റീന അടുത്തു ചെന്നപ്പോള്‍ വിറയാര്‍ന്ന ശബ്ദത്തില്‍ തനിക്ക് മാനസിക പ്രശ്നമുണ്ടെന്നും ചികിത്സിക്കാമോയെന്നും ആന്ധ്രാസ്വദേശിയായ നവദീപ് എന്ന ആ യുവാവ് ചോദിച്ചു. നന്നായി പനിച്ചു കിടക്കുന്ന അവന് അടുത്ത കടയില്‍നിന്ന് ബ്രഡും വെള്ളവും വാങ്ങി കൈയിലുണ്ടായിരുന്ന പാരസെറ്റമോള്‍ ഗുളികയും റീന നല്കി.
ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ വിളിച്ചു കാര്യം പറഞ്ഞു. അപ്പോഴേക്കും ട്രെയിന്‍ വന്നു. തന്റെ പേരും നമ്പറും കടലാസില്‍ കുറിച്ചുനല്കി റീന വണ്ടികയറി. പിറ്റേന്ന് അയാള്‍ അവരെത്തേടി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തി.
തുടര്‍ന്ന് അയാളെ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റി മെച്ചമായ ചികിത്സ ലഭ്യമാക്കി. നവദീപ് ആയിരുന്നു റീന പുനരധിവാസ കേന്ദ്രത്തിലെത്തിച്ച ആദ്യ ആള്. നവദീപിന് ഇപ്പോഴും ചികിത്സ നല്‍കുന്നുണ്ടെന്നും പഴയതില്‍നിന്ന് മാറ്റമുണ്ടെന്നും റീന പറഞ്ഞു.
മീനാക്ഷിയെ ജീവിതത്തിലേക്ക് തിരിച്ച് പിടിച്ച്...എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം ഡ്യൂട്ടി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവം പറയുമ്പോള്‍ ഇന്നും റീനയുടെ കണ്ണു നിറയും. തൊട്ടടുത്ത പ്ലാറ്റ്ഫോമില്‍ ഒരമ്മ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടാണ് റീന അടുത്തേക്ക് എത്തിയത്.
ചുറ്റിലും മലമൂത്രവിസര്‍ജനം നടത്തിയാണ് അറുപതുകാരിയായ ആ അമ്മ കിടക്കുന്നത്. ജീവിതത്തിന്റെ യൗവനങ്ങളില്‍ മുംബൈ നഗരത്തില്‍ തന്റെ ശരീരം വിറ്റു ജീവിച്ച അവരുടെ ഇന്നത്തെ അവസ്ഥ കണ്ടിട്ട് കാണാതെ പോകാന്‍ റീനയ്ക്ക് ആയില്ല.
അവരുടെ ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. അതിലാകെ മണ്ണുപുരണ്ട് പഴുത്ത് അളിഞ്ഞിരിക്കുന്നു. അസഹ്യമായ ദുര്‍ഗന്ധവും. പക്ഷേ അവരെ നെഞ്ചോട് ചേര്‍ക്കാന്‍ റീനയ്ക്ക് അറപ്പില്ലായിരുന്നു.
തെരുവോരം മുരുകന്റെ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കി. ഏറെ വൈകാതെ അവരില്‍ ജീവന്റെ പ്രതീക്ഷ കണ്ടുതുടങ്ങി. രോഗം ഭേദമായതോടെ അവരെ കാക്കനാട്ടുള്ള തെരുവു വെളിച്ചമെന്ന പുനരധിവാസ കേന്ദ്രത്തിലാക്കി.
പിന്നീട് അവിടെ നിന്നു മറ്റൊരു ഷെല്‍ട്ടര്‍ ഹോമിലാക്കിയ മീനാക്ഷി ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നു.
മനസന്തോഷം നല്കിയ നിമിഷംവര്ഷങ്ങള്ക്കു മുമ്പ് റീന തിരുവനന്തപുരം സ്വദേശിയായ 71കാരനെയും തെരുവോരത്തുനിന്ന് രക്ഷിച്ച് അഭയകേന്ദ്രത്തിലാക്കി. അദ്ദേഹത്തോടൊപ്പം നില്ക്കുന്ന ചിത്രം പത്രങ്ങളില്‍ വന്നിരുന്നു. ഇതുകണ്ടിട്ട് ഗള്‍ഫിലുള്ള ഒരു ബന്ധു അദ്ദേഹത്തിന്റെ മകളെ വിവരം അറിയിച്ചു.
ഓര്‍മക്കുറവുള്ള അദ്ദേഹം ഒരു ദിവസം രാവിലെ നടക്കാനായി വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. പിന്നെ തിരിച്ചു ചെന്നിട്ടില്ല. മകള്‍ റീനയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ തങ്ങളുടെ അച്ഛനെ നാലു മാസത്തിനുശേഷം തിരികെ കിട്ടിയ സന്തോഷത്തില്‍ റീനയ്ക്ക് നന്ദി പറഞ്ഞാണ് ആ കുടുംബം പോയത്.
