ശാന്തമായ, തിരക്കില്ലാത്ത നഗരജീവിതവും പ്രകൃതിസൗന്ദര്യവും ആ നാടിനെ വേറിട്ടുനിർത്തുന്നു. ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ മഴക്കാടുകൾ, സമൃദ്ധമായ കണ്ടൽവനങ്ങൾ. ഇതിനിടയിലൂടെ സ്പീഡ് ബോട്ടിലൂടെയുള്ള യാത്ര.
സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഇപ്പോൾ ബ്രൂണെ നല്ല സങ്കേതമാകുന്നുണ്ട്. ഇന്ത്യക്കാരും ധാരാളമായി എത്തുന്നുണ്ടെങ്കിലും ചൈനയിൽനിന്നാണ് ഇപ്പോൾ ബ്രൂണെയിലേക്കുള്ള സന്ദർശകർ ഏറെയും. എണ്ണയാണ് ബ്രൂണെയുടെ കരുത്ത്.
എണ്ണപ്പണം കൊണ്ടുള്ള വളർച്ച എല്ലാ തലത്തിലും രാജ്യത്തുണ്ട്. പക്ഷേ, പാരമ്പര്യവും പരിസ്ഥിതിയും ജൈവവൈവിധ്യവുമൊക്കെ സംരക്ഷിച്ചാണ് രാജ്യം മുന്നേറുന്നത്. നഗരഹൃദയത്തിൽ പോലും എങ്ങും പച്ചപ്പിന്റെ ധാരാളിത്തമുണ്ട്.
അവിടെ ജീവിക്കുന്നവരാകട്ടെ അത് സംരക്ഷിക്കുകയും ചെയ്യുന്നു. എണ്ണയുടെ പൊലിമ കുറഞ്ഞതോടെ ടൂറിസം വഴി വരുമാനം ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണ്.
മദ്യമില്ല, സിഗരറ്റുമില്ലബ്രൂണെയിൽ മദ്യമോ സിഗരറ്റോ വിൽക്കുന്നില്ല. അതിന് എവിടെയും നിരോധനമാണ്. സഞ്ചാരികൾക്ക് വേണമെങ്കിൽ പ്രത്യേക അനുമതിയോടെ നിശ്ചിത അളവിൽ മദ്യവും സിഗരറ്റും കൊണ്ടുവരാം. പക്ഷേ, സ്വകാര്യമായി തന്നെ ഉപയോഗിക്കണം.
പുകവലി പൊതുസ്ഥലത്തായാൽ 200 ബ്രൂണെ ഡോളർ വരെ പിഴ വീഴും. മദ്യവും പുകവലിയും അകറ്റിനിർത്തിയതും മികച്ച പരിസ്ഥിതി സംരക്ഷണവും വഴി ബ്രൂണെയെ ആരോഗ്യനഗരമായി വിശേഷിപ്പിക്കപ്പെടുന്നു.
നിശാക്ലബുകളോ ബാറുകളോ ഇല്ലാത്തതിനാൽ രാത്രി ഒമ്പത് മണിയോടെ തന്നെ നഗരം ഉറക്കത്തിലേക്ക് നീങ്ങും. നഗരഹൃദയത്തിലെ പ്രത്യേകം സജ്ജമാക്കുന്ന നൈറ്റ് മാർക്കറ്റാണ് സന്ദർശകർക്കും നാട്ടുകാർക്കുമെല്ലാം കറങ്ങാവുന്ന ഒരിടം.
അതും രാതി പതിനൊന്ന് മണിയിലപ്പുറം നീളില്ല. ചെറിയ ജനസംഖ്യയും ശക്തമായ നിയമവ്യവസ്ഥകളുമായതിനാൽ ജീവിതം ആനന്ദകരമാണെന്ന് എല്ലാവരും പറയുന്നു.
സുൽത്താൻ തന്നെ എല്ലാം1405ൽ ബ്രൂണെയിൻ സാമ്രാജ്യം എന്ന പേരിൽ സുൽത്താൻ വംശത്തിന്റേതായിരുന്നു ഭരണം. നാടിന്റെ സംരക്ഷണത്തിനും വ്യാപാരത്തിനുമെല്ലാം ബ്രിട്ടീഷുകാരുടെ സംരക്ഷണം അവർ തേടിയിരുന്നു. പതിയെ 1906ൽ നാട് ബ്രിട്ടീഷ് കോളനിയായി മാറി.
രണ്ടാം ലോക മഹായുദ്ധകാലത്ത് നാട് ജപ്പാൻകാരുടെ പിടിയിലായെങ്കിലും ബ്രിട്ടീഷ് കോളനിയായി തുടർന്നു. 1959ൽ സുൽത്താനും ബ്രിട്ടീഷ് അധികൃതരും തമ്മിൽ കരാറിലെത്തി. സുൽത്താനെ രാഷ്ട്രത്തലവനായി അംഗീകരിക്കുന്നതായിരുന്നു കരാർ.
സുൽത്താനായ ഹസനാൽ ബോൾക്കിയ താമസിക്കുന്നത് ഇസ്താന നൂറുൽ ഇമാൻ പാലസിലാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ വാസയോഗ്യമായ കൊട്ടാരമായി കാണുന്നത് ഈ പാലസിനെയാണ്.
രണ്ട് മില്യൺ സ്ക്വയർ ഫീറ്റിലായിട്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വർണമാണ് ഇവയിൽ പതിപ്പിച്ചിരിക്കുന്നത്. അഞ്ച് നീന്തൽ കുളങ്ങളാണ് ഈ പാലസിൽ ഉള്ളത്. 1700 ബെഡ്റൂമുകൾ, 257 ബാത്റൂമുകൾ, 110 ഗ്യാരേജുകൾ, എന്നിവയുമുണ്ട്.
സുൽത്താന് വേണ്ടി ഒരു മൃഗശാലയും ഇവിടെയുണ്ട്. ഇതിൽ മുപ്പത് ബംഗാളി കടുവകളും നിരവധി പക്ഷികളുമുണ്ട്. ബോയിംഗ് 747 വിമാനവും അദ്ദേഹത്തിനുണ്ട്.