മാധവറാവു സിന്ധ്യ കൊല്ലപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന ഗുണ ലോക്സഭാ സീറ്റിൽ അടുത്ത ഫെബ്രുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജ്യോതിരാദിത്യയെ സ്ഥാനാർഥിയാക്കി.
4,50,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തന്റെ കന്നി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തനായ എതിരാളിയെ നിലംപരിശാക്കി ജ്യോതിരാദിത്യ തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2004ൽ നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
2007ൽ അദ്ദേഹം കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായി. കേന്ദ്ര വാർത്താവിനിമയ-ഐടി മന്ത്രിയായാണ് അദ്ദേഹം നിയമിതനായത്. വീണ്ടും 2009ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം അക്കൊല്ലത്തെ കേന്ദ്ര മന്ത്രിസഭയിൽ വ്യവസായ വാണിജ്യ വകുപ്പു മന്ത്രിയായി.
തുടർന്ന് 2014ൽ നടന്ന തെരഞ്ഞെടുപ്പിലും ഗുണ സീറ്റിൽനിന്നു ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020ൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കമൽനാഥുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹവും അദ്ദേഹത്തെ അനുകൂലിച്ചിരുന്ന എംഎൽഎമാരും കോൺഗ്രസ് വിട്ടു.
ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. 2020 മാർച്ച് 23ന് കമൽനാഥ് രാജിവച്ച ഉടൻ ജ്യോതിരാദിത്യ പക്ഷത്തുള്ള എംഎൽഎമാരുമായി ചേർന്ന് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ ബിജെപി മന്ത്രിസഭയുണ്ടാക്കി.
ഇതിനു പ്രത്യുപകാരമായി അക്കൊല്ലം ജൂണിൽ മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാ എംപിയായി ബിജെപി ജ്യോതിരാദിത്യയെ നോമിനേറ്റു ചെയ്തു. 2021ലെ കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയിൽ അദ്ദേഹത്തെ ബിജെപി കേന്ദ്ര വ്യോമയാന-ടൂറിസം വകുപ്പുമന്ത്രിയായി നിയമിച്ചു.
വിജയരാജെ സിന്ധ്യയുടെ മകൾ വസുന്ധര രാജെ സിന്ധ്യ 2003 മുതൽ 2008 വരെയും 2013 മുതൽ 2018 വരെയും രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്നു. അഞ്ച് തവണ വീതം നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട അവർ രണ്ടു തവണ കേന്ദ്രമന്ത്രിയുമായി.
വസുന്ധരയുടെ പുത്രൻ ദുഷ്യന്ത് സിംഗും ബിജെപി നേതാവാണ്. 2003 ൽ വിദേശ പഠനം കഴിഞ്ഞ് തിരിച്ചെത്തി ബിജെപിയിൽ ചേർന്ന ദുഷ്യന്ത് സിംഗ് തുടർച്ചയായി നാലു തവണ രാജസ്ഥാനിൽ നിന്നു വന്പൻ ഭൂരിപക്ഷത്തിൽ ജയിച്ച് ലോക്സഭയിലെത്തി.
2004ലും 2009ലും 2014ലും 2019ലും വിജയിച്ച ദുഷ്യന്ത് സിംഗ് ഓരോ പ്രാവശ്യവും തന്റെ റിക്കാർഡ് ഭൂരിപക്ഷം നിലനിർത്തി വരികയാണ്. നല്ലൊരു ബിസിനസുകാരനും കൂടിയാണ് ദുഷ്യന്ത്.
രാജമാതായുടെ മറ്റൊരു മകൾ യശോധര രാജെ സിന്ധ്യയും ബിജെപിയുടെ ഉന്നത നേതാവാണ്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഇളയ സഹോദരിയായ യശോധര ഇപ്പോൾ മധ്യപ്രദേശ് മന്ത്രിസഭയിലെ സ്പോർട്സ്,യുവജനക്ഷേമ, സാങ്കേതിക വിദ്യാഭ്യാസ ചുമതല വഹിക്കുന്ന മന്ത്രിയാണ്.
2007ൽ ഗ്വാളിയോർ ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് യശോധര ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പിന്നീട് 2009ൽ നടന്ന പൊതു തെരഞ്ഞെടുപ്പിലും അവർ ഗ്വാളിയോർ സീറ്റിൽ വിജയിച്ചു.
2013 മുതൽ അവർ തുടർച്ചയായി മധ്യപ്രദേശ് നിയമസഭയിലും അംഗമാണ്. സംസ്ഥാന ബിജെപിയിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള അവർ പാർലമെന്ററിസമിതികളിലും അംഗമായിരുന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലുമുള്ള വോട്ടർമാർക്കിടയിൽ സിന്ധ്യ കുടുംബത്തോടുള്ള രാജഭക്തിയാണ് ഇവരെ തെരഞ്ഞെടുപ്പുകളിൽ വിജയത്തിലേക്ക് നയിക്കുന്നത്.
സിന്ധ്യ കുടുംബത്തിലുള്ളവർക്കെല്ലാം കോടിക്കണക്കിനു രൂപയുടെ ആസ്തിയാണുള്ളത്. നാലായിരം കോടിയോളം രൂപ വില വരുന്ന ജയ്വിലാസ് പാലസിലാണ് ഇപ്പോൾ ജ്യോതിരാദിത്യ സിന്ധ്യ താമസിക്കുന്നത്.
നാനൂറു മുറികളുള്ള ഈ കൊട്ടാരത്തിലെ 35 മുറികൾ മ്യൂസിയമാക്കി മാറ്റി പൊതുജനങ്ങൾക്കു തുറന്നു കൊടുത്തിട്ടുണ്ട്. ഇതിലെ ചില മുറികളിൽ സ്വർണം കൊണ്ടാണ് അലങ്കാരപ്പണികൾ നടത്തിയിരിക്കുന്നത്.
ജ്യോതിരാദിത്യയ്ക്ക് പിതൃസ്വത്തായി കിട്ടിയ വസ്തുക്കളുടെ ആകെ മൂല്യം 20,000 കോടിയോളം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒന്നാം സ്വാതന്ത്യസമര കാലത്ത് അധികാരം നിലനിർത്താൻ ബ്രിട്ടീഷ് ചായ്വ് പ്രകടിപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന സിന്ധ്യ കുടുംബം സ്വാതന്ത്ര്യാനന്തര ഭാരതത്തിലും രാജ്യഭരണം തുടരുകയാണ്.
അവസാനിച്ചു