നെടുമ്പാശേരി: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ചെങ്ങമനാട് ഗവ. എൽപി സ്കൂളിൽ സംഘടിപ്പിച്ച പ്രകൃതിദത്ത ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം രുചി ഉത്സവമായി. സ്കൂളിലെ 200 ഓളം വിദ്യാർഥികൾ വീടുകളിൽ തയാറാക്കിയ കാലഘട്ടത്തിനനുസൃതമായ ആവിയിൽ വേവിച്ച പഴമയുടെ സ്മരണ പകർന്ന വ്യത്യസ്ഥങ്ങളായ ഭക്ഷ്യ വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്.
ഉന്നക്കായ, മോമോസ്, പുഡിങ്, മൾട്ടി ഗ്രേയിൻ ലഡു, പാൽ കൊഴുക്കട്ട, വിവിധ പായസങ്ങൾ, ബനാന കേക്ക്, പനിയാരം, കുമ്പിളപ്പം, മോദകം, റവ പുഡിംഗ്, മാർബിൾ കേക്ക്, ഇലയട, അരിയുണ്ട, കപ്പ, ചമ്മന്തി, കിണ്ണത്തപ്പം, നെയ്യപ്പം, ഇടനയില അട, ഓട്ടട തുടങ്ങിയ നിരവധി രുചിയൂറും വിഭവങ്ങളാണ് പ്രദർശനത്തിനൊരുക്കിയത്. രക്ഷിതാക്കളും, അധ്യാപകരും, ജനപ്രതിനിധികളും, മുതിർന്ന വിദ്യാർഥികളും അടക്കം നിരവധി പേർ പ്രദർശനം കാണാനും വിഭവങ്ങൾ രുചിക്കാനും സ്കൂളിലെത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. അസീസ് മേള ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷക്കീല മജീദ് സന്ദേശം നൽകി. എസ്എംസി ചെയർമാൻ ഉമേഷ് ശിവൻ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് ആർ. രജനി, അധ്യാപകൻ സി. ഇസ്മയിൽ, സ്കൂൾ വികസന സമിതി ചെയർമാൻ മുഹമ്മദലി ചെങ്ങമനാട്, റെജി ജോൺ, കെ.കെ. മുബീന, വി.കെ. മുനീറ തുടങ്ങിയവർ സംസാരിച്ചു.