കോട്ടങ്ങൽ: ചുങ്കപ്പാറ - ആലപ്രക്കാട്ട് - കോട്ടാങ്ങൽ റോഡ് ഉന്നത നിലവാരത്തിൽ പണികൾ പൂർത്തിയാക്കിയിട്ടും റോഡരികിലെ കാട് സുഗമമായ യാത്രയ്ക്കു തടസമാകുന്നു.
റോഡിന്റെ ഇരുവശത്തും കാടും മുൾപ്പടർപ്പു നിറഞ്ഞതു കാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ സഞ്ചരിക്കുന്ന റോഡാണിത്.
സർവീസ് ബസുകളടക്കം കടന്നുപോകുന്ന പാതയിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലുമാകുന്നില്ല. വാഹനങ്ങൾ വരുന്പോൾ കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
കാൽനടക്കാരും ഇരുചക്ര യാത്രക്കാരും റോഡരികിലെ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നതും പതിവ്. കാടു കാരണം പ്രദേശത്ത് മാലിന്യങ്ങൾ തള്ളുന്നതും നിത്യ സംഭവം.കാട്ടുപന്നി, കുറുനരി, പെരുമ്പാമ്പ് തെരുവുനായ്ക്കളുടെ ശല്യവും അതിരൂക്ഷമാണ്.
തെരുവുവിളക്കുകൾ പ്രകാശിക്കാത്തതുമൂലം പ്രഭാത സവാരിക്കാർ പത്രവിതരണക്കാർ, ട്യുഷൻ വിദ്യാർഥികൾ തുടങ്ങി പുലർച്ചെ യാത്ര ചെയ്യുന്നവർ ഏറെ ബുദ്ധിമുട്ടിലാണ്.
റോഡ് പുനർനിർമാണ പദ്ധതിയിൽ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യാനും ക്രാഷ് ബാരിയറുകൾ, സൂചനാ ബോർഡുകൾ എന്നിവ സ്ഥാപിക്കാൻ പദ്ധതിയുണ്ടായിരുന്നതായി പറയുന്നു. എന്നാൽ ഇതൊഴിവാക്കിയാണ് നിർമാണം നടത്തിയത്.
റോഡിലൂടെയുള്ള യാത്ര സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പുല്ലാന്നിപ്പാറയിൽ ചേർന്ന പ്രദേശവാസികളുടെ യോഗം ആവശ്യപ്പെട്ടു.
ഷാജി തിരുനെല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ പഞ്ചാത്ത് അംഗം കുഞ്ഞുമോൾ ജോസഫ്, ജോസി ഇല ഞ്ഞിപ്പുറം, മാത്യു തുണ്ടിയിൽ, ഷാജി കണയിങ്കൽ, സിബി കുറ്റിപ്പുറം, റോയി വെള്ളിക്കര,
ജോഷി തിരുനെല്ലൂർജോയി കുറ്റിപ്പുറം,തോമസ് കൈയ്പയിൽ, ജോസഫ് ആന്റണി , എം.കെ. ജോസഫ്, വക്കച്ചൻ കൊല്ലാറ, അപ്പച്ചൻ കണയിങ്കൽ, റിജു കൂട്ടുങ്കൽ, തോമസ് കാവുംമുറി , ബിനോ പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു.