മൂവാറ്റുപുഴ: സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ദീപിക ഫ്രണ്ട്സ് ക്ലബ് കോതമംഗലം രൂപത കണ്‍വൻഷനും പ്രവർത്തനവർഷോദ്ഘാടനവും മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രശ്നങ്ങളിൽ നിർണായകമായ സ്വാധീനം ചെലുത്താൻ മാധ്യമങ്ങൾക്ക് കഴിയും. മുനന്പത്തെ ജനങ്ങൾ അനുഭവിക്കുന്ന നൊന്പരങ്ങൾ ആദ്യമായി സമൂഹത്തിനു മുന്നിൽ എത്തിച്ചത് ദീപികയാണ്. പിന്നീടാണ് പലരും ഈ രംഗത്തേക്ക് കടന്നുവരുന്നത്. ഇവിടുത്തെ ജനങ്ങളെ സംരക്ഷിക്കാൻ ഒരു രാഷ്ട്രീയക്കാരുമില്ലാത്ത അവസ്ഥയാണ്. അതിനാൽ നാം ഒരുമിച്ചു നിൽക്കണം. സാമൂഹിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗങ്ങളിലെല്ലാം മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ബിഷപ് പറഞ്ഞു.
ഡിഎഫ്സി രൂപത പ്രസിഡന്റ് ടോം ജെ. കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ, സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിൽ എന്നിവർ ക്ലാസ് നയിച്ചു.
വികാരി ജനറാൾ മോണ്‍. വിൻസെന്റ് നെടുങ്ങാട്ട്, രാഷ്ട്രദീപിക ഡയറക്ടർ ബോർഡംഗം റവ. ഡോ. തോമസ് പോത്തനാമുഴി, ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ, സംസ്ഥാന പ്രസിഡന്റ് ജോർജ് വടക്കേൽ, സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി, രാഷ്ട്രദീപിക അഡ്വൈസറി ബോർഡ് അംഗങ്ങളായ മിന്നൽ ജോർജ്, ജേക്കബ് മിറ്റത്താനിക്കൽ, ഡിഎഫ്സി രൂപത വനിതാ വിഭാഗം പ്രസിഡന്റ് ബെറ്റി കോരച്ചൻ, ജനറൽ സെക്രട്ടറിമാരായ ഡിഗോൾ കെ. ജോർജ്, ഷീല രാജു, വനിത വിഭാഗം ട്രഷറർ കുസുമം ജോണ്‍ എന്നിവർ പ്രസംഗിച്ചു.
ഡിഎഫ്സി ഭാരവാഹികളായ ജേക്കബ് ഇരമംഗലത്ത് (കുട്ടപ്പായി), ജോർജ് തോമസ്, സിബി പൊതൂർ, പോൾ ലൂയിസ്, ലോറൻസ് ഏബ്രഹാം, ഷാജ് തോമസ് ജോണ്‍, മോണ്‍സി മങ്ങാട്ട്, സിനി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.