കൊച്ചി: ജില്ലയിലെ സിപിഎം ഏരിയ സമ്മേളനങ്ങൾക്ക് നാളെ തുടക്കമാകും. ജില്ലയിലെ ആദ്യ സമ്മേളനമായ എറണാകുളം ഏരിയ സമ്മേളനം പനമ്പിള്ളി നഗർ റോട്ടറി ക്ലബ് ഹാളിൽ സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്യും. നാളെത്തന്നെയാണ് കവളങ്ങാട് ഏരിയാ സമ്മേളനം. സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്യും. 45 ദിവസത്തെ സമ്മേളന ഷെഡ്യൂളിൽ അവസാനത്തേതായ ആലുവ ഏരിയാ സമ്മേളനം ശ്രീമൂലനഗരം എസ്എൻഡിപി ഹാളിൽ ഡിസംബർ 28ന് പി.രാജീവ് ഉദ്ഘാടനം ചെയ്യും.
എറണാകുളം, കവളങ്ങാട്, കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി, ആലുവ, നോർത്ത് പറവൂർ, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, കോലഞ്ചേരി, കൂത്താട്ടുകുളം, മൂവാറ്റുപുഴ, വൈപ്പിൻ, കൊച്ചി, പള്ളുരുത്തി എന്നീ 16 ഏരിയാ സമ്മേളനങ്ങൾ കേന്ദ്ര,സംസ്ഥാന നേതാക്കളായ പി.രാജീവ്, സി.എൻ.മോഹനൻ, എസ്.ശർമ്മ, കെ.ചന്ദ്രൻപിള്ള, സി.എം. ദിനേശ് മണി, ഗോപി കോട്ടമുറിക്കൽ, എസ്. സതീഷ് എന്നിവർ ഉദ്ഘാടനം ചെയ്യും. 262 ബ്രാഞ്ചുകളും 14 ലോക്കൽ കമ്മറ്റികളുമുള്ള തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിയാണ് ജില്ലയിൽ ഏറ്റവും വലുത്.
90 ബ്രാഞ്ചുകളും ആറു ലോക്കൽ കമ്മറ്റികളുമുള്ള കവളങ്ങാട് ഏരിയാ കമ്മറ്റിയാണ് താഴെത്തട്ടിലുള്ളത്. സെപ്റ്റംബറിൽ ആരംഭിച്ച ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തീകരിച്ചശേഷമാണ് പാർട്ടി ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നിരിക്കുന്നത്. 2025 ജനുവരിയിൽ എറണാകുളം ടൗൺ ഹാളിലാണ് ജില്ലാ സമ്മേളനം.