ഗുരുവായൂർ: ഏകാദശി ആഘോഷങ്ങളുടെ ഭാഗമായുള്ള വിളക്കാഘോഷങ്ങൾക്ക് നാളെ തുടക്കമാവും. ഡിസംബർ 11നാണ് ഏകാദശി. ഇക്കുറി ഉദയാസ്തമനപൂജ ഇല്ലാതെയുള്ള വിളക്കാഘോഷമാണ് നടക്കുന്നത്. ഏകാദശി ദിവസം നടത്താറുള്ള ഉദയാസ്തമനപൂജ തുലാം മാസത്തിലെ ഏകാദശി വരുന്ന നവംബർ 12 ന് നടക്കുന്ന രണ്ടാമത്തെ വിളക്ക് ദിവസം നടക്കും. അന്ന് ദേവസ്വം വക ഏകാദശി വിളക്കാ ഘോഷമാണ്.
വിളക്കാഘോഷങ്ങൾക്ക് രാത്രി ചുറ്റു വിളക്കിന്റെ നാലാമത് പ്രദക്ഷിണത്തിനു വിളക്കുമാടങ്ങളിലെ ആയിരക്കണക്കിന് വിളക്കുകൾ തെളിയിക്കും. മേളത്തിന്റെ അകമ്പടിയിൽ മൂന്ന് ആനകളോടെ വിളക്ക് എഴുന്നള്ളിപ്പും അവസാന പ്രദക്ഷിണത്തിന് വിശേഷാൽ ഇടയ്ക്ക, നാഗസ്വരംവാദ്യവും ഉണ്ടാവും. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ വകയായാണ് 30 ദിവസ ത്തെ വിളക്കാഘോഷം. വിളക്കാഘോഷങ്ങളുടെ ഭാഗമായി കാഴ്ചശീവേലി, മേളം, പഞ്ചവാദ്യം, തായമ്പക, മേല്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ എന്നിവ അരങ്ങേറും.
നാളെ വിളക്ക് തുടങ്ങുന്നത് പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണിയമ്മയുടെ വിളക്കാഘോഷങ്ങളോടെയാണ്. ചൊവ്വാഴ്ച തുലാം മാസത്തിലെ ഏകാദശി ദിവസം ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെ വിളക്കാഘോഷിക്കും. 14 ന് പോസ്റ്റൽ വിളക്ക്,17 ന് കോടതി വിളക്ക്,18 ന് പോലീസ് വിളക്ക്, 21 ന് മർച്ചന്റ്സ് വിളക്ക്, 23 ന് കാനറാ ബാങ്ക് വിളക്ക്, 24 ന് എസ്ബിഐ വിളക്ക്, 25 ന് ഗുരുവായൂർ അയ്യപ്പ ഭജനസംഘത്തിന്റെ വിളക്ക്, 28 ന് ക്ഷേത്രം പത്തുകാരുടെ വിളക്ക്, 30 തന്ത്രിയുടെവിളക്ക്, 10 ന് ഗുരുവായുരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ ദശമി വിളക്കാഘോഷവും 11 ന് ഏകാദശിയുമാണ്.
ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവം 26 ന് തുടങ്ങും. 27 മുതൽ സംഗീതാർച്ചനകൾ ആരംഭിക്കും. ദിവസവും വൈകീട്ട് ആറുമുതൽ പ്രഗത്ഭരുടെ സംഗീത കച്ചേരികളാണ്. ഡിസംബർ 10ന് പഞ്ചരത്ന കീർത്തനാലാപനവും ഗജരാജൻ കേശവൻ അനുസ്മരണവും നടക്കും.
ഏകാദശി ദിവസത്തെ ഉദയാസ്തമനപൂജ: തർക്കം കോടതിയിൽ
ഗുരുവായൂർ: ഏകാദശി ദിവസത്തെ ഉദയാസ്തമനപൂജ മാറ്റിവച്ചതു ചോദ്യംചെയ്ത് തന്ത്രി കുടുംബത്തിലെ ഒൻപത് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി പരാതി സ്വീകരിച്ച് ദേവസ്വത്തോട് വിശദീകരണംതേടി. ഏകാദശി ദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ദർശനസൗകര്യം ഒരുക്കുന്നതിനായാണ് ഉദയാസ്തമന പൂജ മാറ്റിയതെന്നാണു ദേവസ്വം അഭിപ്രായം.
ഉദയാസ്തമന പൂജയുടെ ഭാഗമായി ക്ഷേത്രനട ഇടയ് ക്കിടെ അടക്കേണ്ടിവരുന്നതു പതിനായിരക്കക്കിന് ഭക്തർക്ക് ദർശനം നടത്താൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാക്കുന്നുണ്ട്. ദൈവഹിതവും മുഖ്യതന്ത്രിയുടെ സമ്മതവും ലഭിച്ചശേഷമാണ് ഇക്കാര്യത്തിൽ ദേവസ്വം ഭരണസമിതി തീരുമാനമെടുത്തത്. എന്നാൽ ഉദയാസ്തമനപൂജ മാറ്റിവയ്ക്കുന്നത് ആചാരലംഘനമാണെന്നാണു തന്ത്രി കുടുംബത്തിലെ ഒൻപത് അംഗങ്ങളുടേയും അഭിപ്രായം.