വി.വി.അഗസ്റ്റിന്റെ ആത്മകഥ പ്രകാശനം ചെയ്തു
കൊച്ചി: വ്യക്ത്യധിഷ്ടിതമായ അനുഭവങ്ങൾക്കപ്പുറം സാമൂഹ്യധാരകളോട് ഇഴചേർന്ന ജീവിതയാത്രയെ ലളിതവും ഹൃദ്യവുമായി അവതരിപ്പിക്കുന്ന ഒരു വ്യത്യസ്തമായ ആത്മകഥ വായനക്കാരിലേക്ക്.
ദേശീയ ന്യൂനപക്ഷ കമ്മീഷന് അംഗം, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ്, ടെക്നോളജിസ്റ്റ്, സംരംഭകന്, കെവിവിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച വി.വി.അഗസ്റ്റിന്റെ ജീവചരിത്രം- "മറയില്ലാതെ മറവിയില്ലാതെ' എന്ന ഗ്രന്ഥം, മലയാളിയുടെ വായനാവഴികളിൽ വ്യത്യസ്തമായ അനുഭവമാണു സമ്മാനിക്കുന്നത്.
കേരളത്തിൽ ജനിച്ചു, കേരളത്തിനു പുറത്ത് ഔദ്യോഗിക ജീവിതം നയിച്ച്, മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമായി വ്യാപിച്ച വ്യവസായശൃംഖലയുടെ സാരഥിയായി, ഒപ്പം പൊതുപ്രവർത്തനരംഗങ്ങളിൽ സവിശേഷ സാന്നിധ്യമായും തിളങ്ങിയ ശ്രദ്ധേയവ്യക്തിത്വമാണു വി.വി. അഗസ്റ്റിൻ.
അതിലുപരി മണ്ണിനെ അറിയുന്ന നല്ല കൃഷിക്കാരൻ. എല്ലാ അർഥത്തിലും സാഹസികവും സംഭവബഹുലവുമായ ജീവിതാനുഭവങ്ങളുടെ വേറിട്ട അക്ഷരവിരുന്നാവുകയാണു "മറയില്ലാതെ മറവിയില്ലാതെ' എന്ന ഗ്രന്ഥം.
അനുഭവങ്ങളുടെ ആവിഷ്കാരം
ഓർമവച്ച നാൾ മുതൽ നാട്ടിലും ഔദ്യോഗിക, സാമൂഹിക പരിസരങ്ങളിലും വിചാരങ്ങളിലുമൊക്കെ കണ്ടതും കേട്ടതും മനസിലാക്കിയതും തിരിച്ചറിഞ്ഞതുമായ ജീവിതാനുഭവങ്ങൾ പലപ്പോഴായി കുറിച്ചുവച്ചിരുന്നെന്നു ഗ്രന്ഥകാരൻ പറയുന്നു.
പല സാഹചര്യങ്ങളിലെയും സത്യങ്ങൾ വിളിച്ചുപറയാനുള്ള ഉത്തരവാദിത്വവും എഴുത്തിലൂടെ നിർവഹിക്കാൻ ശ്രമിക്കുന്നുണ്ട്. അനുഭവങ്ങളുടെ മൂശയിൽ മാറ്റുതെളിഞ്ഞവ ആധാരമാക്കി മാത്രമേ എക്കാലവും നിലപാടുകൾ കൈക്കൊണ്ടിട്ടുള്ളൂ.
ഔദ്യോഗിക ജീവിതത്തിലെയും രാഷ്ട്രീയ നിലപാടുകളിലെയും ചുവടുമാറ്റങ്ങളിലെയും അന്തർധാരകളുടെ സൂക്ഷ്മമായ അവലോകനവും പുസ്തകത്തിൽ പരാമർശിക്കുന്നു - വി.വി. അഗസ്റ്റിൻ പറഞ്ഞു. നിലവിൽ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി ചെയര്‍മാനാണ് ഗ്രന്ഥകാരൻ.
അക്ഷരാശംസകളുമായി കർദിനാൾ
"മറയില്ലാതെ മറവിയില്ലാതെ' എന്ന ഗ്രന്ഥത്തിൽ ആശംസാവാക്കുകളുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കുറിപ്പുണ്ട്. അസാധാരണമായ അനുഭവങ്ങളാൽ സന്പന്നമാണ് വി.വി. അഗസ്റ്റിന്റെ ആത്മകഥയെന്ന് അദ്ദേഹം കുറിക്കുന്നു.
ഇറാൻ -ഇറാഖ് യുദ്ധകാലത്ത് മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമായി വ്യാപിച്ചുകിടന്ന വലിയ വ്യവസായ ശൃംഖലയുടെ ഉടമയായിരുന്നു അഗസ്റ്റിൻ. യുദ്ധം കൊടുന്പിരിക്കൊണ്ടതോടെ അതെല്ലാം ഉപേക്ഷിച്ച്, അദ്ദേഹത്തിനു പലായനം ചെയ്യേണ്ടിവന്നു.
ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ അന്നു രക്ഷപ്പെട്ട സംഭവങ്ങൾ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ജീവിതാനുഭവങ്ങളെ ഹൃദ്യമായും ലളിതമായും സരസമായും വിവരിക്കുന്നതാണ് ആത്മകഥ.
ജീവിതത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ തനതായ സംഭാവനകൾ നൽകിയ വി.വി. അഗസ്റ്റിന്റെ ആത്മകഥ വായനക്കാർക്കു പ്രചോദനമാകട്ടെയെന്നും മാർ ആലഞ്ചേരി തന്റെ കുറിപ്പിൽ പറയുന്നു.
34 അധ്യായങ്ങൾ
മുഖവുരയ്ക്കും ആശംസയ്ക്കും പുറമേ, 34 അധ്യായങ്ങളിലായാണു "മറയില്ലാതെ മറവിയില്ലാതെ' എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം. 1971-ലെ ഇന്ത്യ പാക്കിസ്ഥാന് യുദ്ധം, പേര്‍ഷ്യന്‍ ഭരണാധികാരി ഷായുടെ വീഴ്ച, റിപ്പബ്ലിക് ഓഫ് ഇറാന്റെ പിറവി, ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ പ്രവര്‍ത്തന രീതി, ലണ്ടനിലെ അനുഭവങ്ങൾ, ചന്പൽ താഴ്വരയിലെ കാഴ്ചകൾ, വനയാത്ര,
ഇഎംഎസ്, എൽ.കെ. അധ്വാനി ഉൾപ്പടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള സൗഹൃദം തുടങ്ങിയ വിശേഷങ്ങൾ തന്മയത്വത്തോടെ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിൽ ഇടം നേടിയ വിവിധ സംഭവങ്ങള്‍ക്ക് സാക്ഷിയായതിന്റെ വേറിട്ട വിവരണങ്ങളും ആത്മകഥയിലുണ്ട്.
കെസിബിസി ആസ്ഥാനത്ത് പ്രകാശനം
കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ നടന്ന ചടങ്ങിലായിരുന്നു "മറയില്ലാതെ മറവിയില്ലാതെ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം. സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ ഡോ.കെ.എസ്.രാധാകൃഷ്ണന് നിർവഹിച്ചു. സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക, ഉദ്യോഗസ്ഥ രംഗങ്ങളിലെ പ്രമുഖർ പ്രകാശന ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി.