ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്ന് വിശേഷിപ്പിച്ച മോദി കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളാത്തവർ എന്ന് കുറ്റപ്പെടുത്തി. തമിഴ്നാട് വീണ്ടും ഡിഎംകെ സഖ്യം തൂത്തുവാരുമെന്ന സർവേ ഫലങ്ങൾ കാരണമാണ് മോദിയുടെ പ്രസ്താവന എന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
തമിഴ്നാട്ടിലെ 13 ജില്ലകളിലായുള്ള 15 മണ്ഡലങ്ങളിൽ മത്സ്യത്തൊഴിലാളി വോട്ട് നിർണായകമാണ്. തമിഴ്നാട്ടിൽനിന്നുള്ള മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചു എന്ന കാരണം പറഞ്ഞ് ശ്രീലങ്കൻ നാവിക സേന അറസ്റ്റുചെയ്യുന്നത് പതിവായിട്ടും കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ലെന്ന പരാതി കാലങ്ങളായുണ്ട്.
കച്ചത്തീവ് കോൺഗ്രസ് വിട്ടുകൊടുത്തതാണ് പ്രശ്നത്തിനെല്ലാം കാരണം എന്ന് സ്ഥാപിക്കാനാണ് ഇപ്പോഴത്തെ ശ്രമം. കച്ചത്തീവ് ദ്വീപ് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെടുന്ന എം.കെ. സ്റ്റാലിനെയും ചൈനീസ് അധിനിവേശം തടയുന്നതിൽ മോദി പരാജയപ്പെട്ടെന്ന് വിമർശിക്കുന്ന രാഹുൽ ഗാന്ധിയെയും പ്രതിരോധിക്കുകയാണു ബിജെപി ലക്ഷ്യം.
തമിഴ്നാടിന് കച്ചത്തീവുമായുള്ള ബന്ധംപല ഘട്ടങ്ങളിലായി കച്ചത്തീവ് തിരിച്ച് ഇന്ത്യയുടെ ഭാഗമാക്കണമെന്നു തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയലളിതയുടെ കാലത്ത് ഇതുസംബന്ധിച്ച് ഹർജിയും നൽകിയിരുന്നു.
ഇന്ത്യൻ ഭാഗത്ത് സമുദ്രവിഭവങ്ങളുടെ ശോഷണം നേരിടുന്നതിനാൽ ഇവിടെയുള്ള മത്സ്യബന്ധന തൊഴിലാളികൾ ശ്രീലങ്കൻ കടലിലേക്ക് ഇടയ്ക്കിടെ പ്രവേശിക്കാറുണ്ടായിരുന്നു. എന്നാൽ ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധം രൂക്ഷമായതിനാലും എൽടിടിഇയുമായുള്ള യുദ്ധം നടന്നതിനാലുമൊക്കെ അതിർത്തികളിലെ സുരക്ഷ കൂട്ടി.
ഇതിന്റെഭാഗമായി മത്സ്യബന്ധനത്തിനായെത്തുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി പിടിച്ചുവയ്ക്കുന്നതും വലകളും മറ്റും നശിപ്പിക്കുന്നതും പതിവായി ഉണ്ടാകുന്നു.
കച്ചത്തീവിലെ ദേവാലയംഅന്തോണീസ് പുണ്യവാളന്റെ ദേവാലയമാണ് കച്ചത്തീവിലെ ഏക നിർമിതി. മാർച്ച് മാസത്തിലെ പെരുനാളിന് ഇന്ത്യയിലെയും ശ്രീലങ്കയിലെയും വിശ്വാസികളെത്തും.
സുഗമമായ തീർഥാടനവും 1974ലെ ഉടമ്പടിയിലുണ്ട്. പാറയും കുറ്റിക്കാടുകളും പൂഴിയും കൊണ്ട് നിറഞ്ഞ പ്രദേശമാണിത്. ശ്രീലങ്കൻ നാവികസേനയുടെ ചെറിയ താവളം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ചതുരശ്രകിലോമീറ്റർ മാത്രം വിസ്തീർണമുള്ള, ശുദ്ധജലമില്ലാത്ത, പാഴ്ചെടികൾ വളർന്ന് കാടുപിടിച്ച ആ ദ്വീപിലെ ദേവാലയത്തിൽ, തിരുന്നാളിനോടനുബന്ധിച്ച് വർഷത്തിൽ ഒരിക്കൽ മാത്രം ആളുകൾക്ക് പ്രവേശിക്കാം. ഇന്ത്യക്കാർക്കും ശ്രീലങ്കക്കാർക്കും മാത്രമേ അവിടം സന്ദർശിക്കാനാവൂ.
പാസ്പോർട്ടോ വിസയോ ഒന്നുംവേണ്ട. രണ്ടു പകലും ഒരു രാത്രിയും അവിടെ തങ്ങി തിരുന്നാളിൽ പങ്കെടുക്കാം. ഈ ദിവസങ്ങൾക്കായി ഇരുരാജ്യങ്ങളിലും കാത്തിരിക്കുന്നവർ ഏറെയാണ്. അവർക്ക് ഈ ദിവസങ്ങൾ വിശ്വാസത്തിന്റേത് മാത്രമല്ല, ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും ദിനങ്ങൾകൂടിയാണ്.
2014ൽ പ്രശ്നം സുപ്രീം കോടതി പരിഗണിച്ചപ്പോൾ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി പറഞ്ഞത് പ്രശസ്തമാണ്- ‘1974-ലെ കരാർ പ്രകാരമാണ് കച്ചത്തീവ് ശ്രിങ്കയ്ക്ക് വിട്ടുകൊടുത്തത്. ഇപ്പോൾ അതെങ്ങനെ തിരിച്ചെടുക്കും? കച്ചത്തീവ് തിരിച്ചു പിടിക്കണമെങ്കിൽ യുദ്ധം ചെയ്യേണ്ടിവരും!'.