` മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലാ കലോത്സവവത്തിന് വാളകം മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
എഇഒ കെ.വി. ബെന്നി പതാക ഉയർത്തി കലോത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റ് മാർ ക്രിസോസ്റ്റമോസ് മർക്കോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഇഎഇ സ്കൂൾ മാനേജർ ഫാ. തോമസ് മാളിയേക്കൽ കലോത്സവ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ലോഗോ ഡിസൈൻ ചെയ്ത വിദ്യാർഥിക്കും സ്കൗട്ട് ആന്‍ഡ് ഗൈഡ് ലോംഗ് സർവീസ് സംസ്ഥാന പുരസ്കാരം നേടിയ എൽദോ കുര്യാക്കോസിനെയും ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൾസി എൽദോസ്, ജില്ലാ പഞ്ചായത്തംഗം ഷാന്റി ഏബ്രഹാം, രമ രാമകൃഷ്ണൻ, സാറാമ്മ ജോണ്‍, ലിസി എൽദോസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിവർ പങ്കെടുത്തു.
മൂവാറ്റുപുഴ നഗരസഭയിലെയും വാളകം, പായിപ്ര, മാറാടി, ആരക്കുഴ, ആവോലി, ആയവന പഞ്ചായത്തുകളിൽ നിന്നുള്ള 4000ത്തോളം കുട്ടികൾ എട്ട് വേദികളിലായി 307 ഇനങ്ങളിൽ മാറ്റുരയ്ക്കും. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് അറബി കലോത്സവം, സംസ്കൃതോത്സവം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.