ആ വാക്കുകളാണ് എന്റെ മനസിലേക്ക് ഓടിയെത്തുന്നത്. നമുക്ക് ഉപദ്രവമില്ലാത്തതിനെ നാം കൊല്ലുന്നത് എന്തിനാണ്'- വിദ്യ ചോദിക്കുന്നു.
കുടുംബമുണ്ട് കൂടെ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡുമുള്ള വിദ്യ പത്തു വര്‍ഷത്തോളം സ്കൂളില്‍ അധ്യാപികയായിരുന്നു. വിവാഹശേഷം ജോലി ഉപേക്ഷിച്ചു. ഭര്‍ത്താവ് കമഡോര്‍ എ.വി.എസ്. രാജു നേവല്‍ ബേസില്‍നിന്ന് വിരമിച്ചെങ്കിലും ഭാര്യയുടെ പാമ്പുപിടിത്തത്തിന് പൂര്‍ണ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.
മകന് കമാന്‍ഡര്‍ സൗരഭും മരുമകള്‍ തേജ്ബിറും ബംഗളൂരുവില്‍ എച്ച്ആര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന മകള്‍ ശ്വേതയും പിന്തുണയുമായി വിദ്യയ്ക്കൊപ്പമുണ്ട്. കൊച്ചുമകന് തനിഷ് അമ്മമ്മയുടെ പാമ്പു പിടിത്തത്തിന്റെ ഫോട്ടോകള്‍ കൗതുകത്തോടെ കാണാറുണ്ടെന്ന് വിദ്യ പറഞ്ഞു.
സീമ മോഹന്‍ലാല്‍