ബിജെപിക്കു മുന്നിൽ വില പേശൽ ഒന്നും നടത്തിയില്ലെങ്കിലും അവർ അറിഞ്ഞ് ചിരാഗിന് കേന്ദ്ര കാബിനറ്റ് മന്ത്രി പദവി നൽകി. ഇനി അടുത്ത കൊല്ലം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മിന്നും വിജയം നേടാനായാൽ ചിരാഗിനെ അവഗണിക്കാൻ ബിജെപിക്കോ സഖ്യകക്ഷിയായ ജെഡിയുവിനോ ആവില്ല എന്നതാണ് വാസ്തവം.
ഏതായാലും പിതാവിന്റെ അത്ര പ്രശസ്തനല്ലെങ്കിലും ചിരാഗും ഇന്ന് ഇന്ത്യയിലെ പ്രശസ്ത രാഷ്ട്രീയ നേതാക്കളുടെ പട്ടികയിലെത്തിയിരിക്കുകയാണ്.
രാംവിലാസ് പസ്വാൻചിരാഗിന്റെ പിതാവ് രാംവിലാസ് പസ്വാൻ ഒട്ടേറെ റിക്കാർഡുകൾക്കുടമയാണ്. ബിരുദാനന്തര ബിരുദധാരിയായിരുന്ന പസ്വാന് പോലീസിൽ ഡിഎസ്പിയായി ജോലി ലഭിച്ചിരുന്നു. ദളിത് വിഭാഗത്തിൽപ്പെട്ടവനായിരുന്ന പാസ്വാന് പ്രസംഗിക്കാൻ നല്ല പാടവവും ഒട്ടേറെ രാഷ്ട്രീയ ബന്ധങ്ങളുമുണ്ടായിരുന്നു.
അതോടെ രാംവിലാസ് പസ്വാൻ തന്റെ ജോലി രാജിവച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുകയായിരുന്നു. 69ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബീഹാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുതന്നെ ഇന്ത്യയിൽ ഇന്നുവരെ ആർക്കും തകർക്കാനാവാത്ത റിക്കാർഡുമായിട്ടായിരുന്നു.
ഇന്ത്യയിൽ നിയമസഭയിലേക്കോ ലോക്സഭയിലേക്കോ മത്സരിക്കണമെങ്കിൽ 25 വയസ് പൂർത്തിയായിരിക്കണമെന്ന് നിയമമുണ്ട്. എന്നാൽ പസ്വാൻ തന്റെ 23-ാം വയസിൽ നിയമസഭാംഗമായി. ബീഹാറിലെ അലൗളി മണ്ഡലത്തിൽ നിന്നാണ് എസ്എസ്പി സ്ഥാനാർഥിയായി പസ്വാൻ വിജയിച്ചത്.
പത്രിക പരിശോധിച്ച വരണാധികാരി അദ്ദേഹത്തിന്റെ ജനനത്തിയതി പരിശോധിച്ചിരുന്നില്ല. തന്നെയുമല്ല അദ്ദേഹം വിജയിച്ച ശേഷം അഞ്ചു കൊല്ലത്തിനുള്ളിൽ ആരെങ്കിലും കേസു കൊടുത്തിരുന്നുവെങ്കിൽ ആ തെരഞ്ഞെടുപ്പ് അസാധുവായേനെ.
പക്ഷേ ഈ അഞ്ചു കൊല്ല കാലയളവിൽ ആരും അദ്ദേഹത്തിനെതിരേ കേസ് കൊടുത്തില്ല. ഇന്ത്യയിൽ അതിനു മുന്പും അതിനു ശേഷവും ഈ റിക്കാർഡ് ആർക്കും ഭേദിക്കാനായില്ല. കാരണം 25 വയസാവാതെ ആർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല എന്നതുതന്നെ.
പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു പ്രാവശ്യമാണ് അദ്ദേഹം ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ റിക്കാർഡിട്ടത്. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ സ്ഥാപിച്ച സ്വന്തം റിക്കാർഡ് പിന്നീട് 1989ൽ അദ്ദേഹം തിരുത്തിക്കുറിച്ചു.
1977ലെ തെരഞ്ഞെടുപ്പിൽ ഹാജിപ്പൂരിൽ ആകെ പോൾ ചെയ്ത 5,29,440 വോട്ടുകളിൽ 4,69,007 (88.6ശതമാനം) വോട്ടുകൾ നേടിയായിരുന്നു അന്ന് ഭാരതീയ ലോക്ദൾ സ്ഥാനാർഥിയായ പസ്വാന്റെ വിജയം. ഭൂരിപക്ഷം 4,24,545 വോട്ട്.
തൊട്ടടുത്ത എതിർസ്ഥാനാർഥി കോൺഗ്രസിലെ ബാലേശ്വർ റാമിന് കിട്ടിയത് വെറും 44,462 വോട്ട്. എന്നാൽ ഹാജിപുരിൽ നിന്നുതന്നെ പസ്വാൻ 1984ലെ തെരഞ്ഞെടുപ്പിൽ തോറ്റു. ഇന്ദിരാ വധത്തെത്തുടർന്നുണ്ടായിരുന്ന സഹതാപ തരംഗത്തിൽ പസ്വാനും കടപുഴകുകയായിരുന്നു. കോൺഗ്രസിലെ രാം രത്തൻ റാമാണ് അന്ന് പസ്വാനെ മലർത്തിയടിച്ചത്.
പക്ഷേ പിന്നീട് 1989ൽ കോൺഗ്രസ് തരംഗം ആഞ്ഞുവീശിയിട്ടും തന്റെ റിക്കാർഡ് പസ്വാൻ തിരുത്തിക്കുറിച്ചു. അന്ന് ജനതാദളൾ സ്ഥാനാർഥിയായി ഹാജിപൂരിൽ മത്സരിച്ച പസ്വാന് 5,04,448 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.
ഇന്ത്യ മുഴുവൻ ആഞ്ഞടിച്ച കോൺഗ്രസ് അനുകൂല കാറ്റിലും കോൺഗ്രസ് സ്ഥാനാർഥിയെ റിക്കാർഡ് ഭൂരിപക്ഷത്തിനു തറപറ്റിച്ച പസ്വാൻ താരമായി. ഏഴ് തവണ കേന്ദ്ര മന്ത്രിയായിരുന്ന പസ്വാൻ നിരവധി തവണ മുന്നണികളും മാറി.
ആദ്യ വിവാഹബന്ധം നിലനിൽക്കെ എയർഹോസ്റ്റസായ റീന ശർമയുമായി പസ്വാൻ പ്രേമബന്ധത്തിലായിരുന്നു. തുടർന്ന് ആദ്യ ഭാര്യ രാജ്കുമാരി ദേവിയുമായുള്ള വിവാഹബന്ധം പസ്വാൻ 1981ൽ ഒഴിയുകയും 1982ൽ പഞ്ചാബിയായ റീന ശർമയെ വിവാഹം കഴിക്കുകയുമായിരുന്നു.
പസ്വാന്റെ രണ്ടാം ഭാര്യ റീന ശർമയിലുണ്ടായ മകനാണ് ചിരാഗ് പസ്വാൻ. ഇന്ത്യയിലെ ദളിത് വിഭാഗങ്ങൾക്കിടയിൽ അനിഷേധ്യ നേതാവായിരുന്ന അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായിരുന്നു ഹാജിപ്പൂർ.
എസ്. റൊമേഷ്