ഹെല്ലേരി, കത്തേവാടി എന്നീ ബ്രീഡുകളാണ് യദുകൃഷ്ണന്റെ ഫാമിലുള്ളത്. കൽപ്പറ്റ മുണ്ടേരി വിഎച്ച്എസ്എസിൽ ലൈഫ് സ്റ്റോക്ക് ഡയറി ഫാമിംഗ് പഠിച്ച ശേഷമാണ് കഴുത വളർത്തലിലേക്ക് കടന്നത്.
നഷ്ടത്തിലോടുന്ന അച്ഛൻ ബാഷിന്റെ ഫാമിൽ നിന്നും എട്ട് പശുക്കളെ വിറ്റ് കിട്ടിയ പണവും പാനൂർ ബ്ലോക്ക് വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെ ഗ്രാമീൺ ബാങ്കിൽ നിന്ന് ലഭിച്ച പണവും ഉപയോഗിച്ചാണ് കഴുത ഫാം തുടങ്ങിയത്.
അമ്മ ദീപ്തിയും സഹോദരി കൃഷ്ണപ്രിയയും യദുകൃഷ്ണന് സഹായവുമായി എപ്പോഴുമുണ്ട്.
കഴുത വളർത്തലിന് ചെലവേറെകഴുത വളര്‍ത്തലിലൂടെ വലിയ വരുമാനം നേടാനാവുമെങ്കിലും അവയ്ക്ക് ചെലവും വളരെ വലുതാണ്. ഒരു മുന്തിയ ഇനം കഴുതയെ വാങ്ങാൻ 50000 മുതല്‍ ഒരുലക്ഷം രൂപ വരെ വേണം. ധാരാളം പാല് ലഭിക്കണമെങ്കില്‍ അവയ്ക്ക് നന്നായി പോഷകാഹാരം നല്‍കണം.
എന്നാൽ, ഇത്രയധികം പണം നൽകി വാങ്ങിക്കുന്ന കഴുതക്ക് ശരിയായ പരിപാലനം ലഭിച്ചില്ലെങ്കിൽ ചത്തുപോകുമെന്നും അതുകൊണ്ട് തന്നെ പ്രത്യേക ശ്രദ്ധ ഇതിന് നൽകണമെന്നും യദുകൃഷ്ണ പറഞ്ഞു.
കൈകൾ ഉപയോഗിച്ചാണ് കഴുതയെ കറക്കുന്നത്. ഒരു ലിറ്റര്‍ കഴുതപ്പാലിന് വിപണിയില്‍ 5000 മുതല്‍ 7000 രൂപ വരെ വിലയുണ്ട്. നാടൻ കഴുതയിൽ നിന്ന് ഒരു ദിവസം 300- 500 മില്ലിലിറ്റർ പാലേ കിട്ടു.
എന്നാൽ, ഹൈ ബ്രീഡ് ഇനങ്ങൾ രണ്ട് ലിറ്റർ പാൽവരെ തരും. എട്ട് മാസം വരെ ഒരു കഴുതയെ കറക്കാം. ഫ്രീസറിൽ പാൽക്കട്ടിയായി അഞ്ച് മാസം വരെ സൂക്ഷിക്കാം.
സൗന്ദര്യം കൂട്ടാൻ കഴുതപ്പാൽകഴുതയെ പൊതുവെ ഭാരം ചുമക്കുന്ന മൃഗമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍, കഴുതപ്പാലിന്റെ ഔഷധ ഗുണത്തെ പറ്റി ആര്‍ക്കും വലിയ ധാരണയില്ലെന്നതാണ് സത്യം. കഴുതപ്പാലില്‍ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
മുലപ്പാലിന് തുല്യമായപോഷക മൂല്യങ്ങളും പ്രതിരോധ ശേഷിയുമുണ്ട് കഴുതപ്പാലിന്. മാത്രമല്ല നിരവധി സൗന്ദര്യ വര്‍ധക വസ്തുക്കളിലെയും പ്രധാന ചേരുവയാണ് കഴുതപ്പാല്.
ഈ ഗുണങ്ങൾ അറിഞ്ഞ് കഴുത വളർത്തൽ ആരംഭിച്ചിട്ട് ഒരുമാസം പിന്നിടുമ്പോഴേക്കും കഴുതപ്പാൽ വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തുന്നുണ്ടെന്ന് യദുകൃഷ്ണൻ പറയുന്നു.
ചോളത്തണ്ട്, ചോളപ്പൊടി, പച്ചപ്പുല്ല്, ഉണക്കപ്പുല്ല് എന്നിവയാണ് കഴുകൾക്ക് തീറ്റ. ഫ്രീസ് ചെയ്ത പാൽ തിരുനെൽവേലിയിലെ ഒരു വൻകിട ഫാമിൽ നിന്ന് വാഹനം വന്നാണ് ശേഖരിക്കുന്നത്. ആന്ധ്രയിൽ നിന്നുള്ള മറ്റൊരു ഫാമിൽ നിന്നും പാൽക്കട്ടിക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.