കുറേ നാളുകള്‍ക്കുശേഷം റീന ആ കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു വര്‍ഷം മുമ്പ് അദ്ദേഹം മരിച്ചതായി മകള്‍ അറിയിച്ചു. ഒരുപക്ഷേ അനാഥനായി മരിക്കേണ്ടിവരുമായിരുന്ന അദ്ദേഹത്തെ ബന്ധുക്കളുടെ കൈകളില്‍ ഏൽപ്പിക്കാൻ കഴിഞ്ഞല്ലോയെന്ന സന്തോഷം വളരെ വലുതാണെന്ന് റീന പറഞ്ഞു.
അന്നമൊരുക്കാനും മുന്നിൽതെരുവോരത്ത് അന്തിയുറങ്ങുന്നവര്‍ക്ക് അന്നം നല്‍കുന്നതിനായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും പോലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ 2021 ജനുവരിയില്‍ ആരംഭിച്ച പോലീസ് അക്ഷയപാത്ര പദ്ധതിക്ക് ചുക്കാന്‍ പിടിച്ചതും റീന ജീവനായിരുന്നു.
പോലീസുകാരും പൊതുജനങ്ങളും ചേര്‍ന്നുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലെ ഓരോ അംഗവും ഓരോ ദിവസവും ഭക്ഷണപ്പൊതി സ്പോണ്സര് ചെയ്യും. ഇത്തരത്തില്‍ അറുപതോളം ഭക്ഷണപ്പൊതികള്‍ ദിവസവും തെരുവോരങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. അന്നത്തെ തിരുവനന്തപുരം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുല്‍ഫിക്കറിന്റെ പൂര്‍ണപിന്തുണ കൂടി ലഭിച്ചതോടെ പദ്ധതി വന്‍വിജയമായിരുന്നുവെന്ന് റീന പറഞ്ഞു.
അതിന്റെ ചുവടുപിടിച്ച് പാലക്കാട് നന്മ ഫൗണ്ടേഷനുമായി ചേര്‍ന്ന് പാലക്കാട് സൗത്ത് സ്റ്റേഷനു മുന്നിലും പട്ടിക്കര പെട്രോള്‍ പപമ്പിനു സമീപവും ഫുഡ് കിയോസ്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ കോഓര്‍ഡിനേറ്ററും റീന ജീവന് തന്നെയാണ്.
സേനയില്‍ നിന്നുള്ള പിന്തുണറീനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സേനയില്‍നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പാലക്കാട് ജില്ല പോലീസ് മേധാവി ആനന്ദ്, തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പി സുല്‍ഫിക്കര്‍, പാലക്കാട് മുന്‍ ഡിസിആര്‍ബി ഡിവൈഎസ്പി ശ്രീകുമാര്‍, ഇപ്പോഴത്തെ ഡിവൈഎസ്പി ബാലകൃഷ്ണന്, കണ്ണൂര്‍ അഡിഷണല്‍ എസ്പി സദാനന്ദന്, റിട്ട. ഡിവൈഎസ്പി കാസിം, സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നല്കുന്ന പിന്തുണ വളരെ വലുതാണെന്നാണ് റീന ജീവന് പറയുന്നത്.
താങ്ങും തണലുമായി ജീവന്‍തന്നെ ആദ്യമായി പെണ്ണുകാണാന്‍ വന്ന ജീവന് എന്ന ചെറുപ്പക്കാരനോട് റീന എന്ന പോലീസ് ഉദ്യോഗസ്ഥ ഒരു ചോദ്യം ചോദിച്ചു. "തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്ക് താമസിക്കാനും ഭക്ഷണം നല്‍കാനും ഒരു ഷെല്‍ട്ടര്‍ ഹോം പണിയണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.
അത് സാധിപ്പിച്ചുതരാന്‍ കൂടെ നില്‍ക്കുമോ?' മുന്നില്‍ നില്ക്കുന്ന യുവതിയുടെ ചോദ്യം കേട്ട് ആ ചെറുപ്പക്കാരന് ആദ്യമൊന്ന് അമ്പരന്നെങ്കിലും ഉറപ്പായിട്ടും കൂടെയുണ്ടാകുമെന്ന് വാക്കു നല്കി. ആ ഉറപ്പാണ് തന്റെ ഈ സാമൂഹ്യ സേവനത്തിനുള്ള കരുത്തെന്ന് റീന പറയുന്നു.
"അന്തിയുറങ്ങാന്‍ ഇടമില്ലാതെ പ്രായമായവര്‍ അലയരുത്. അതിനായി ഒരു ഷെല്‍ട്ടര്‍ ഹോം പണിയണം. ഇന്നും പോലീസ് സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പലരും തെരുവോരത്ത് അന്തിയുറങ്ങുന്നവരെ സുരക്ഷിതമായി എവിടെ എത്തിക്കണമെന്ന് ചോദിച്ച് എന്നെ വിളിക്കാറുണ്ട്.
ഷെല്‍ട്ടര്‍ ഹോം എന്ന ആ വലിയ മോഹം ദൈവം സാധ്യമാക്കി തരുമെന്ന പ്രതീക്ഷയുണ്ട്' -തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖയായ ഈ പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു നിര്‍ത്തുന്നു.