1930ൽ അദ്ദേഹം ഷെൽ ഓയിൽ കന്പനിയിൽ ജോലി ചെയ്യുന്പോൾ സമീപവാസികൾക്ക് തന്റെ പ്രത്യേക രീതിയിലുള്ള ഫോർമുല ഉപയോഗിച്ചുണ്ടാക്കിയ വറുത്തചിക്കൻ നൽകിയിരുന്നു.
1939ൽ അദ്ദേഹം നോർത്ത് കരോളിനയിലെ ആഷ്വെല്ലി പട്ടണത്തിൽ തന്റെ സന്പാദ്യമുപയോഗിച്ച് ഒരു റസ്റ്ററന്റ് തുടങ്ങി. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ആ റസ്റ്ററന്റ് തീപിടിച്ചു നശിച്ചു.
അവിടംകൊണ്ടും തളരാതെ അദ്ദേഹം ആ റസ്റ്ററന്റ് 140 സീറ്റുകളിലായി വിപുലപ്പെടുത്തി പുതുക്കിപ്പണിതു. അപ്പോഴാണ് 1941 നവംബറിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതും റസ്റ്ററന്റ് പൂട്ടേണ്ടി വരുന്നതും.
ഇതിനിടെ തന്റെ ആദ്യഭാര്യ ജോസഫൈനുമായി അദ്ദേഹം 1947ൽ വേർപിരിഞ്ഞു. 1949ൽ ക്ലൗഡിയ പ്രൈസ് എന്ന സ്ത്രീയെ വിവാഹം കഴിച്ചു. പിന്നീട് മറ്റു ജോലിയൊന്നും ലഭിക്കാതെ വന്നപ്പോൾ ഒരു റസ്റ്ററന്റിൽ സഹായിയായി കൂടി.
അവിടെനിന്നു പടിപടിയായി ഉയർന്ന് റസ്റ്ററന്റിലെ വെയ്റ്റർ ആയി. ആ റസ്റ്ററന്റിൽ വർഷങ്ങളുടെ പരിചയം ആയപ്പോൾ അദ്ദേഹം അവിടുത്തെ അടുക്കളയിലും കയറിപ്പറ്റി. അവിടെ തന്റെ ചിക്കൻ പാചക പരീക്ഷണങ്ങൾ നടത്തി സുഹൃത്തുക്കൾക്കു നൽകി.
എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന് അറുപതു വയസു കഴിഞ്ഞപ്പോൾ തങ്ങൾക്ക് ഇദ്ദേഹം ഒരു ബാധ്യതയായാലോ എന്നു കരുതി ഉടമകൾ റസ്റ്ററന്റിൽനിന്നു പറഞ്ഞുവിട്ടു.
അതോടെ ജീവിക്കാൻ പണമൊന്നുമില്ലാതെ നട്ടം തിരിഞ്ഞ അവസ്ഥയിലെത്തി. ഗത്യന്തരമില്ലാതെ പ്രാദേശിക അധികൃതരോട് താൻ വിരമിക്കുന്നതായി അറിയിച്ച് 105 ഡോളറിന്റെ തന്റെ ആദ്യത്തെ സാമൂഹിക സുരക്ഷാ ചെക്ക് സ്വീകരിച്ചു.
ഒരു മികച്ച വറുത്ത ചിക്കൻ പാചകക്കുറിപ്പ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. റസ്റ്ററന്റിൽ കേണൽ സാൻഡേഴ്സ് തയാറാക്കിയിരുന്ന വറുത്ത ചിക്കൻ ഏറെ പേർക്കും ഇഷ്ടവുമായിരുന്നു.
കേണൽ സാൻഡേഴ്സ് തന്റെ പ്രദേശത്തുടനീളമുള്ള വീടുകളിലേക്കും റസ്റ്ററന്റുകളിലേക്കും നേരിട്ട് ചെന്ന് തന്റെ ചിക്കൻ റെസിപ്പി പ്രൊമോട്ട് ചെയ്യാൻ ശ്രമിച്ചു.
വിവിധ റസ്റ്ററന്റുകളിലേക്ക് നേരിട്ട് ചെന്ന അദ്ദേഹം റസ്റ്ററന്റ് ഉടമകൾക്ക് തന്റെ വറുത്ത ചിക്കൻ അവിടെത്തന്നെ പാകം ചെയ്തു നൽകി. എന്നാൽ പലരും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്.
വീട്ടിൽ പാചകം ചെയ്തു കൊണ്ടുവരുന്ന ചിക്കന് ആയതിനാൽ പലവീട്ടുകാരും ചിക്കൻ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചില്ല. ഒരു റസ്റ്ററന്റിൽതന്നെ പാചകം ചെയ്ത ചിക്കൻ നൽകിയാൽ കച്ചവടം കിട്ടുമെന്ന് അദ്ദേഹത്തിനു തോന്നി.
അപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ ആകെ ഉണ്ടായിരുന്നത് 99 ഡോളർ ആയിരുന്നു. ആയിരത്തിലധികം റസ്റ്ററന്റുകളിൽ അദ്ദേഹം പോയി അവിടെ തന്റെ ചിക്കൻ പാകം ചെയ്തു വിൽക്കാൻ സമ്മതിക്കണമെന്ന് അഭ്യർഥിച്ചു.
