ലോകസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ റെക്കോഡിട്ടയാളാണ് രാംവിലാസ് പസ്വാൻ. എന്നാൽ ആ പസ്വാനും തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ ഹാജിപുർ മണ്ഡലത്തിൽ നിന്നും ജനതാ പാർട്ടി സ്ഥാനാർഥിയായി അദ്ദേഹം 4,24,000 വോട്ടിന്റെ ഭൂരിപക്ഷം നേടി ലോക്സഭാ ചരിത്രത്തിൽ തന്നെ റെക്കോഡ് നേടി.
അന്നുവരെ ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. എന്നാൽ പസ്വാനും 1984 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മണ്ഡലമായ ഹാജിപുരിൽ നിന്നു പരാജയപ്പെട്ടു. നിരവധി തവണ വന്പൻ ഭൂരിപക്ഷത്തിന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പസ്വാൻ ഹാജിപുരിൽനിന്നു പരാജയപ്പെട്ടത് വലിയ വാർത്തയായിരുന്നു.
ഇന്ദിരാവധത്തെത്തുടർന്നുണ്ടായ സഹതാപ തരംഗത്തിലാണ് പസ്വാൻ പരാജയപ്പെട്ടത്. ഹാജിപുരിൽ അന്നു വിജയിച്ചത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന റാം രത്തൻ റാമായിരുന്നു. റാം രത്തൻ 3,14,725 വോട്ടുകൾ നേടിയപ്പോൾ റാംവിലാസ് പസ്വാന് 2,63,509 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. പസ്വാൻ മരിച്ചെങ്കിലും പസ്വാന്റെ മകൻ ചിരാഗ് പസ്വാന്റെ പാർട്ടി ഇപ്പോൾ എൻഡിഎയുടെ ഘടകകക്ഷിയായുണ്ട്.
രാജ്യം ശ്രദ്ധിച്ച മറ്റൊരു പരാജയം 1984 ൽ അന്നത്തെ ബിജെപി നേതാവും പിന്നീട് മൂന്നു തവണ പ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടേതായിരുന്നു. അന്ന് അദ്ദേഹം ഗ്വാളിയോറിൽ നിന്ന് ഗ്വാളിയോർ രാജകുമാരനായിരുന്ന മാധവറാവു സിന്ധ്യയോട് കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
മാധവറാവു സ്വന്തം മണ്ഡലമായ ഗുണയിലായിരിക്കും മത്സരിക്കുക എന്നു കരുതിയാണ് വാജ്പേയ് ഗ്വാളിയോറിൽ മത്സരത്തിനിറങ്ങിയത്. വാജ്പേയിയുടെ ജന്മദേശമാണ് ഗ്വാളിയോർ. എന്നാൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ഗ്വാളിയോറിൽ കോൺഗ്രസ് മാധവറാവു സിന്ധ്യയെ തന്നെ പോരിനിറക്കുകയായിരുന്നു.
സിന്ധ്യ 3,07,735 വോട്ടു നേടിയപ്പോൾ വാജ്പേയ്ക്ക് 1,32,141 വോട്ടുകളേ നേടാനായുള്ളൂ. വാജ്പേയിയെ പരാജയപ്പെടുത്തിയതിൽ താൻ അത്യധികം ദുഖിതനായിരുന്നുവെന്ന് പിന്നീട് സിന്ധ്യ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ മാധവറാവുവിന്റെ മകൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തിലാണ് എന്നതും ശ്രദ്ധേയമാണ്.
ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലമായ അമേഠിയിൽ 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്കുണ്ടായ പരാജയവും ഞെട്ടിക്കുന്നതു തന്നെ. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി 4,68,514 വോട്ടുകൾ നേടിയപ്പോൾ രാഹുൽഗാന്ധിക്കു ലഭിച്ചത് 4,13,394 വോട്ടുകളാണ്. തോറ്റ പ്രമുഖരിൽ എൽ.കെ. അഡ്വാനിയും ലാലുപ്രസാദ് യാദവുമൊക്കെയുണ്ട്.
തെരഞ്ഞെടുപ്പു ചരിത്രത്തിലെ രസകരമായ മറ്റൊരു സംഭവം ഒരു സ്ഥാനാർഥി തന്നെ ഒരു തെരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിലായി മൂന്നു ലോക്സഭാ സീറ്റിലേക്ക് മത്സരിച്ചതാണ്. അതു മറ്റാരുമല്ല മുൻ ഉപപ്രധാനമന്ത്രിയും നാലു തവണ ഹരിയാന മുഖ്യമന്ത്രിയുമായ ജനതാദൾ നേതാവ് ചൗധരി ദേവീലാൽ തന്നെ.
പ്രതിപക്ഷത്തായിരുന്നുവെങ്കിലും വൻ ജനസ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു ദേവീലാൽ. 89ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം ആഞ്ഞടിച്ചിരുന്നു. എന്നിട്ടും മൂന്നു സീറ്റിൽ രണ്ടിലും ദേവീലാൽ വിജയിച്ചു കയറി.
ഹരിയാനയിലെ രോഹ്തക് രാജസ്ഥാനിലെ സിക്കാർ എന്നിവിടങ്ങളിൽ വിജയിച്ചു കയറിയപ്പോൾ പഞ്ചാബിലെ ഫിറോസ്പൂരിൽ അദ്ദേഹം തോറ്റു. എങ്കിലും ഈ തെരഞ്ഞെടുപ്പിലെ രണ്ടു സീറ്റുകളിൽ കോൺഗ്രസ് തരംഗം അതിജീവിച്ച് അദ്ദേഹം നേടിയ വിജയം വൻ നേട്ടമായാണ് പ്രതിപക്ഷ പാർട്ടികൾ കണക്കാക്കിയത്.