മല കയറുന്ന സയയത്ത് ചുറ്റും കാണുന്നത് ആകാശത്തെ ചുംബിച്ചു പച്ചപ്പട്ടുടുത്ത് നിൽക്കുന്ന മനോഹരമായ കുന്നുകളാണ്. ആദ്യം കുറച്ചു ദൂരം കയറി പോകാൻ കൽപടികളുണ്ട്. പാതയ്ക്കിരുവശത്തുമായി വലുതും ചെറുതുമായ പാറക്കെട്ടുകളും ഇടതൂർന്ന് വളരുന്ന പലതരം കാട്ടുചെടികളും കാണാം.
മല കയറി പോകുമ്പോൾ പാറയ്ക്ക് മുകളിൽ കൊത്തിയ ഹനുമാന്റെ ശിലയുണ്ട്. പോകുന്ന വഴിയിൽ ചിലയിടത്ത് ശിവലിംഗവും നാഗവിഗ്രഹങ്ങളുമൊക്കെ കാണാൻ കഴിയും. തുടർന്ന് ചെറിയൊരു ആശ്രമം. ആശ്രമവും കഴിഞ്ഞ് പോകുമ്പോൾ കാണുന്നത് ഒരു ഗുഹയാണ്.
സ്വരൂപാനന്ദസ്വാമിയെന്ന ഋഷിവര്യൻ തപസ് അനുഷ്ഠിച്ച സ്ഥലമാണീ ഗുഹ. പിന്നെ പാറക്കെട്ടിനിടയിലൂടെയുള്ള മൺപാതയിലൂടെ കുത്തനെയുള്ള കയറ്റം എത്ര കൊടുംവേനലിലും ഇവിടെ തണുപ്പ് മാത്രം. മൂന്നാമത്തെ മലയിലാണ് പിള്ളത്തടം ഗുഹ. ശ്രീനാരായണഗുരു ആറ് വർഷക്കാലം ഏകാന്തതപസ് അനുഷ്ഠിച്ചയിടമാണ് മരുത്വാമലയുടെ ഗർഭസ്ഥാനമായ പിള്ളത്തടംഗുഹ.
ശ്രീനാരായണഗുരുവിനു മുമ്പും ശേഷവും ഒരുപാട് യോഗികൾക്ക് ഇവിടം തപോഭൂമിയായിട്ടുണ്ട്. പിള്ളത്തടംഗുഹയ്ക്കുള്ളിൽ ഏതു കൊടുംവേനലിലും തണുപ്പുള്ള കാലാവസ്ഥയാണ്. ഇവിടെ അൽപനേരമിരുന്നാൽ വിശപ്പും ദാഹവും പോലും മറക്കും.
ഇവിടുത്തെ ആറ് വർഷത്തെ തപസിനിടയിൽ ഗുരുവിന്റെ ഭക്ഷണം കട്ടുക്കൊടി എന്നു പേരുള്ള ഔഷധസസ്യമായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇതു കഴിച്ചാൽ വിശപ്പും ദാഹവും അറിയില്ലത്രേ. രണ്ട് പാറക്കെട്ടുകൾക്കിടയിലെ വിള്ളലാണ് ഗുഹയുടെ വാതിൽ.
മരുത്വാമലയെക്കുറിച്ച് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരുകളുടെ വിവിധ ഏജൻസികളും പഠനവും ഗവേഷണവും നടത്തുകയാണ്. ഇവിടുത്തെ ഔഷധസസ്യങ്ങളെ സംബന്ധിച്ചാണ് അധികപഠനവും. ഇതിനായി ഗവേഷകർ അടക്കം ഇവിടെ എത്തുന്നു.
അടുത്തിടെ ഇവിടെ നിന്നും സഹ്യസാനുവിലെ ചില അപൂർവ്വയിനം ചെടികൾ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. ഇതു സംബന്ധിച്ച് പഠനം നടന്നുവരികയാണ്. മൃതസഞ്ജീവനിയും വിശല്യകരണിയും സന്താനകരണിയും സുവർണകരണിയും ഇപ്പോഴും അവിടെ കണ്ടേയ്ക്കാം. പക്ഷേ അവയെ തിരിച്ചറിയാൻ ഇനിയുമൊരു ജാംബവാൻ നമുക്കെവിടെയുണ്ടാവാൻ?
യാത്രഅതിരാവിലെയോ വൈകുന്നേരമോ ഇവിടെ എത്തുന്നതാണ് ഉചിതം. പ്രത്യേകിച്ചും സൂര്യ ഉദയാസ്തമയങ്ങൾ അതിനുമുകളിൽ നിന്നുകാണുന്നത് നല്ലൊരു അനുഭവമായിരിക്കും. മൂന്ന് കടലുകളും ഇവിടെ നിന്നാൽ കാണാൻ കഴിയും.
കന്യാകുമാരിയിലെ വിവേകാനന്ദപ്രതിമയും തിരുവള്ളുവർ പ്രതിമയും ഭംഗിയായി കാണാം. മരുത്വാമല ഒരു ടൂറിസം ഡെസ്റ്റിനേഷൻ എന്നതിനപ്പുറം ഒരു തീർത്ഥാടനം കേന്ദ്രം കൂടിയാണ്. ട്രെക്കിങ്ങിനായി ഇങ്ങോട്ടു വരുന്ന സഞ്ചാരികളോടൊപ്പം തന്നെ ഒരുപാട് വിശ്വാസികളും ഇവിടേക്ക് ദിനംപ്രതി എത്തുന്നുണ്ട്.