പക്ഷേ ആരും ആ വയസന്റെ അപേക്ഷ കൈക്കൊണ്ടില്ല. എന്നിട്ടും അദ്ദേഹം നിരാശനായില്ല. അവസാനം ഒരു റസ്റ്ററന്റുകാർ ഉപാധികളോടെ ചിക്കൻ വിൽക്കാൻ സമ്മതിച്ചു. വിൽക്കുന്ന ചിക്കന്റെ ഒരു ഷെയർ അദ്ദേഹത്തിനു നൽകും.
വിൽക്കാതെ വരുന്നത് അദ്ദേഹം തിരിച്ചെടുക്കണം. ആദ്യമൊക്കെ ഒരുപാടു ചിക്കൻ ബാക്കിവന്നു. കൈയിലുള്ള പണം തീർന്നപ്പോൾ അദ്ദേഹം പരിചയക്കാരിൽ നിന്നു 85 ഡോളർ കടം വാങ്ങി. പിന്നെപ്പിന്നെ അദ്ദേഹത്തിന്റെ ചിക്കന് പ്രചാരം വർധിച്ചു. ഉണ്ടാക്കുന്നതു തികയാത്ത അവസ്ഥയിലെത്തി.
സാൻഡേഴ്സ് തന്റെ ‘രഹസ്യ പാചകക്കുറിപ്പും’ പ്രഷർ ഫ്രയറിൽ ചിക്കൻ പാകം ചെയ്യുന്നതിനുള്ള പേറ്റന്റ് രീതിയും വികസിപ്പിച്ചെടുത്തു. റസ്റ്ററന്റ് ഫ്രാഞ്ചൈസിംഗ് ആശയത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ അദ്ദേഹം 1952ൽ യൂട്ടയിലെ സൗത്ത് സാൾട്ട് ലേക്ക് എന്ന സ്ഥലത്ത് ആദ്യത്തെ കെഎഫ്സി ഫ്രാഞ്ചൈസി ആരംഭിച്ചു.
രാജ്യത്തുടനീളം തന്റെ ഫ്രൈഡ് ചിക്കൻ ഫ്രാഞ്ചൈസിക്കായി അദ്ദേഹം മുഴുവൻ സമയവും സമർപ്പിച്ചു. പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കെന്റക്കി ഫ്രൈഡ് ചിക്കന് അത്ര കണ്ടു അമേരിക്കയിൽ ആരാധകരുണ്ടായി.
അമേരിക്കയിലെ ചിക്കന്റെ പര്യായംതന്നെ കെഎഫ്സി എന്നായി മാറി. പിന്നെ സാവധാനം രാജ്യത്തിന് പുറത്തേക്കു തന്റെ ഫ്രാഞ്ചൈസികൾ വ്യാപിപ്പിച്ചു. ഫ്രാഞ്ചൈസികൾക്ക് തന്റെ റെസിപി പ്രകാരമുള്ള മസാലക്കൂട്ടുകൾ അദ്ദേഹം നേരിട്ടു വിതരണം ചെയ്തു.
അതുപയോഗിക്കുന്ന കെഎഫ്സി ചിക്കന് ലോകമെമ്പാടും ഒരു രുചിയായി. 1964 ആയപ്പോഴേക്കും തന്റെ 73ാം വയസിൽ കേണൽ സാൻഡേഴ്സിന് 600 കെഎഫ്സി ഫ്രാഞ്ചൈസികൾ ഉണ്ടായിരുന്നു.
ജോൺ വൈ. ബ്രൗൺ ജൂണിയറിന്റെയും ജാക്ക് സി. മാസിയുടെയും നേതൃത്വത്തിലുള്ള ചെറുപ്പക്കാരായ ഒരു കൂട്ടം നിക്ഷേപകർക്ക് അദ്ദേഹം 1964ൽ തന്റെ കമ്പനി രണ്ടു മില്യൺ ഡോളറിന് (ഇന്ന് 18.9 ദശലക്ഷം ഡോളർ) വിറ്റു.
എന്നാൽ കാനഡയിലെ പ്രവർത്തനങ്ങളുടെ നിയന്ത്രണം അദ്ദേഹം നിലനിർത്തി, കെന്റക്കി ഫ്രൈഡ് ചിക്കന്റെ ശമ്പളമുള്ള ബ്രാൻഡ് അംബാസഡറായി ഇതിനിടയിലും അദ്ദേഹം തുടർന്നു.
കേണൽ ഹർലാൻഡ് സാൻഡേഴ്സ് 1980 ൽ തന്റെ തൊണ്ണൂറാം വയസിൽ ലോകത്തോട് വിട പറഞ്ഞു. 1996ൽ 94ാം വയസിലാണ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ മരിച്ചത്.
പരാജയപ്പെട്ട സംരംഭകർക്ക് ഇന്നും ജീവിതവിജയം നേടാൻ ഒരു പ്രചോദനമാണ് സാൻഡേഴ്സിന്റെ ജീവിതകഥ.
എസ്. റൊമേഷ്