കോ​ട്ട​ക്ക​ല്‍ ആ​ലി​ക്ക​ല്‍ ഇ​ര​ട്ട​ക്കൊ​ല ; ഒന്പതു പ്ര​തി​ക​ളെയും വെ​റു​തെവി​ട്ടു
Saturday, November 16, 2024 4:23 AM IST
കൊ​ച്ചി: കോ​ട്ട​ക്ക​ല്‍ ആ​ലി​ക്ക​ല്‍ ജു​മാ​മ​സ്ജി​ദ് ഇ​ര​ട്ട​ക്കൊ​ലക്കേ​സി​ലെ ഒ​മ്പ​ത് പ്ര​തി​ക​ളെ​യും ഹൈ​ക്കോ​ട​തി വെ​റു​തെ​വി​ട്ടു. സാ​ക്ഷി​മൊ​ഴി​ക​ള്‍ വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും കു​റ്റാ​രോ​പ​ണ​ങ്ങ​ള്‍ സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും വി​ല​യി​രു​ത്തി​യാ​ണ് കോ​ട്ട​ക്ക​ല്‍ കു​റ്റി​പ്പു​റം ആ​ലി​ക്ക​ല്‍ ജു​മാ​മ​സ്ജി​ദി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​ത്.

മ​ഞ്ചേ​രി അ​ഡീ. സെ​ഷ​ന്‍​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച പ്ര​തി​ക​ളാ​യ അ​ബ്ദു സു​ഫി​യാ​ന്‍, യൂ​സ​ഫ് ഹാ​ജി, മു​ഹ​മ്മ​ദ് ന​വാ​സ്, ഇ​ബ്രാ​ഹിം കു​ട്ടി, മു​ജീ​ബ് റ​ഹി​മാ​ന്‍, സെ​യ്ത​ല​വി, അ​ബ്ദു ഹാ​ജി, മൊ​യ്തീ​ന്‍​കു​ട്ടി, അ​ബ്ദു​ല്‍ റ​ഷീ​ദ്, ബീ​രാ​ന്‍ എ​ന്നി​വ​രെ​യാ​ണ് ജ​സ്റ്റീ​സ് പി.​ബി. സു​രേ​ഷ്‌​കു​മാ​ര്‍, ജ​സ്റ്റീ​സ് സി. ​പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് വെ​റു​തെ വി​ട്ട​ത്. സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ക​ള്‍ ന​ല്കി​യ അ​പ്പീ​ല്‍ ഹ​ര്‍​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

പ​ള​ളി​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ മ​ഹ​ല്ല് ഖാ​സി​യെ പി​രി​ച്ചു​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് 2008 ഓ​ഗ​സ്റ്റ് 29നാ​യി​രു​ന്നു കൊ​ല​പാ​ത​കം. പു​ളി​ക്ക​ല്‍ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക്ക​ളാ​യ അ​ബ്ദു (45), അ​ബൂ​ബ​ക്ക​ര്‍ (50) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രാ​തി​ക്കാ​ര​നാ​യ അ​ഹ​മ്മ​ദ്കു​ട്ടി​യെ​ന്ന കു​ഞ്ഞാ​വ ഹാ​ജി​യും കൊ​ല്ല​പ്പെ​ട്ട അ​ബ്ദു​വും അ​ബു​ബ​ക്ക​റും ജു​മു​അ ന​മ​സ്‌​കാ​ര​ത്തി​നാ​യി പ​ള്ളി​യി​ലെ​ത്തി​യ​താ​യി​രു​ന്നു.

സം​ഘ​ര്‍​ഷ​ത്തി​ല്‍ 13 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം, മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ല്‍, അ​ക്ര​മ​ത്തി​നി​ടെ പ്ര​തി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം പ്രോ​സി​ക്യൂ​ഷ​ന് ന​ല്‍​കാ​നാ​യി​ട്ടി​ല്ലെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ല​യി​രു​ത്തി.