നീർവഞ്ഞികൾ പൂത്തു എന്ന ഗാനം പാടുന്പോൾ ഒരു പക്ഷിയെപ്പോലെ ചിറകുവിടർത്തി ആകാശത്തിലേക്ക് ഉയർന്നുപൊങ്ങുന്ന അനുഭൂതിയാണ്..'' ഹിന്ദിയിലും തമിഴിലും തെലുങ്കിലുമൊക്കെ പാടിയിട്ടുണ്ടെങ്കിലും തനിക്ക് ആത്മസംതൃപ്തി നൽകിയത് മലയാള ഗാനങ്ങൾ ആണെന്ന് ബി.വസന്ത പറഞ്ഞിരുന്നു.
ബി.വസന്ത പാടിയ ചില ഗാനങ്ങളുടെ ക്രെഡിറ്റ് ഗായികയ്ക്ക് നൽകാതെ മറ്റ് പ്രശസ്തരായ ഗായികമാർക്ക് ആസ്വാദകർ അറിയാതെ നൽകാറുണ്ട്. അതേകുറിച്ച് വസന്ത പറഞ്ഞത്- ""വലിയ വേദനയുള്ള കാര്യമാണ്.
ചില ഗാനമേളകളിൽ ഞാൻ എന്റെ പാട്ടുകൾ പാടിക്കഴിയുന്പോൾ ചില ആസ്വാദകർ അരികെ വന്ന് പറയാറുണ്ട്, ഈ പാട്ട് ചേച്ചിയുടേതാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്ന്. വളരെ കഷ്ടപ്പെട്ട് അർപ്പണം ചെയ്ത് പഠിച്ച് പാടിയ പാട്ടുകൾ മറ്റൊരു ഗായികയുടെ പേരിൽ അറിയപ്പെടുന്പോൾ നല്ല വിഷമം തോന്നും.
ചിലർ വന്ന് ഇത് പി.സുശീലയുടെ പാട്ടല്ലേ എന്നും ചോദിക്കും. ഞാൻ അപ്പോൾ ചോദിക്കും- മലയാളത്തിൽ എത്രയോ പ്രശസ്ത ഗാനങ്ങൾ പാടിയ പാട്ടുകാരിയല്ലെ സുശീലാമ്മ. എന്റെ പാട്ടുംകൂടി കൊടുക്കണോ?''
ആന്ധ്രയിൽ ജനിച്ച് ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ബി.വസന്ത വളരെ ശ്രമപ്പെട്ടാണ് തീരെ പരിചിതമല്ലാത്ത മലയാള ഗാനങ്ങൾ പാടിയത്. ഹൃദയം മലയാളത്തിൽ ചേർത്ത് വച്ചതുകൊണ്ടാകും തെക്കുംകൂറടിയാത്തി പോലുള്ള കടുകട്ടിയുള്ള ഗാനം അതിമനോഹരമായ നാടൻ ശീലിൽ വസന്ത അതിമനോഹരമാക്കിയത്.
അതേക്കുറിച്ചും ബി.വസന്ത പറയാറുണ്ട്- ""വലിയ കടുപ്പമുള്ള വാക്കുകളാണ്. ഇടയ്ക്ക് ശ്വാസം എടുക്കുവാനുള്ള സമയം പോലുമില്ലാതെ ഒരേ ശ്വാസത്തിൽ പാടേണ്ട വരികളുമുണ്ട്. എന്നാൽ ഈ ഗാനം രണ്ടാമത്തെ ടേക്കിൽ തന്നെ ജി.ദേവരാജൻ മാസ്റ്റർ എന്ന കർക്കശക്കാരനായ സംഗീത സംവിധായകൻ ഓക്കെ പറഞ്ഞു. അതൊക്കെ വലിയ ദൈവാനുഗ്രഹമായി കാണുകയാണ്. ''