അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ്; 6,000 കുടുംബങ്ങളെ ബാധിക്കും; 1,800 പേര്‍ക്ക് വീട് നഷ്ടമാകും
Saturday, November 16, 2024 4:23 AM IST
കൊ​ച്ചി: അ​ങ്ക​മാ​ലി-​കു​ണ്ട​ന്നൂ​ര്‍ ബൈ​പ്പാ​സ് (ഗ്ലീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ) പ​ദ്ധ​തി​ക്കാ​യി സ്ഥ​ല​വും കെ​ട്ടി​ട​വും വി​ട്ടു​ന​ല്‍​കു​മ്പോ​ള്‍ അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ല്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍. ഭൂ​മി ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് കാ​ല​പ്പ​ഴ​ക്കം ക​ണ​ക്കാ​ക്കാ​തെ ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സം ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും എ​ന്‍​എ​ച്ച്എ​ഐ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പ്ര​ദേ​ശ​ത്ത് ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.

എ​ന്‍​എ​ച്ച് 66ന് ​ഭൂ​മി ഏ​റ്റെ​ടു​ത്ത​പ്പോ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം ക​ണ​ക്കാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ അ​ങ്ക​മാ​ലി-​കു​ണ്ട​ന്നൂ​ര്‍ ബൈ​പാ​സ് പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം ക​ണ​ക്കാ​ക്കി​യാ​കും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക​യെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ നി​ല​വി​ല്‍ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് എ​ന്‍​എ​ച്ച് 544 അ​ങ്ക​മാ​ലി-​കു​ണ്ട​ന്നൂ​ര്‍ ബൈ​പാ​സ് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. സ്ഥ​ല​വും വീ​ടും ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ ആ​ശ​ങ്ക​യ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക​ട​ക്കം നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും കാ​ര്യ​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​സ്യ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ഇ​വ​ര്‍.

6,000 കു​ടും​ബ​ങ്ങ​ളെ പ​ദ്ധ​തി നേ​രി​ട്ടും അ​ല്ലാ​തെ​യും ബാ​ധി​ക്കും. ഇ​തി​ല്‍ 1800 പേ​ര്‍​ക്ക് വീ​ടും ക​ട​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ ന​ഷ്ട​മാ​കും. ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളും പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രും. ആ​ലു​വ, കു​ന്ന​ത്തു​നാ​ട്, ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്കു​ക​ളി​ലെ 18 വി​ല്ലേ​ജു​ക​ളി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന​ത്. 280 ഹെ​ക്ട​റോ​ളം ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.

പ​ദ്ധ​തി​ക്ക് ത​ങ്ങ​ള്‍ എ​തി​ര​ല്ലെ​ന്നും വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം മാ​ത്ര​മാ​ണ് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്നും എ​ന്‍​എ​ച്ച് 544 അ​ങ്ക​മാ​ലി-​കു​ണ്ട​ന്നൂ​ര്‍ ബൈ​പാ​സ് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സ​ജി കു​ടി​യി​രി​പ്പി​ല്‍ പ​റ​ഞ്ഞു.

കളക്ടറേറ്റ് ധര്‍ണ 19ന്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വ ത്തില്‍ 19ന് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ സംഘടപ്പിക്കും. ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം ചെയ്യും.

എംപിമാരായ ഹൈബി ഈഡന്‍, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, എൽദോസ് കുന്നപ്പിള്ളി, കെ. ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. പദ്ധതി പ്രദേശത്തെ 18 വില്ലേജുകളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ ധര്‍ണയില്‍ പങ്കെടുക്കും.

പ്രധാന ആവശ്യങ്ങള്‍

ഭൂമി അടക്കമുള്ള വസ്തുവകകള്‍ ഏറ്റെടുക്കുന്നതും മറ്റു ഇതര ആനുകൂല്യങ്ങള്‍ നിശ്ചയിക്കുന്നതും 2013 എല്‍എആര്‍ ആര്‍ ആക്ട് പ്രകാരമായിരിക്കണം.

എന്‍എച്ച് 66ന് ഭൂമി ഏറ്റെടുത്തപ്പോള്‍ നല്‍കിയ എല്ലാ നഷ്ടപരിഹാരവും അങ്കമാലി-കുണ്ടന്നൂര്‍ എന്‍എച്ച് 544 ബൈപ്പാസിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കുക.

ഭൂമി ഏറ്റെടുക്കുമ്പോള്‍ കെട്ടിടങ്ങള്‍ക്ക് കാലപ്പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുക.

മിച്ചം വരുന്ന ഉപയോഗശൂന്യമായ ഭൂമിക്കും നഷ്ടപരിഹാരം അനുവദിക്കുക.

നിലവും ഇപ്പോള്‍ പുരയിട സ്വഭാവവും ഉള്ള ഭൂമിക്ക് ഹൈക്കോടതി ഉത്തരവ് പ്രകാരം പുരയിടത്തിന്‍റെ വില നല്‍കുക.

നിലവിലുള്ള എല്ലാ റോഡുകളും നിലനിർത്തി ക്കൊണ്ടായിരിക്കണം പുതിയ ബൈപ്പാസിന്‍റെ നിര്‍മാണം.

ജലസേചനത്തിന് ഉപയോഗിക്കുന്ന കനാലുകള്‍ അടക്കമുള്ളവ സംരക്ഷിച്ച് വേണം നിര്‍മാണം.
റെയില്‍വേ മേല്‍പ്പാലം, പാലം എന്നിവയിലേക്ക് സര്‍വീസ് റോഡില്‍ നിന്ന് പ്രവേശനം
അനുവദിക്കണം.