എൽ.കെ. അഡ്വാനിയും വാജ്പേയിയും ഭൈറോൺസിംഗ് ഷെഖാവത്തും രാജമാതാ വിജയരാജെ സിന്ധ്യയുമായിരുന്നു ബിജെപിയുടെ സ്ഥാപക നേതാക്കളിൽ പ്രധാനികൾ. 2001ല് ആണ് വിജയരാജെ സിന്ധ്യ അന്തരിച്ചത്.
1957ലും 1962ലും നടന്ന തെരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിൽ എത്തിയ വിജയരാജെ സിന്ധ്യ കോൺഗ്രസ് വിടുന്നതിനുണ്ടായ മുഖ്യ കാരണം ഇന്ദിരാഗാന്ധിയുമായി ഉണ്ടായിരുന്ന ശത്രുതയായിരുന്നു.
ഇന്ത്യൻ എക്സ്പ്രസ് ഉടമ രാംനാഥ് യോഗങ്കയും ഇന്ദിരയുമായി അക്കാലത്ത് നല്ല ഉടക്കിലായിരുന്നു. എന്നാൽ വിജയരാജെ സിന്ധ്യയാകട്ടെ ഗോയങ്കയുടെ അടുത്ത സുഹൃത്തും. ഈ ബന്ധത്തിന്റെ പേരിലാണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിക്കുന്നത്.
ഈ വിരോധം പിന്നീട് വളർന്നുകൊണ്ടേയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മിസ ആക്ട് പ്രകാരം ഇന്ദിരാഗാന്ധി, വിജയരാജെ സിന്ധയെ തിഹാർ ജയിലിൽ അടച്ചു.
തന്നെയുമല്ല അടിയന്തരാവസ്ഥക്കാലത്ത് അവർ വിജയരാജയുടെ കൊട്ടാരമായ ഗ്വാളിയാറിലെ ജെയ് വിലാസ് പാലസ് ഇൻകംടാക്സ് ഉദ്യോഗസ്ഥരെക്കൊണ്ട് റെയ്ഡ് ചെയ്യിക്കുകയും 5,300 കിലോ വെള്ളിയും കിലോക്കണക്കിന് സ്വർണവും അനേകം വജ്രാഭരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.
രാജമാതയ്ക്കും മക്കൾക്കുമെതിരേ കണക്കിൽക്കവിഞ്ഞ സ്വത്ത് സന്പാദിച്ചതിനും കള്ളക്കടത്തിനും കേസെടുത്തു. ഇതോടെ ഇവർ തമ്മിലുള്ള വൈര്യം ഇരട്ടിച്ചു.
എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് തടവിലാകുമെന്ന് ഭയപ്പെട്ട മകൻ മാധവറാവു സിന്ധ്യ അതിൽനിന്നു രക്ഷപ്പെടാനായി ഇംഗ്ലണ്ടിലേക്ക് കടന്നു.
അടിയന്തരാവസ്ഥയുടെ കോലാഹലങ്ങളും അറസ്റ്റും ബഹളവുമെല്ലാം കെട്ടടങ്ങിയ ശേഷമാണ് സിന്ധ്യ ഇന്ത്യയിൽ തിരിച്ചെത്തിയത്. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ മാധവറാവു ഇംഗ്ലണ്ടിലേക്ക് കടന്നത് അമ്മയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല.
മാധവറാവുവും അമ്മയും തമ്മില് സ്വത്തിന്റെ പേരില് ഇടഞ്ഞു. ഇന്ദിരാഗാന്ധിയുടെ മക്കളുടെ അടുത്ത സുഹൃത്തായി മാറിയ മാധവറാവു കോണ്ഗ്രസില് ചേര്ന്നു.
അങ്ങനെ നെഹ്റു കുടുംബത്തിന്റെ ഏറ്റവുമടുത്തയാളും മധ്യപ്രദേശിലെ കോണ്ഗ്രസിന്റെ അനിഷേധ്യ നേതാവുമായി മാറി.
അടിയന്തരാവസ്ഥയിലെ പേടിയാണ് മാധവറാവുവിനെ കോണ്ഗ്രസില് ചേരാന് നിര്ബന്ധിതനാക്കിയതെന്ന് സഹോദരി യശോധര തന്നെ പറയുന്നുണ്ട്.
തുടരും